ആന്‍ഡ്രിക്‌സ് ദേവാസ് അഴിമതി: ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ജാമ്യം

Posted on: December 23, 2017 1:23 pm | Last updated: December 23, 2017 at 6:15 pm
SHARE

ന്യൂഡല്‍ഹി: ആന്‍ഡ്രിക്‌സ് ദേവാസ് അഴിമതിക്കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ഡല്‍ഹി പട്യാല ഹൗസ് സിബിഐ കോടതി ജാമ്യം അനുവദിച്ചു. കോടതിയില്‍ ഹാജരാകാത്ത മൂന്ന് പേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ട് ജാമ്യക്കാരുടെ ഉറപ്പിന്മേലുമാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളാണ് ഇന്ന് കോടതി കൈക്കൊണ്ടത്. ഫെബ്രുവരി പതിനഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ച് പ്രതികള്‍ക്ക് കോടതി നേരത്തെ സമണ്‍സ് അയച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ ബെംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയയുമായുണ്ടാക്കിയ കരാറില്‍ ദേവാസിന് 578 കോടി രൂപ ലഭിക്കുന്ന തരത്തില്‍ തിരിമറികള്‍ നടത്തിയതായാണ് കേസ്. മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ ആര്‍ ശ്രീധരമൂര്‍ത്തി, ദേവാസ് മള്‍ട്ടിമീഡിയയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് സി ബി ഐ തയ്യാറാക്കിയ പ്രതിപട്ടികയിലുള്ളത്. കേസുമായി ബന്ധപ്പെട്ട് സി ബി ഐ മാധവന്‍ നായരെ ചോദ്യം ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കു പുറമെ അഴിമതിനിരോധന നിയമത്തിലെ വകുപ്പുകളാണ് മാധവന്‍ നായര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

മാധവന്‍ നായര്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന സമയത്താണ് ഇടപാട് നടന്നത്. നഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയതോടെ ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. കരാര്‍ വിവാദമായതോടെ മാധവന്‍ നായരെ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ കേസില്‍ ഐ എസ് ആര്‍ ഒ നഷ്ടപരിഹാരം നല്‍കണമെന്ന് ഹേഗിലെ രാജ്യാന്തര കോടതി നിര്‍ദേശിച്ചിരുന്നു. കരാര്‍ റദ്ദാക്കിയ നടപടി നീതീകരിക്കാനാകില്ലെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷാ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരാര്‍ റദ്ദാക്കിയതെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

ഇടപാട് റദ്ദാക്കിയതോടെ കമ്പനിയിലെ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കമ്പനിയോട് ഇന്ത്യ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് കോടതി നിരീക്ഷിച്ചത്. 2015ല്‍ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സും കമ്പനിക്ക് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു.
ആന്‍ട്രിക്‌സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയ െ്രെപവറ്റ് ലിമിറ്റഡുമായി 2005 ജനുവരി 28നാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് 6 എ എന്നീ ഉപഗ്രഹങ്ങളിലെ എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. ഇരുപത് വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം കൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here