ആര്‍കെ നഗര്‍: എഐഎഡിഎംകെ യോഗത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ വിട്ടുനിന്നു

Posted on: December 25, 2017 4:57 pm | Last updated: December 26, 2017 at 10:04 am

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന എഐഎഡിഎംകെ യോഗത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ വിട്ടുനിന്നു. ദണ്ഡിഗല്‍ ശ്രീനിവാസന്‍, കടമ്പൂര്‍ രാജു, രാജേന്ദ്ര ബാലാജി എന്നിവരാണ് വിട്ടുനിന്നത്. അതേസമയം, തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരനെ പിന്തുണച്ച ആറ് പാര്‍ട്ടി ഭാരവാഹികളെ പുറത്താക്കി. എസ് വെട്രിവേല്‍, തങ്കതമിള്‍ സെല്‍വന്‍, രംഗസ്വാമി, മുത്തത്തായ്യ, വി പി കലൈരാജന്‍, ഷോളിംഗ് പ്രതിഭാന്‍ എന്നിവരെയാണ് പുറത്താക്കിയത്. ഇവരെല്ലാം തന്നെ നേരത്തെ ദിനകരന് പിന്തുണ പ്രഖ്യാപിച്ചവരാണ്. ഇരുവിഭാഗമായി പിരിഞ്ഞെങ്കിലും ദിനകരനെ പിന്തുണക്കുന്ന പലരും ഇപ്പോഴും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുണ്ട്.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി
വിമത നേതാവായ ടി ടി വി ദിനകരന്‍ ഉജ്ജ്വല ജയം നേടിയത് തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയെ ഞെട്ടിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി മേധാവിയുമായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ഉപതിരഞ്ഞെടുപ്പില്‍, 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദിനകരന്‍ വിജയിച്ചത്. എഐഎഡിഎംകെയുടെ ഇ മധുസൂദനന്‍ ആയിരുന്നു മുഖ്യ എതിരാളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ദിനകരന്‍ 89,013 വോട്ട് നേടിയപ്പോള്‍ മധുസൂദനന് 48,306 വോട്ട് നേടാനേ സാധിച്ചുള്ളൂ. ഡിഎംകെയുടെ എന്‍ മരുതു ഗണേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

എഐഎഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തില്‍ ജനവിധി തേടിയപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച ദിനകരന് ‘പ്രഷര്‍ കുക്കര്‍’ ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. സ്വതന്ത്രനായാണ് മത്സരിച്ചതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണെന്ന് ദിനകരന്‍ പറഞ്ഞു. 2001 മുതല്‍ തുടര്‍ച്ചയായി എഐഎഡിഎംകെ വിജയിക്കുന്ന മണ്ഡലമാണ് ആര്‍ കെ നഗര്‍.

 

 

ഡി എം കെക്ക് കെട്ടിവെച്ച കാശ് നഷ്ടമായത് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന് തിരിച്ചടിയായി. അതേസമയം, ബി ജെ പി സ്ഥാനാര്‍ഥി നോട്ടക്ക് (2,373) പിന്നില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി ജെ പി സ്ഥാനാര്‍ഥിയായ കെ നാഗരാജന് വെറും 1,417 വോട്ടാണ് ലഭിച്ചത്. ദിനകരന്റെ വിജയം പ്രഖ്യാപിച്ചതോടെ അനുയായികള്‍ പടക്കം പൊട്ടിച്ചും മധുരം നല്‍കിയും ആഘോഷിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ വീഴുമെന്ന് ഫല പ്രഖ്യാപനം വരുന്നതിന് മുമ്പ് മധുര വിമാനത്താവളത്തില്‍ ദിനകരന്‍ പറഞ്ഞു. തമിഴ്‌നാട് ജനതയുടെ വികാരമാണ് ആര്‍ കെ നഗറില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന മണ്ഡലത്തില്‍ 21നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷത്തില്‍ ജയലളിതയുടെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ദിനകരന്‍ വിജയിച്ചത്. എ ഐ എ ഡി എം കെയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തില്‍ ജനവിധി തേടിയപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച ദിനകരന് ‘പ്രഷര്‍ കുക്കര്‍’ ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. സ്വതന്ത്രനായാണ് മത്സരിച്ചതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണെന്ന് ദിനകരന്‍ പറഞ്ഞു. 2001 മുതല്‍ തുടര്‍ച്ചയായി എ ഐ എ ഡി എം കെ വിജയിക്കുന്ന മണ്ഡലമാണ് ആര്‍ കെ നഗര്‍.
ഭരണകക്ഷിയായ എ ഐ എ ഡി എം കെക്കും പാര്‍ട്ടിവിട്ട ശേഷം തിരിച്ചെത്തിയ ഉപ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനും ഒരു പോലെ നിര്‍ണായകമായിരുന്നു ഉപതിരഞ്ഞെടുപ്പ്. പണം നല്‍കിയാണ് ദിനകരന്റെ വിജയമെന്നാരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനേറ്റ ഹിമാലയന്‍ പരാജയമാണ് ആര്‍ കെ നഗറിലേതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ശബ്ദത പാലിച്ചെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടന്നതെങ്കിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
ശശികലയുടെ അനന്തരവനായ ദിനകരന്‍ 1999 മുതല്‍ 2004 വരെ പെരിയാകുളം മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്‌സഭാംഗമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കൈക്കൂലി കൊടുത്തെന്ന കേസിലും വിദേശ പണവിനിമയ കേസിലും പ്രതിയാണ് അദ്ദേഹം.