ഒന്നിനും ഒരു തെളിവുമില്ല !

വിചാരണക്കോടതിയില്‍ കേസിന്റെ അന്തിമ വാദം തുടങ്ങുന്നത് 2014 നവംബര്‍ പത്തിനാണ്. ടെലികോം ഉള്‍പ്പെടെ അഴിമതി ആരോപണങ്ങള്‍ വലിയ വായില്‍ ഉന്നയിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമേറ്റ് മാസങ്ങള്‍ക്ക് ശേഷം. എന്നിട്ടും പ്രോസിക്യൂഷന്‍, കേസ് നടത്തിപ്പില്‍ വലിയ വീഴ്ച വരുത്തിയെങ്കില്‍ അത് ആരുമറിയാതെയാണെന്ന് വിശ്വസിക്കുക പ്രയാസം. അംബാനിയെയും എസ്സാറിനെയും ടാറ്റയെയുമൊക്കെ നരേന്ദ്ര മോദി വേണ്ട വിധം സ്മരിച്ചതല്ലാതെ മറ്റൊരു കാരണവും ഇതില്‍ കാണാനില്ല. അംബാനിയില്‍ നിന്നും ടാറ്റയില്‍ നിന്നും എസ്സാറില്‍ നിന്നും പാര്‍ട്ടി ഫണ്ടിലേക്ക് കണക്കോടെയും അല്ലാതെയും കിട്ടുന്ന 'സംഭാവന'ക്ക് നന്ദി കാട്ടേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിന്റേത് മാത്രമല്ലല്ലോ!    
Posted on: December 23, 2017 6:26 am | Last updated: December 22, 2017 at 11:34 pm

ഒന്നിനും ഒരു തെളിവുമില്ല. ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപ്പോര്‍ട്ട് ചെയ്ത, വലിയ കോഴയിടപാടുണ്ടായെന്ന് ആക്ഷേപമുണ്ടായ, കള്ളപ്പണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ച രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും കൈമാറിയ കേസില്‍ വിചാരണക്കോടതിയുടെ വിധിയതാണ്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ മുന്‍ മന്ത്രി എ രാജ, ഡി എം കെ നേതാവ് കനിമൊഴി എന്നിവരടക്കം 14 പേരെയും ഏതാനും കമ്പനികളെയും കുറ്റവിമുക്തരാക്കിയിരിക്കയാണ് കോടതി. അഴിമതിക്കോ സ്വജനപക്ഷപാതത്തിനോ വേണ്ടി മേല്‍പ്പടി പട്ടികയില്‍ പറഞ്ഞവരില്‍ ആരെങ്കിലും ഗൂഢാലോചന നടത്തിയെന്നതിന് തരിമ്പും തെളിവില്ലെന്നാണ് കോടതി വിധി. സ്‌പെക്ട്രവും ലൈസന്‍സും അനുവദിച്ചതില്‍ വലിയ അഴിമതിയുണ്ടായെന്ന പ്രചാരണം കോടതി വിധിയോടെ അടിസ്ഥാനമില്ലാത്തതായെന്നും യു പി എ സര്‍ക്കാറിനെതിരെ നടന്നത് അപവാദ പ്രചാരണം മാത്രമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നു. ആ വാദം ശക്തമായി ഉന്നയിക്കാനുള്ള അവകാശം, കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അവര്‍ക്കുണ്ടുതാനും.

മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന തത്വപ്രകാരം വിതരണം ചെയ്യാന്‍ തീരുമാനിച്ചത് എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന എന്‍ ഡി എ സര്‍ക്കാറാണ്. അന്തരിച്ച പ്രവീണ്‍ മഹാജനായിരുന്നു അന്ന് ടെലികോം മന്ത്രി. 2004ല്‍ അധികാരത്തില്‍ വന്ന യു പി എ സര്‍ക്കാറില്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്ത ഡി എം കെ നേതാവ് എ രാജ, ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന തത്വത്തില്‍ ആദ്യം പണമടക്കുന്നവര്‍ക്ക് ആദ്യമെന്ന ഭേദഗതി വരുത്തി, 112 ലൈസന്‍സുകള്‍ വിതരണം ചെയ്തു. ഇത് രാജ്യചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമായി വിശേഷിപ്പിക്കപ്പെട്ടു. ആദ്യം പണമടക്കുന്നവര്‍ക്ക് ആദ്യമെന്ന തത്വം മാറ്റി, സ്‌പെക്ട്രം ലേലം ചെയ്തിരുന്നുവെങ്കില്‍ പൊതു ഖജനാവിലേക്ക് 1,76,000 കോടി രൂപ ലഭിക്കുമായിരുന്നുവെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായിരുന്ന വിനോദ് റായി റിപ്പോര്‍ട്ട് ചെയ്തതോടെയാണ്, അതിന് മുമ്പ് തന്നെ ഉയര്‍ന്ന ക്രമക്കേടുകളെന്ന ആരോപണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായി മാറിയത്.

സ്‌പെക്ട്രം ഏത് വിധത്തില്‍ വിതരണം ചെയ്യണമെന്നത്, സര്‍ക്കാറിന്റെ നയപരമായ തീരുമനമായിരുന്നു. അതിലെ ശരിതെറ്റുകള്‍, ആ തീരുമാനമെടുത്തതിലെ യുക്തി കൂടി കണക്കിലെടുത്ത് മാത്രമേ വിലയിരുത്താനാകൂ. ടെലികോം മേഖല ഇത്രത്തോളം വിപുലപ്പെടാതിരുന്ന, മൊബൈല്‍ ഉപഭോഗത്തിന് വലിയ തുക ഉപഭോക്താക്കള്‍ നല്‍കേണ്ടി വന്നിരുന്ന ഒരു കാലത്ത്, മേഖലയെ മത്സരാധിഷ്ഠിതമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സേവനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനുമായിരുന്നു ഈ നയം എന്ന് വേണമെങ്കില്‍ വാദിക്കാം. ഇതില്‍ കൊടിയ അഴിമതിയുണ്ടെന്ന് ആരോപിച്ച്, അഴിമതിക്കാരെ മുഴുവന്‍ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി അധികാരത്തിലേറിയ നരേന്ദ്ര മോദി, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് ലക്ഷ്യങ്ങള്‍ മാറ്റി മാറ്റിപ്പറഞ്ഞ് ഒടുവില്‍ ഡിജിറ്റല്‍ ഇന്ത്യയാണ് ലക്ഷ്യമെന്ന് ഉറപ്പിച്ചപ്പോള്‍ എ രാജയുടെ തീരുമാനങ്ങളുടെ ഭാഗമായാണ് മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം കൂടിയതെന്നും ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള കുതിപ്പ് യഥാര്‍ഥത്തില്‍ ആരംഭിച്ചത് അവിടെ നിന്നാണ് എന്നും നന്ദിയോടെ സ്മരിക്കേണ്ടതായിരുന്നു. രാജയെ സ്മരിച്ചില്ലെങ്കിലും റിലയന്‍സിനെയും എസ്സാറിനെയും ടാറ്റയെയുമൊക്കെ സ്മരിച്ചുകാണണം. ഈ സ്മരണ കോണ്‍ഗ്രസിനും എ രാജക്കുമൊക്കെ നേരത്തെ ഉണ്ടായിരുന്നതുമാണ്.

സി എ ജി റിപ്പോര്‍ട്ട് ചെയ്ത കണക്ക് മറക്കാം. ഇതില്‍ രാജക്കോ മറ്റാര്‍ക്കെങ്കിലുമോ സാമ്പത്തിക നേട്ടമുണ്ടായതായി കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ അതും വിടാം. മറ്റ് ക്രമക്കേടുകള്‍ എങ്ങനെ ഇല്ലാതായെന്ന ചോദ്യം വലുതായി തന്നെ രാജ്യത്ത് ജനങ്ങളുടെ മുന്നിലുണ്ട്. ലൈസന്‍സിന് അപേക്ഷിച്ച കമ്പനികള്‍ക്ക് രേഖകളും ഡിമാന്‍ഡ് ഡ്രാഫ്റ്റും (പ്രവേശന ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് സമര്‍പ്പിക്കേണ്ടിയിരുന്നത്. ഇന്ത്യയൊട്ടാകെ സേവനം നല്‍കാനുദ്ദേശിക്കുന്ന കമ്പനിക്ക് 2001ല്‍ നിശ്ചയിച്ച പ്രവേശന ഫീസ് 1651 കോടിയായിരുന്നു) സമര്‍പ്പിക്കുന്നതിന് ടെലികോം മന്ത്രാലയം അനുവദിച്ച സമയം 45 മിനുട്ടായിരുന്നു. അപേക്ഷ സമര്‍പ്പിച്ച കമ്പനികള്‍ ഈ സമയത്തിനുള്ളില്‍ ആയിരം കോടിയിലധികം വരുന്ന തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഹാജരാക്കണമായിരുന്നു. 45 മിനുട്ടു കൊണ്ട് ഇതൊക്കെ സാധിക്കണമെന്ന വിവരം ടെലിപ്പതിയിലൂടെ അറിയിക്കുകയായിരുന്നോ എന്നാണ് മുമ്പ് സുപ്രീം കോടതി ചോദിച്ചത്. ടെലികോം മന്ത്രിക്കോ മന്ത്രിയുടെ ഇഷ്ടക്കാര്‍ക്കോ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കോ ഒക്കെ താത്പര്യമുള്ള കമ്പനികളെ ഈ വിവരം നേരത്തെ അറിയിച്ചിരുന്നുവെന്നും അതിലൂടെ അനര്‍ഹമായ അവസരം അവര്‍ക്ക് നല്‍കിയെന്നുമാണ് ആരോപണമുണ്ടായിരുന്നത്. കേസില്‍ വേണ്ടവിധം അന്വേഷണം നടത്താതിരുന്ന സി ബി ഐ, ഇതേക്കുറിച്ചും അന്വേഷിച്ചിട്ടുണ്ടാകാന്‍ ഇടയില്ല.

ലൈസന്‍സിന് അപേക്ഷിച്ചവരില്‍ സ്വാന്‍ ടെലികോം, അനില്‍ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ ബിനാമിയാണെന്നായിരുന്നു ആരോപണം. മറ്റൊരു കമ്പനിയായ ലൂപ്, എസ്സാര്‍ ഗ്രൂപ്പിന്റെ ബിനാമിയാണെന്നും. ബിനാമി കമ്പനികളിലൂടെ ലൈസന്‍സും സ്‌പെക്ട്രവും സ്വന്തമാക്കാനും വിദേശ നിക്ഷേപ സാധ്യത ഉപയോഗപ്പെടുത്തി ഓഹരി കൈമാറ്റം ചെയ്ത് വലിയ ലാഭമുണ്ടാക്കാനുമാണ് ഇത്തരം ബിനാമികളെ രംഗത്തിറക്കിയത്. സ്വാനിന്റെയും ലൂപിന്റെയും രൂപീകരണത്തെക്കുറിച്ചും അതിലേക്ക് ഒഴുകിയ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും അന്വേഷിച്ചാല്‍ വസ്തുത കണ്ടെത്താന്‍ പ്രയാസമില്ല. എന്നാല്‍ ആ വഴിക്ക് അത്ര കാര്യമായി അന്വേഷിക്കാന്‍ സി ബി ഐ തയ്യാറായില്ല. അങ്ങനെ അന്വേഷിക്കണമെന്ന തോന്നല്‍ സി ബി ഐക്ക് ഉണ്ടാകാതിരുന്നതിന് കാരണം, അന്വേഷണ ഘട്ടത്തില്‍ അവരുടെ മേലാളന്മാരായിരുന്നത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാറായിരുന്നുവെന്നതാകണം.

അന്വേഷണത്തില്‍ കണ്ടെത്തിയവ തന്നെ, വേണ്ടവിധം കോടതിക്ക് മുന്നില്‍ അവതരിപ്പിക്കാതെ പ്രോസിക്യൂഷനും അവര്‍ക്ക് തുണയായി നിന്നുവെന്ന് വേണം വിധി പ്രസ്താവിച്ച ജഡ്ജി, പ്രോസിക്യൂഷനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍. വിചാരണക്കോടതിയില്‍ കേസിന്റെ അന്തിമ വാദം തുടങ്ങുന്നത് 2014 നവംബര്‍ പത്തിനാണ്. ടെലികോം ഉള്‍പ്പെടെ അഴിമതി ആരോപണങ്ങള്‍ വലിയ വായില്‍ ഉന്നയിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമേറ്റ് മാസങ്ങള്‍ക്ക് ശേഷം. എന്നിട്ടും പ്രോസിക്യൂഷന്‍, കേസ് നടത്തിപ്പില്‍ വലിയ വീഴ്ച വരുത്തിയെങ്കില്‍ അത് ആരുമറിയാതെയാണെന്ന് വിശ്വസിക്കുക പ്രയാസം. അംബാനിയെയും എസ്സാറിനെയും ടാറ്റയെയുമൊക്കെ നരേന്ദ്ര മോദി (സര്‍ക്കാര്‍ വ്യക്തിയിലേക്ക് ഏതാണ്ട് ചുരുങ്ങിയ കാലമായതിനാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് പ്രയോഗിക്കുന്നില്ല) വേണ്ട വിധം സ്മരിച്ചതല്ലാതെ മറ്റൊരു കാരണവും ഇതില്‍ കാണാനില്ല. അംബാനിയില്‍ നിന്നും ടാറ്റയില്‍ നിന്നും എസ്സാറില്‍ നിന്നും പാര്‍ട്ടി ഫണ്ടിലേക്ക് കണക്കോടെയും അല്ലാതെയും കിട്ടുന്ന ‘സംഭാവന’ക്ക് നന്ദി കാട്ടേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിന്റേത് മാത്രമല്ലല്ലോ!

സ്‌പെക്ട്രം ലേലം ചെയ്താല്‍ കിട്ടുമായിരുന്ന പണത്തെക്കുറിച്ചുള്ള സി എ ജിയുടെ കണക്ക്, അന്വേഷണ ഏജന്‍സിക്ക് കണക്കിലെടുക്കേണ്ടതില്ല. ആ നഷ്ടം, ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേടുകളുടെയോ കോഴയിടപാടുകളുടെയോ ഫലമാണോ എന്നേ പരിശോധിക്കേണ്ടതുള്ളൂ. ആ അന്വേഷണത്തിന്റെ ഫലം മാത്രമേ കോടതിക്ക് പരിഗണിക്കേണ്ടതായുമുള്ളൂ. അത്തരത്തിലൊരു അന്വേഷണം ഫലപ്രദമാകണമെങ്കില്‍ വസ്തുതകള്‍ പൂര്‍ണമായി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സി ബി ഐയിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമായിരുന്നു. അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തെക്കുറിച്ച് ജഡ്ജി ഒ പി സെയ്‌നി പറയുന്നത് ഇങ്ങനെയാണ് – ”ഔദ്യോഗിക രേഖകള്‍ തെറ്റായി വായിക്കുകയോ തിരഞ്ഞെടുത്ത് വായിക്കുകയോ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വായിക്കുകയോ വായിക്കാതെ വിടുകയോ ചെയ്തതിന്റെ ആകത്തുകയാണ് കുറ്റപത്രം.” എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരും അവരെ നിയന്ത്രിച്ചവരുമാണ്. ടെലികോം അഴിമതി ആരോപണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം നിര്‍ദേശിക്കുമ്പോള്‍, തങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും അന്വേഷണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. അത് പിന്നീട് രണ്ട് തവണയെങ്കിലും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അന്വേഷണ മേല്‍നോട്ടത്തിന് സാങ്കേതികമായ പരിമിതികള്‍ സുപ്രീം കോടതിക്കുണ്ട് എന്നത് പരിഗണിക്കുമ്പോള്‍ തന്നെ, സ്വയം ഏറ്റെടുത്ത നിരീക്ഷണം വേണ്ടവിധം നടത്താത്തതിന്റെ ഉത്തരവാദിത്തം കൂടി പരമോന്നത കോടതിക്കുണ്ട്. സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണം പോലും ഇവ്വിധം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നുവെങ്കില്‍ നീതിന്യായ സംവിധാനത്തെപ്പോലും വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് രാജ്യത്ത് ഉടലെടുക്കുക.
എ രാജ മന്ത്രിയായിരിക്കെ ടെലികോം ലൈസന്‍സും സ്‌പെക്ട്രവും വിതരണം ചെയ്തത് ഭരണഘടനാ വിരുദ്ധമായും ഏകപക്ഷീയവുമായാണെന്ന് കണ്ടെത്തി, 122 ലൈസന്‍സുകള്‍ 2012ല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമായും ഏകപക്ഷീയവുമായും ചിലരെങ്കിലും പ്രവര്‍ത്തിച്ചുവെന്നാണ് സുപ്രീം കോടതി പറഞ്ഞുവെച്ചത്. അത്തരത്തിലൊരു പ്രവൃത്തിയും നടന്നതിന് തെളിവില്ലെന്ന് കണ്ടെത്തുകയാണ് വിചാരണക്കോടതി. ചെറുതല്ലാത്ത വൈരുധ്യം ഇവിടെയുണ്ട്. നീതിന്യായ സംവിധാനവും ഭരണ സംവിധാനവും ചേര്‍ന്ന് പരിഹരിക്കേണ്ട വൈരുധ്യം. അതൊരിക്കലും പരിഹരിക്കപ്പെടാന്‍ ഇടയില്ലെന്ന് അഴിമതിക്കേസുകളുടെ ഇതുവരെയുള്ള ചരിത്രം ഇന്ത്യന്‍ ജനതയെ പഠിപ്പിക്കുന്നുണ്ട്. അഴിമതിക്കാര്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചവര്‍, അഴിമതി ആരോപണത്തെ തേച്ചുമാച്ചു കളയാന്‍ എത്രമാത്രം ബദ്ധശ്രദ്ധരാണെന്നും. കല്‍ക്കരി കുംഭകോണമുള്‍പ്പെടെ വരാനിരിക്കുന്ന കേസുകള്‍ക്കൊക്കെ മറിച്ചൊരു ഗതി പ്രതീക്ഷിക്കേണ്ടതില്ല. അവിടെയൊക്കെയുണ്ട് രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തകകളുടെ സാന്നിധ്യം. അവരെ വെറുപ്പിച്ചാല്‍ രാജ്യം എങ്ങനെ വികസിക്കും?