കരുണാകരനെ നീക്കുന്നതിനെ ആന്റണി എതിര്‍ത്തിരുന്നു; രാജിവെപ്പിച്ചതില്‍ കുറ്റബോധം: ഹസന്‍

Posted on: December 23, 2017 12:26 pm | Last updated: December 23, 2017 at 6:39 pm

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെപ്പിക്കുന്നത് എ കെ ആന്റണി ശക്തമായി എതിര്‍ത്തിരുന്നെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. രാജിവെപ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ ചാണ്ടിയോടും ആന്റെണി ആവശ്യപ്പെട്ടിരുന്നു. കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കി.

അന്ന് കരുണാകരന് കാലാവധി തികയ്ക്കാന്‍ അവസരം നല്‍കണമായിരുന്നു. കരുണാകരന് പുറത്തേക്കുള്ള വാതില്‍ തുറന്ന് ആന്റണിയാണെന്നാണ് അന്ന് മാധ്യമങ്ങളില്‍ വന്നത്. അത് ശരിയായിരുന്നില്ല. അദ്ദേഹത്തിന്റെ രാജിക്ക് താനും കാരണക്കാരനാണ്. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരില്‍ താനും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ചിന്തിക്കു്‌മ്പോള്‍ താന്‍ ലീഡറോട് ചെയ്തത് അനീതിയാണെന്ന് തോന്നുന്നുവെന്നും കുറ്റബോധമുണ്ടെന്നും ഹസന്‍ പറഞ്ഞു.

കെ കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസന്‍. എംഎം ഹസ്സന്റെ വെളിപ്പെടുത്തതില്‍ സന്തോഷമുണ്ടെന്ന് കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ പ്രതികരിച്ചു. ഇന്നത്തെ ദിവസം തന്നെ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത് ശ്രദ്ദേയമെന്നും അവര്‍ പറഞ്ഞു.