പുതുവൈപ്പ് എല്‍എന്‍ജി പദ്ധതിക്ക് ഹരിത ട്രൈബ്യൂണലിന്റെ പച്ചക്കൊടി

Posted on: December 22, 2017 11:38 am | Last updated: December 22, 2017 at 7:29 pm

ചെന്നൈ: പുതുവൈപ്പ് ഐഒസി പ്ലാന്റിലെ എല്‍എന്‍ജി പദ്ധതിക്കെതിരായ ഹരജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. ജീവനും സ്വത്തിനും ഭീഷണിയെന്ന ഹരജിക്കാരുടെ വാദം അടിസ്ഥാനരഹിതമാണെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. അപകടഭീഷണി സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നും കരയിടിച്ചില്‍ തടയാന്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. തീരദേശ നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ വിധി പറഞ്ഞത്.

അതേസമയം, പദ്ധതിക്കെതിരെ സമരം ശക്തമാക്കുമെന്നും ജീവന്‍കൊടുത്തും നിര്‍മാണം തടയുമെന്നും പുതുവൈപ്പ് സമരസമിതി വ്യക്തമാക്കി. പുതുവൈപ്പ് ഐഒസി പ്ലാന്റിലെ ടാങ്ക് നിര്‍മാണവും ടെര്‍മിനല്‍ നിര്‍മാണവും തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ മുരളി, രാധാകൃഷ്ണന്‍ എന്നിവരാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. 1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ പാരിസ്ഥിതകാനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ പാരിസ്ഥിതികാനുമതിക്കായി പിന്നീട് തയ്യാറാക്കിയ തീരദേശഭൂപടപ്രകാരം വേലിയേറ്റ രേഖ ലംഘിച്ചില്ല എന്നാണ് ഐഒസിയുടെ വാദം. നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി ഹരിത ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. പിന്നീട് ഐഒസി ഹൈക്കോടതിയെ സമീപിച്ച് പ്രവര്‍ത്തനാനുമതി നേടുകയായിരുന്നു. എന്നാല്‍ ജനകീയ സമരം കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു.

പുതുവൈപ്പ് ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. പോലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശവും ഉയര്‍ന്നു. പ്ലാന്റിനെതിരായ സമരം ഇപ്പോഴും തുടരുകയാണ്.