ടുജി സ്‌പെക്ട്രം കേസ് വിധി പ്രസ്താവം

Posted on: December 22, 2017 9:44 am | Last updated: December 22, 2017 at 9:44 am

കോണ്‍ഗ്രസിനും ഡി എം കെക്കും ഏറെ ആശ്വാസമേകുന്നതും ബി ജെ പിക്ക് തിരിച്ചടിയുമാണ് ടുജി സ്‌പെക്ട്രം കേസില്‍ സി ബി ഐ കോടതിയുടെ വിധി പ്രസ്താവം. ഡി എം കെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ രാജ, കരുണാനിധിയുടെ പുത്രി കനിമൊഴി തുടങ്ങി കേസിലെ മുഴുവന്‍ പ്രതികളെയും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം,യൂണിടെക് വയര്‍ലെസ് എന്നീ കമ്പനികളേയും കുറ്റവിമുക്തരാക്കിയിരിക്കയാണ് കോടതി. പ്രതികള്‍ക്കെതിരായ ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതിയുടെ വിലയിരുത്തല്‍. സി ബി ഐ അന്വേഷിച്ച രണ്ട് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ച ഒരു കേസിലുമാണ് സി ബി ഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്‌നി വിധി പ്രസ്താവിച്ചത്.

മൊബൈല്‍ കമ്പനികള്‍ക്ക് ടു ജി സ്‌പെക്ട്രം അനുവദിച്ചതിലെ ക്രമക്കേട് കാരണം പൊതുഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് കേസ്. ടു ജി സ്‌പെക്ട്രം ലേലം ചെയ്യാനായിരുന്നു യു പി എ സര്‍ക്കാറിന്റെ ആദ്യതീരുമാനം. 2007 മെയില്‍ ടെലികോം മന്ത്രിയായി എ രാജ അധികാരമേറ്റതിന് പിന്നാലെ ലേലതീരുമാനം ഉപേക്ഷിച്ചു ‘ആദ്യം വന്നവര്‍ക്ക് ആദ്യം’ എന്ന ക്രമത്തില്‍ 2001 ലെ നിരക്കില്‍ വിതരണം ചെയ്യുന്നതിനു തീരുമാനമെടുത്തു. സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി 2009 മെയ് നാലിന് സര്‍ക്കാറിതര സംഘടനയായ ടെലികോം വാച്ച്‌ഡോഗ് കേന്ദ്ര വിജിലന്‍സ് കമ്മീഷനെ സമീപിച്ചതോടെയാണ് ഇത് വിവാദമാകുന്നത്. 2010 നവംബറിലെ സി എ ജി റിപ്പോര്‍ട്ട് ഇതു ശരിവെക്കുകയും ചെയ്തു. തുടക്കത്തില്‍ ലേലത്തില്‍ വിറ്റപ്പോള്‍ കിട്ടിയ പണവും ലേലം ഉപേക്ഷിച്ച ശേഷമുണ്ടായ വില്‍പനയില്‍ ലഭ്യമായ പണവും തമ്മിലുള്ള അന്തരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ചു സര്‍ക്കാറിനുണ്ടായ നഷ്ടം സി എ ജി കണക്കാക്കിയത്. അമേരിക്കയിലെ വാട്ടര്‍ഗേറ്റിനു ശേഷം ലോകത്തെ രണ്ടാമത്തെ വലിയ അഴിമതിയെന്നായിരുന്നു ടൈം മാഗസിന്‍ ഇതിനെ വിശേഷിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് രാജയും കനിമൊഴിയും ജയിലിലായിരുന്നു. കനിമൊഴിയുടെ അറസ്റ്റും ഭാര്യ ദയാലു അമ്മാളുവിനെതിരെയുള്ള അന്വേഷണവുമാണ് കരുണാനിധിയെ കോണ്‍ഗ്രസുമായി അകറ്റിയത്.

മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിനെ പിടിച്ചുലച്ച സംഭവമാണ് സ്‌പെക്ട്രം കേസ്. യു പി എ സര്‍ക്കാറിന്റെ പതനത്തിനും മോദി സര്‍ക്കാറിന്റെ ആരോഹണത്തിനും ഇതിന് വലിയ പങ്കുണ്ട്. സ്‌പെക്ട്രം ആരോപണത്തിന് പിന്നാലെ കല്‍ക്കരി, കോമണ്‍വെല്‍ത്ത് അഴിമതി ആരോപണങ്ങളും ശക്തിപ്രാപിച്ചതോടെയാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ തുടര്‍ച്ചയായ മൂന്നാം തവണയും ഭരണം പിടിക്കാമെന്ന കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പ്രതീക്ഷ തകിടം മറിഞ്ഞത്. രണ്ടാം യുപിഎ സര്‍ക്കാറിനെതിരെ അന്നാ ഹസാരയുടെ നേതൃത്വത്തില്‍ തലസ്ഥാനനഗരിയില്‍ നടത്തിയ പ്രതിഷേധം മുതലെടുത്താണ് ബി ജെ പി അധികാരത്തിലേറിയത്. തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യ പ്രചാരണായുധം യു പി എ സര്‍ക്കാറിന്റെ അഴിമതികളായിരുന്നു. 2ജി സ്‌പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട ബഹളത്തില്‍ തുടര്‍ച്ചയായി എട്ടു ദിവസം പാര്‍ലിമെന്റ് സ്തംഭിക്കുകയുണ്ടായി.
സ്‌പെക്ട്രം വില്‍പനയിലെ ക്രമക്കേട് സംബന്ധിച്ച് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിന് വ്യക്തമായ വിവരമുണ്ടായിരുന്നുവെന്നും അദ്ദേഹം മനസ്സ് വെച്ചിരുന്നെങ്കില്‍ തടയാന്‍ സാധിക്കുമായിരുന്നുവെന്നും ഒരു ടി വി ചാനലിനോട് സംസാരിക്കവേ വിനോദ് റായ് അഭിപ്രായപ്പെട്ടിരുന്നു. അന്നത്തെ ധനമന്ത്രി ചിദംബരത്തിന്റെ പേരും കേസില്‍ ഉയര്‍ന്നു വന്നു. എന്നാല്‍ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച പി സി ചാക്കോ അധ്യക്ഷനായ സംയുക്ത പാര്‍ലിമെന്ററി സമിതി (ജെ പി സി) മന്‍മോഹനും ചിദംബരത്തിനും ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്.

അതിനിടെ വിനോദ് റായിയുടെ ആരോപണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ചില വെളിപ്പെടുത്തലുകള്‍ 2013 നവംബറില്‍ സി എ ജി ഓഡിറ്ററായിരുന്ന ആര്‍ പി സിംഗ് നടത്തിയിരുന്നു. ടുജി അഴിമതി സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് താന്‍ തയ്യാറാക്കിയതല്ലെന്നും റിപ്പോര്‍ട്ടില്‍ തന്നെ നിര്‍ബന്ധപൂര്‍വ്വം ഒപ്പിടുവിക്കുകയായിരുന്നുവെന്നുമാണ് ആര്‍ പി സിംഗ് 2013 നവംബറില്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് പറഞ്ഞത്. ടുജി സ്‌പെക്ട്രം ലേലം വഴി 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി എന്നത് സി എ ജി വിനോദ് റായിയുടെ കണക്കാണ്. യഥാര്‍ഘ നഷ്ടം 2,654 കോടി മാത്രമാണ്. ഇതടിസ്ഥാനത്തിലാണ് 2010 മെയ് 31ന് താന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നതെന്നും ആര്‍ പി സിംഗ് പറയുന്നു. പിന്നീട് ഉയര്‍ന്ന നഷ്ടക്കണക്ക് ചേര്‍ത്ത റിപ്പോര്‍ട്ടില്‍ സിംഗിനെക്കൊണ്ട് വിനോദ്‌റായി നിര്‍ബന്ധപൂര്‍വം ഒപ്പിടുവിക്കുകയായിരുന്നുവത്രെ. പാര്‍ലിമെന്റ് പബ്ലിക് അക്കൌണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മുതിര്‍ന്ന ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷിയുമായി സി എ ജി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയതായും ആര്‍ പി സിംഗ് വെളിപ്പെടുത്തുന്നു. കേസ് കോടതി തള്ളിയതോടെ ആര്‍ പി സിംഗിന്റെ വെളിപ്പെടുത്തലുകള്‍ ഉയര്‍ത്തിയ ദുരൂഹത വര്‍ധിച്ചിരിക്കയാണ്.