Connect with us

Articles

സാമ്പത്തിക മാന്ദ്യവും തൊഴിലാളികളും

Published

|

Last Updated

ഒരുകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെ നടപടികള്‍ മൂലം പൊറുതിമുട്ടിയ ജനം ഇന്ന് ജനാധിപത്യ ഭരണകൂടത്തിന്റെ എകാധിപത്യ തീരുമാനങ്ങളാല്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. മാന്യമായ തൊഴില്‍ ചെയ്ത് ജീവിതം പ്രയാസരഹിതമാക്കണമെന്നാഗ്രഹിക്കുന്നവരാണ് മനുഷ്യരില്‍ ബഹുഭൂരിപക്ഷവും. ഇതുകൊണ്ടാണ് രാജ്യത്തെ തൊഴിലിടങ്ങള്‍ സജീവമായി കൊണ്ടിരിക്കുന്നതും അതിന്റെ ഭാഗമായി സാമ്പത്തിക നിക്ഷേപം കൂടി കൊണ്ടിരിക്കുന്നതും.

തങ്ങളുടെ കഠിനാദ്ധ്വാനത്തിന് പ്രതിഫലമായി ലഭിക്കുന്ന പണത്തില്‍ നിന്നും അത്യാവശ്യം ചെലവഴിച്ചതിന് ശേഷം മിച്ചം വന്നതത്രയും ഭാവി ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കാന്‍ ഓരോരുത്തരും തീരുമാനിച്ചതിന്റെ ഫലമായാണ് സര്‍ക്കാറിന്റ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ പണത്തിന്റെ വര്‍ധനവുണ്ടായിക്കൊണ്ടിരുന്നത്.

എന്നാല്‍ മിച്ചം വന്ന പണം ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചതിന്റെ പേരില്‍ ജനങ്ങള്‍ ഇപ്പോള്‍ ദുരിതമനുഭവിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെയും പണമിടപാട് സ്ഥാപനങ്ങളുടെയും നിയന്ത്രണങ്ങള്‍ മൂലം കേരളത്തില്‍ തൊഴില്‍ നഷ്ടവും അത് മൂലമുള്ള സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നവരിലധികവും കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ കെട്ടിട നിര്‍മാണമേഖലയിലെ തൊഴിലാളികളും അവരെ ആശ്രയിച്ചുള്ള വ്യാപാര വ്യവസായ കാര്‍ഷിക മേഖലകളിലെ തൊഴിലാളികളുമാണ്.

നോട്ട് നിരോധനവും ബേങ്കുകളില്‍ നിന്ന് നോട്ടുകള്‍ പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങളും ഉണ്ടാവുന്നത് വരെ കേരളത്തിലെ നിര്‍മാണമേഖല സജീവമായിരുന്നതിന്റെ പ്രധാന കാരണം ഗള്‍ഫ് നാടുകളില്‍ നിന്നും പ്രവാസികള്‍ അയച്ച് കൊണ്ടിരുന്ന പണമായിരുന്നു. ഇതുപോലെ കേരളത്തിലെ നിര്‍മാണമേഖല സ്തംഭനാവസ്തയിലാവാനുള്ള പ്രധാന കാരണവും വിദേശ പണം ക്രയവിക്രയം ചെയ്യുന്നതില്‍ പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങളും പരിഷ്‌കരിച്ച നികുതി നിയമങ്ങളും തന്നെയാണ്.

പ്രവാസികള്‍ അയക്കുന്ന പണം കേരളത്തിലെ നിര്‍മാണ തൊഴിലാളികള്‍ക്കും കാര്‍ഷിക വ്യാപാര മേഖലയിലുള്ളവര്‍ക്കും ഉപകാരപ്പെട്ടിരുന്നതിനേക്കാള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ അവസരം ലഭിച്ചിരുന്നത് അയല്‍ സംസ്ഥാനങ്ങള്‍ക്കും അവിടെ നിന്നെത്തിയ തൊഴിലാളികള്‍ക്കുമായിരുന്നു. അരിയും പച്ചകറികളും പഴവര്‍ഗങ്ങളും കോഴിയും മുട്ടയും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായുണ്ടാവുന്ന സാമ്പത്തിക ചോര്‍ച്ചയോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികളാല്‍ കേരളീയരുടെ സമ്പാദ്യങ്ങളില്‍ നിന്ന് ചോര്‍ന്നുകൊണ്ടിരിക്കുന്നതും കോടികള്‍ തന്നെയാണ്. പ്രവാസികള്‍ അയച്ചുകൊണ്ടിരുന്ന പണം സ്വദേശി തൊഴിലാളികളുടെ കൈകളില്‍ എത്തിക്കൊണ്ടിരുന്ന കാലത്ത് സമ്പന്നമായിരുന്ന വസ്ത്രവ്യാപാര സ്ഥാപനങ്ങളും കെട്ടിട നിര്‍മാണ വസ്തുക്കളുടെ വില്‍പന കേന്ദ്രങ്ങളുമെല്ലാം തന്നെ ഇന്ന് നിലനില്‍പ് പോലും അസാധ്യമായ അവസ്ഥയിലാണ്. കേരളത്തിലെ തൊഴിലാളികളുടെ ധാര്‍ഷ്ട്യവും ഉത്തരവാദിത്വമില്ലായ്മയും ധനാര്‍ഥിയുമെല്ലാം കാരണമായി പ്രധാന തൊഴില്‍ മേഖലകളില്‍ നിന്നെല്ലാം അവരെ അകറ്റി നിര്‍ത്തപ്പെടുകയും പകരക്കാരായി വന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തതിന്റെ ഭാഗമായി മലയാളികളായ പ്രവാസികളുടെ കഠിനാധ്വാനത്തിന്റെ ഭാഗമായി കേരളത്തിലേക്കെത്തിക്കൊണ്ടിരുന്ന പണം കൊണ്ട് പ്രയോജനമുണ്ടായത് ഇതസംസ്ഥാന തൊഴിലാളികള്‍ക്കും അവരുടെ സംസ്ഥാനങ്ങള്‍ക്കുമാണ്.

ഇക്കാരണങ്ങള്‍ കൊണ്ട് കേരളീയര്‍ ഇന്ന് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത് കടുത്ത തൊഴില്‍ ക്ഷാമവും നിരാശാജനകമായ ജീവിതാവസ്ഥയും കടുത്ത മാനസിക പ്രയാസങ്ങളുമാണ്. മോദിയുടെ നോട്ട് നിരോധനവും സാമ്പത്തിക നിയന്ത്രണവും ജി എസ് ടി യുമെല്ലാം രാജ്യത്തുടനീളം കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും വികസന മുരടിപ്പും ക്ഷേമപദ്ധതികളുടെ നിശ്ചലാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഓരോ സംസ്ഥാനവും സാവധാനം അത്തരം സാഹചര്യങ്ങളില്‍ നിന്ന് മോചിതമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, തദ്ദേശീയമായ വരുമാന മാര്‍ഗങ്ങളേതുമില്ലാത്ത, ഭക്ഷ്യവസ്തുക്കള്‍ക്കായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന, ഗള്‍ഫ് നാടുകളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് നിരവധി പേര്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന കേരളത്തിന് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മോചനം നേടുക എന്നത് അടുത്ത കാലത്തൊന്നും സാധ്യമാവാനിടയില്ലാത്തതാണ്.
അക്കാരണത്താല്‍ ബഹു ഭൂരിപക്ഷം കേരളീയരുടെയും ജീവിത സാഹചര്യങ്ങള്‍ അയല്‍സംസ്ഥാനങ്ങളിലുള്ളവരുടെതിനേക്കാള്‍ ശോചനീയമാവാനുള്ള സാധ്യതയാണുള്ളതെന്ന് ഒരോ മലയാളിയും തിരിച്ചറിയാന്‍ വൈകിക്കൂടാ.
കേരളത്തില്‍ ഭക്ഷ്യോത്പന്നങ്ങള്‍ കൃഷി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കാറുള്ള വാഗ്ദാനങ്ങളും ധനസഹായ പദ്ധതികളും നഷ്ടപരിഹാര നടപടികളുമെല്ലാം പാലിക്കപ്പെടാതെ പോവാറാണ് പതിവ്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരവാസത്തിന് തീരുമാനിച്ച പ്രവാസികള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് തുടക്കം കുറിച്ച കാലി ഫാമുകളും കോഴിഫാമുകളുമെല്ലാം വര്‍ഷങ്ങള്‍ക്കകം അടച്ച് പുട്ടാനുള്ള കാരണമെന്തായിരുന്നു? ബന്ധപെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമീപനം അത്തരം കര്‍ഷകര്‍ക്ക് ഗുണകരമായിരുന്നോ? ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതി ലക്ഷ്യമാക്കിയുള്ള പെരുമാറ്റ രീതികള്‍ വ്യവസായ സംരംഭകരെ പിന്‍മാറാന്‍ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നു. ഇക്കാരണങ്ങളാല്‍ കേരളം വരുംകാലങ്ങളിലും ഉപഭോക്തൃ സംസ്ഥാനമായി നിലകൊള്ളുകയും തത്ഫലമായി തൊഴിലും പണവും ഇല്ലാത്തവരുടെ എണ്ണം കൂടിവരികയും അനേക കാലത്തെ കഠിന പ്രയത്‌നങ്ങളാല്‍ കൈവരിച്ച വിദ്യാഭ്യാസപരവും ആരോഗ്യപരവും സാംസ്‌കാരികവുമായ നേട്ടങ്ങളത്രയും നശിക്കുകയും ചെയ്യും.