Connect with us

International

പ്രതികാരവുമായി ട്രംപ്; ധനസഹായം വെട്ടിക്കുറച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക്: യു എന്‍ പൊതുസഭയിലേറ്റ പ്രഹരത്തിന് പ്രതികാരവുമായി അമേരിക്ക. ജറുസലം വിഷയത്തിലെ യു എസ് നിലപാടിനെതിരെ യു എന്നില്‍ 128 രാജ്യങ്ങള്‍ വോട്ട് ചെയ്തതോടെ ട്രംപ് ഭരണകൂടം ലോകത്തിന് മുന്നില്‍ നാണം കെട്ടു. അമേരിക്കയുടെ സഖ്യരാജ്യങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയടക്കമുള്ള പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ നിലപാടിനെ എതിര്‍ത്ത് പൊതുസഭയില്‍ കൊണ്ടുവന്ന പ്രമേയത്തിനെ അനുകൂലിച്ചതോടെ ജറുസലമിനെ തലസ്ഥാനമായി അംഗീകരിച്ച യു എസ് നടപടി അസാധുവായി. യു എന്നിലെ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ വിവിധ രാജ്യങ്ങള്‍ക്കുള്ള ധനസഹായം അമേരിക്ക വെട്ടിക്കുറച്ചു.

യു എസ് സഖ്യ, സൗഹൃദ രാജ്യങ്ങളോട് ഫലസ്തീന്‍ അനുകൂല പ്രമേയത്തെ പിന്തുണക്കരുതെന്ന് നേരത്തെ യു എന്നിലെ അമേരിക്കന്‍ അംബാസഡര്‍ ആവശ്യപ്പെട്ടിരുന്നു. യു എന്നിലെ വോട്ടെടുപ്പ് ട്രംപ് നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചാല്‍ അവരെ കുറിച്ച് പ്രസിഡന്റിന് വിവരം നല്‍കുമെന്നതുമടക്കമുള്ള ഭീഷണി നിക്കി ഹാലിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാല്‍, ഇവയെല്ലാം മറികടന്നാണ് തുര്‍ക്കിയും യമനും കരട് പ്രമേയം യു എന്‍ പൊതുസഭയില്‍ വെച്ചത്. അമേരിക്കയുടെ ഭീഷണി മറികടന്ന് 128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. കാനഡ, മെക്‌സിക്കോ, റുവാണ്ട, ഉഗാണ്ട തുടങ്ങി 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ഗോട്ടിമല, ഹോണ്ടുറാസ് തുടങ്ങി ഏഴ് രാജ്യങ്ങള്‍ അമേരിക്കക്കും ഇസ്‌റാഈലിനുമൊപ്പം നിന്ന് പ്രമേയത്തെ എതിര്‍ത്തു.
അമേരിക്കയുടെ ധനസഹായവും രാഷ്്ട്രീയ, സൈനിക സഹായവും വാങ്ങുന്ന രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ക്കുകയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തത്.

അതേസമയം, അമേരിക്കയുടെ പ്രധാന സാമ്പത്തിക സഖ്യമായ സഊദി അറേബ്യയടക്കുള്ള അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ അനുകൂലിച്ചു.
നേരത്തെ യു എന്‍ രക്ഷാസമിതിയില്‍ പ്രമേയത്തെ യു എസ് വീറ്റോ ചെയ്ത സാഹചര്യത്തിലാണ് യു എന്‍ പൊതുസഭ അടിയന്തര യോഗം ചേര്‍ന്ന് പ്രമേയം വോട്ടിനിട്ടത്. യുഎന്‍ പൊതുസഭയുടെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രംഗത്തുവന്നു. ഡിസംബര്‍ ആറിനാണ് ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ആറ് മാസത്തിനകം ടെല്‍ അവീവില്‍ നിന്ന് യു എസ് എംബസി ജറുസലമിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജറുസലേമിലും പശ്ചിമേഷ്യയിലെ മറ്റു പലഭാഗങ്ങളിലും വലിയ സംഘര്‍ഷമാണ് ഉടലെടുത്തത്.