Connect with us

Articles

ജിഗ്‌നേഷ് മേവാനിയും ദളിത് സമൂഹവും

Published

|

Last Updated

ഗുജറാത്ത് രാഷ്ട്രീയത്തില്‍ ജിഗ്‌നേഷ് മേവാനിയെ പോലുള്ള ഒരു യുവനേതാവ് തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത് അത്ഭുതത്തോടെയും അതേസമയം പ്രതീക്ഷയോടെയുമാണ് ഇന്ത്യ നോക്കിക്കാണുന്നത്. അധികാരവും പണവും രാഷ്ട്രീയ പ്രതാപവുമെല്ലാം മുന്നോട്ട് വെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട മോദിയുടെ രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാണ് മേവാനി നല്‍കിയത്. ഗുജറാത്തില്‍ വരാന്‍പോകുന്ന രാഷ്ട്രീയ സമവാക്യത്തിന്റെ നല്ല സൂചന കൂടി മേവാനിയുടെ വിജയം നല്‍കുന്നുണ്ട്. ഗുജറാത്തിലെ പട്ടീദാര്‍ സമുദായത്തിന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചതിയും ഒത്തുതീര്‍പ്പും ബോധ്യമായതിന്റെ ഫലം കൂടിയാണിത്. വികസനം എന്ന മുദ്രാവാക്യം നിരന്തരം ഉയര്‍ത്തുകയും എന്നാല്‍ ആ വികസനം ഗ്രാമീണ മേഖലകളെ തൊട്ടുതീണ്ടാതെ കടന്നുപോകുകയും ചെയ്യുന്നത് അഭ്യസ്തവിദ്യരായ ഗുജറാത്തീ യുവത്വം കാണുന്നുണ്ടായിരുന്നു. 22 വര്‍ഷം കൊണ്ട് മോദി സാധിച്ചത് വരേണ്യവര്‍ഗത്തിന്റെ വളര്‍ച്ച മാത്രമായിരുന്നു എന്ന് സമകാലീന ഗുജറാത്തിന്റെ ഗ്രാമകാഴ്ചകള്‍ കാണിച്ചുതരും. കഴിഞ്ഞ രണ്ട് ദശകമായി തൊഴിലില്ലായ്മയും പട്ടിണിയും അരക്ഷിതാവസ്ഥയും ഗുജറാത്തിനെ വിട്ടൊഴിഞ്ഞിരുന്നില്ല. അവിടെയാണ് യുവത്വത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഹര്‍ദിക് പട്ടേലും അല്‍പേഷ് താക്കൂറും ജിഗ്‌നേഷ് യുവതുര്‍ക്കികളായി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗുജറാത്തിലെ വഡ്ഗം പ്രവിശ്യയില്‍ നിന്ന് 18,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജിഗ്‌നേഷ് ജയിക്കുന്നത്. അദ്ദേഹത്തോട് മത്സരിച്ച് തോറ്റത് ചെറിയ ആളല്ല; ബി ജെ പിയുടെ സമുന്നത നേതാവായ വിജയം ചക്രവര്‍ത്തിയാണ്. ഗുജറാത്തിന്റെ ചരിത്രത്തില്‍ വലിയ സംഭവമാണിത്.
ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കള്‍ പശു സംരക്ഷണ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സംഭവങ്ങള്‍ മാറിമറിയുന്നത്. ഈ സംഭവം ഗുജറാത്തിലെ ദളിതുകള്‍ക്കിടയില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കി. ഈ പ്രചോദന സമരങ്ങളെ മുന്നില്‍ നിന്ന് നയിക്കാന്‍ 36 കാരനായ ജിഗ്‌നേഷ് മേവാനിയെന്ന അഭിഭാഷകന്‍ തുനിഞ്ഞതോടെ ബി ജെ പിയുടെ അധികാര കേന്ദ്രങ്ങള്‍ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. “”നിങ്ങള്‍ പശുക്കളെ എടുത്തുകൊള്ളൂ. ഞങ്ങള്‍ക്ക് ഭൂമി തിരിച്ചുനല്‍കൂ”” എന്ന മുദ്രാവാക്യം ഗുജറാത്തിലെ ദളിത് സമൂഹം ഒന്നടങ്കം ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. “സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭ”മായി അത് രൂപാന്തരപ്പെട്ടു. ചത്ത പശുക്കളുടെ തൊലിയുരിഞ്ഞ് വില്‍പന നടത്തി ഉപജീവനം കഴിഞ്ഞ ഗുജറാത്തിലെ ദളിതന്റെ ശബ്ദം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറിട്ടു ഉയര്‍ന്നുകേട്ടത് രാഷ്ട്രീയ നിരീക്ഷകരെ ചിന്തിപ്പിച്ചു.

അതുവരെ തങ്ങളെ നയിക്കാന്‍ പ്രാപ്തനായ ഒരു നേതാവില്ലാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു ഗുജറാത്തിലെ ദളിത് വിഭാഗം. മോദി അധികാരത്തില്‍ വരുന്നത് ദളിതന്റെയും പിന്നോക്കക്കാരന്റെയും വോട്ടുകൂടി നേടിയാണെന്നത് വിസ്മരിക്കരുത്. അധികാരാനന്തരം അരികുവത്കരിക്കപ്പെട്ട വിഭാഗത്തെ മറക്കുന്ന മോദിയെയാണ് ജനം കണ്ടത്. അന്യായമായി കുത്തകകള്‍ക്കു വേണ്ടി പാവപ്പെട്ടവന്റെ ഭൂമി പോലും തട്ടിപ്പറിക്കാന്‍ മോദി മറന്നില്ല. ഭൂമിക്കു വേണ്ടിയുള്ള സമരമായി ദളിത് മുന്നേറ്റത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ മേവാനിക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. അതിനുവേണ്ടി ജിഗ്‌നേഷിന് കുറച്ചൊന്നുമല്ല വിയര്‍പ്പൊഴുക്കേണ്ടിവന്നത്. ഒരു ഇടത്തരം ദളിത് കുടുംബത്തില്‍ നിന്നും വന്ന മേവാനിക്ക് ദളിതുകളുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും നന്നായി തിരിച്ചറിയാന്‍ കഴിഞ്ഞു. സമൂഹത്തില്‍ അപമതിക്കപ്പെടേണ്ടവരല്ല ദളിതുകളെന്നും ഭൂമിയും സമ്പത്തും ദളിതനുകൂടി അവകാശപ്പെട്ടതാണെന്നും അദ്ദേഹം ബോധ്യപ്പെടുത്തിക്കൊടുത്തു. സാമ്പത്തിക സ്വാശ്രയത്വം എന്ന സ്വപ്‌നം ദളിതന്റെ അവകാശബോധത്തില്‍ ആഞ്ഞ് പതിപ്പിക്കാന്‍ ജിഗ്‌നേഷിന് കഴിഞ്ഞത് വലിയ നേട്ടമായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നുണ്ട്.
“ആസാദി കൂച്ച്” അഥവാ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രക്ഷോഭം എന്ന മുദ്രാവാക്യം ഗുജറാത്തിലെ ദളിതുകള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. എക്കാലവും വരേണ്യവര്‍ഗത്തിന്റെ തിട്ടൂരങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു ദളിതര്‍. ഈ മുദ്രാവാക്യത്തെ ബി ജെ പിയും ആര്‍ എസ് എസും ഒരുപോലെ വെറുക്കുകയും ഭയക്കുകയും ചെയ്ത ഒന്നാണ്. ഒരു കാലത്ത് ജെ എന്‍യുവില്‍ ഉയര്‍ന്നുകേട്ട അതേ മുദ്രാവാക്യമാണിത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവന്ന പലതരം പ്രക്ഷോഭങ്ങളെ ഇതുമായി കൂട്ടിയിണക്കാനോ ബന്ധം സ്ഥാപിക്കാനോ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭകരായ കനയ്യകുമാറിനെയും ഷെഹ്‌ല റാശിദിനെയും ഉമര്‍ ഖാലിദിനെയും പോലുള്ള വ്യക്തികളെ തങ്ങളുടെ മുദാവാക്യങ്ങളുമായി കൂട്ടിയിണക്കാന്‍ മേവാനിക്ക് അധികം അദ്ധ്വാനിക്കേണ്ടിവന്നില്ല. ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുതും വലുതുമായ പ്രക്ഷോഭനിരകളുമായി കൂട്ടുകൂടാന്‍ ഗുജറാത്തിലെ ദളിത് മുന്നേറ്റങ്ങള്‍ക്ക് കഴിഞ്ഞു എന്നത് മേവാനിയുടെ നേതൃപാടവത്തിന്റെ തെളിവ് കൂടിയാണ്. കര്‍ണാടകയില്‍ ഹിന്ദുത്വ ശക്തികളാല്‍ വധിക്കപ്പെട്ട ഗൗരിലങ്കേഷ് അതില്‍ ഒരു കണ്ണിയായിരുന്നു.

രാജ്യത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ കേസ് നടത്തിപ്പുകാരനായ പ്രമുഖ അഭിഭാഷകന്‍ മുകുള്‍ സിന്‍ഹയുടെ കീഴെ ജോലി ചെയ്തതിന്റെ അനുഭവസമ്പത്ത് ജിഗ്‌നേഷിനുണ്ട്. ഒരു അഭിഭാഷകന്‍ എന്നതിനപ്പുറം നല്ലൊരു സംഘാടകന്‍ കൂടിയായ മുകള്‍ സിന്‍ഹയുടെ സാന്നിധ്യം മേവാനിയുടെ വ്യക്തിത്വത്തെ നിര്‍ണയിച്ച ഘടകമാണ്. അഹമ്മദാബാദില്‍ രൂപവത്കരിച്ച ഇടതുപക്ഷ സോഷ്യലിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനം അടുത്തറിയാന്‍ കഴിഞ്ഞത് മേവാനിയുടെ പ്രത്യയശാസ്ത്രത്തെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. അടിസ്ഥാനവര്‍ഗത്തിന്റെ ചൂടും ചൂരുമുള്ള അനുഭവപശ്ചാത്തലമാണ് അദ്ദേഹത്തിന്റെ കൈമുതലെന്നര്‍ഥം. ഒരുവേള ആം ആദ്മി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മേവാനി. ഉന പ്രക്ഷോഭം ശക്തമാക്കിയ കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂട്ടുകെട്ട് ബി ജെ പി ഒരായുധമാക്കി മാറ്റിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായത്. ദളിത് പ്രക്ഷോഭത്തെ നേരിടാന്‍ ഒരു രാഷ്ട്രീയ ആയുധമാക്കി ഈ ബന്ധത്തെ ബി ജെ പി ദുരുപയോഗം ചെയ്യുമോ എന്ന ഭയം മേവാനിക്കുണ്ടായിരുന്നു. എങ്കിലും ഇന്ത്യ നേരിടുന്ന രാഷ്ട്രീയപരവും നൈതികപരവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് കൂട്ടുചേരുന്നതില്‍ വിമുഖത ഒരിക്കലും മേവാനി കാണിച്ചിട്ടില്ല.
ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ് ഭീകരതയെ ഇല്ലായ്മ ചെയ്യുന്നതിലൂടെ മാത്രമേ ദളിതുകളുടെ മോചനം സാധ്യമാകൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ് ജിഗ്‌നേഷ്. ആ അര്‍ഥത്തില്‍ അദ്ദേഹത്തിന്റെ മുമ്പിലുള്ള മുഖ്യശത്രു ഫാസിസത്തെ പാലൂട്ടി വളര്‍ത്തുന്ന ബി ജെ പി നയം തന്നെയാണ്. അതിനെ ഫലപ്രദമായി നേരിടാന്‍ സമാന ചിന്താഗതിക്കാരായ ആളുകളുടെ പിന്തുണയും ആര്‍ജവവും ആവശ്യമാണെന്ന് അദ്ദേഹം കരുതുന്നു. ഈയൊരു ചിന്താഗതി ഉണ്ടായതുകൊണ്ടായിരിക്കണം ദളിതുകള്‍ മാത്രമല്ല, ജീവിതത്തിന്റെ നാനാതുറകളിലുള്ള ജനസമൂഹം അദ്ദേഹത്തെ കേള്‍ക്കാന്‍ തടിച്ചുകൂടിയത്. ഈ സ്വീകാര്യതയെ ഒരു ബഹുജന അടിത്തറയുള്ള ഇടതുപക്ഷ മുന്നേറ്റമാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിയുമോ എന്നതാണ് ജനാധിപത്യ മതേതര വിശ്വാസികള്‍ ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അതൊരു പുതിയ കാല്‍വെപ്പ് തന്നെയായിരിക്കും.

Latest