ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു; തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

Posted on: December 26, 2017 11:45 pm | Last updated: December 26, 2017 at 11:35 pm

തലശ്ശേരി: പ്രസവ ശുശ്രൂഷക്കിടയില്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ലേബര്‍ ഐ സി യു വില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കൂത്തുപറമ്പ് വട്ടിപ്രം സ്വദേശി മാണിക്കോത്ത് വയലിലെ നന്ദനത്തില്‍ മനോജ് കുമാറിന്റെ ഭാര്യ മട്ടന്നൂര്‍ തില്ലങ്കേരി ആലാച്ചിയിലെ ചെമ്പ്രത്തും കണ്ടി രമ്യ (30)യാണ് ഗര്‍ഭസ്ഥ ശിശുവിനോടൊപ്പം മരണപ്പെട്ടത്.

രണ്ടാമത്തെ പ്രസവത്തിനായി രണ്ടു ദിവസം മുമ്പാണ് രമ്യ ആശുപത്രിയിലെത്തിയത്. ലേബര്‍ വാര്‍ഡിലുള്ള യുവതിക്ക് തിങ്കളാഴ്ച രാത്രി ഒമ്പതോടെ അസ്വാസ്ഥ്യം വന്നു. ഉടന്‍ ലേബര്‍ വാര്‍ഡിലും തൊട്ടടുത്ത ഐ സി യു വിലും പ്രവേശിപ്പിച്ചു. പുറത്ത് കാത്തുനിന്ന ബന്ധുക്കളോട് മണിക്കൂറുകള്‍ക്ക് ശേഷം ഇന്നലെ പുലര്‍ച്ചയോടെ ഗര്‍ഭിണി മരിച്ചതായി അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണ് രമ്യ മരിക്കാനിടയായതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ബഹളം വച്ചു. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയായി. സ്ത്രീകളുടെ വാര്‍ഡിന്റെ ഗ്രില്‍സുകള്‍ ഇളക്കി. പോലീസെത്തിയാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്. മരണപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇന്നലെ രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗര്‍ഭിണിയായിരിക്കെ രക്തസമ്മര്‍ദം കുറവായതിനെ തുടര്‍ന്ന് പത്തു ദിവസം രമ്യയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗൈനോക്കോളജിസ്റ്റ് സുജ അജിത്തിനെയാണ് കാണിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എട്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. യദുനന്ദന്‍ എക മകനാണ്. ആലാച്ചിയിലെ നാണു – ശോഭന ദമ്പതികളുടെ മകളാണ് രമ്യ. റജീഷ്, പ്രവീണ്‍, ജയശ്രീ, ദിവ്യശ്രീ, രമിഷ സഹോദരങ്ങളാണ്. സഹോദരി ചികിത്സക്കിടയില്‍ മരിക്കാനിടയായ സംഭവത്തില്‍ രജീഷ് ആശുപത്രി സുപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. എസ് ഐ സുരേഷിന്റെ നേതൃത്വത്തില്‍ ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷ ഒരുക്കി.