ഒറ്റക്കെട്ടായി ലോക രാജ്യങ്ങള്‍; അമേരിക്കയുടെ ജറുസലം പ്രഖ്യാപനം ഐക്യരാഷ്ട്ര സഭ തള്ളി

Posted on: December 22, 2017 10:11 am | Last updated: December 22, 2017 at 2:56 pm
SHARE

ന്യൂയോര്‍ക്ക്: ജറുസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമാക്കി അംഗീകരിച്ച അമേരിക്കയുടെ പ്രഖ്യാപനം തള്ളി ഐക്യരാഷ്ട്ര സഭ. പൊതുസഭയില്‍ ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്കാണ് അമേരിക്കക്കെതിരായ പ്രമേയം പാസ്സായത്. പ്രമേയത്തെ ഇന്ത്യയും അനുകൂലിച്ചു. പ്രമേയത്തെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായമടക്കമുള്ളവ നിര്‍ത്തിവെക്കുമെന്ന ട്രംപിന്റെ ഭീഷണി വകവെക്കാതെയാണ് 128 രാജ്യങ്ങള്‍ അമേരിക്കക്കെതിരെ വോട്ട് ചെയ്തത്.

അമേരിക്ക, ഇസ്‌റാഈല്‍ എന്നിവയെ കൂടാതെ അയര്‍ലാന്‍ഡ്, ഹോണ്ടുറാസ്, ഗ്വാട്ടിമാല, പെറു, പലാവു, ടോഗോ, മൈക്രോനേഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ സഖ്യകക്ഷി രാജ്യങ്ങളടക്കം അമേരിക്കക്കെതിരെ വോട്ടുകുത്തി. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

നേരത്തെ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയത്തിനെതിരെ യുഎസ് വീറ്റോ ചെയ്ത സാഹചര്യത്തിലാണ് യുഎന്‍ പൊതുസഭ അടിയന്തര യോഗം ചേര്‍ന്ന് പ്രമേയം വോട്ടിനിട്ടത്. യുഎന്‍ പൊതുസഭയുടെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രംഗത്തുവന്നു. ഡിസംബര്‍ ആറിനാണ് ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ആറ് മാസത്തിനകം ടെല്‍ അവീവില്‍ നിന്ന് യു എസ് എംബസി ജറുസലമിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജറുസലേമിലും പശ്ചമേഷ്യയിലെ മറ്റു പലഭാഗങ്ങളിലും വലിയ സംഘര്‍ഷമാണ് ഉടലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here