നിയന്ത്രണ രേഖയില്‍ ഇന്ത്യ തിരിച്ചടിച്ചു; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: December 26, 2017 9:29 am | Last updated: December 26, 2017 at 11:17 am

ശ്രീനഗര്‍: പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ മൂന്ന് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇക്കാര്യം പാകിസ്താന്‍ സൈന്യത്തിന്റെ പ്രചാരണവിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് സര്‍വീസസ് അവരുടെ വെബ്‌സൈറ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നിയന്ത്രണ രേഖയിലെ റൗലകോട്ട് സെക്ടറില്‍ റാഖ്ചിക്രിയില്‍ ആണ് ഇന്ത്യ വെടിവയ്പ് നടത്തിയത്. മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് പറയുന്നു. പാകിസ്താന്‍ അധീന കശ്മീരിന്റെ ഭാഗമാണ് റൗലകോട്ട്.

ഏറ്റുമുട്ടലിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രജൗരി ജില്ലയില്‍ നിയന്ത്ര രേഖയ്ക്കു സമീപം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്റെ പ്രകോപനരഹിതമായ വെടിവയ്പില്‍ ഇന്ത്യയ്ക്ക് നാലു സൈനികരെയാണ് നഷ്ടപ്പെട്ടത്. സൈനിക ഓഫീസര്‍ മനോഹര്‍ പ്രഫുല്ല അമ്ബാദാസ്, ലാന്‍സ് നായിക് ഗുര്‍മില്‍ സിംഗ്, നായിക് കുല്‍ദീപ് സിംഗ്, ശിപായി പര്‍ഗത് സിംഗ് എന്നിവരാണ് വീരമൃത്യൂവരിച്ചത്. ഒരു സൈനികന് പരുക്കേറ്റിരുന്നു.