സ്വദേശിവത്കരണം ഫലം കണ്ടു; സഊദിയില്‍ ലക്ഷക്കണക്കിന് സ്വദേശി യുവാക്കള്‍ക്ക് ജോലിയായി

ജിദ്ദ
Posted on: December 23, 2017 11:17 pm | Last updated: December 23, 2017 at 11:17 pm

പൊതുമാപ്പ് പ്രഖ്യാപനവും സ്വദേശിവത്കരണവും സഊദി തൊഴില്‍ മേഖലയെ മാറ്റത്തിലെത്തിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം 1,21,766 സഊദി യുവ ജനം തൊഴില്‍ മേഖലയില്‍ പ്രവേശിച്ചതായി സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ഈ വര്‍ഷം സെപ്തംബറില്‍ മാത്രം തൊഴില്‍ മേഖലയില്‍ പ്രവേശിച്ചത് 28,000 സഊദി യുവതീ യുവാക്കളാണ്. ആഗസ്തില്‍ ഇത് 5000 ആയിരുന്നു.
സ്വദേശിവത്കരണ നിബന്ധനകള്‍ പതിനായിരക്കണക്കിന് സഊദികളെ തൊഴില്‍ നേടാന്‍ സഹായിക്കുന്നുണ്ട്. ഇതോടൊപ്പം ലക്ഷക്കണക്കിന് പ്രവാസികളുടെ ജോലി നഷ്ടപ്പെടാനും ഇത് കാരണമാകുന്നുണ്ട്.
കഴിഞ്ഞ മാസം ജ്വല്ലറികളില്‍ സ്വദേശി വത്ക്കരണം നിര്‍ബന്ധമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴയാണ് ശിക്ഷയായി നല്‍കുന്നത്.

സ്ത്രീകള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സ്വദേശീ വനിതകളെ നിയമിക്കണമെന്ന നിയമവും, ഖസീമിലെ മാളുകളിലെ സ്വദേശിവത്കരണവും മൊബൈയില്‍ മേഖലകളിലെ സ്വദേശിവത്കരണവുമെല്ലാം സഊദികളെ ജോലിക്ക് നിയമിക്കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.
ജനുവരി മുതല്‍ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി ഇരട്ടിയാക്കുന്നതോടെ സഊദികളെ ജോലിക്ക് നിയമിക്കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും.

സഊദിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും തൊഴില്‍ മന്ത്രാലയത്തിന്റെ ശക്തമായ പരിശോധനകളാണ് നടക്കുന്നത്. സ്വദേശിവത്കരണ നിയമം ലംഘിച്ചതിന് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മാത്രം 138 മില്ല്യനിലധികം റിയാലാണ് അധികൃതര്‍ പിഴ ഈടാക്കിയത്.

 

ജിഹാദുദ്ദീന്‍ അരീകാടന്‍
ജിദ്ദ