വിനോദ് റായിയും ബിജെപിയും മാപ്പ് പറയണമെന്ന് കപില്‍ സിബല്‍

Posted on: December 21, 2017 2:24 pm | Last updated: December 21, 2017 at 8:52 pm

ന്യൂഡല്‍ഹി: ടുജി കേസ് കോടതി വിധിയോടെ മുന്‍ സിഎജി വിനോദ് റായിയും അന്ന് പ്രതിപക്ഷമായിരുന്ന ബിജെപിയും രാജ്യത്തോട് മാപ്പ് പറയാന്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ടെലികോം മന്ത്രിയുമായ കപില്‍ സിബല്‍.

ആരോപണം ഉയര്‍ന്ന വേളയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിനെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനായിരുന്നു ശ്രമം. 2008ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ ആരോപണങ്ങളെ തുടര്‍ന്ന് 2012ല്‍ സുപ്രീം കോടതി റദ്ദാക്കിയ വിധിയും തെറ്റായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ടെലികോം മേഖലയെ പിന്നോട്ടടിക്കാനാണ് വിനോദ് റായിയും പ്രതിപക്ഷത്തിരുന്ന ബിജെപിയും ശ്രമിച്ചതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. ടുജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചത് വഴി 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് 2010ല്‍ വിനോദ് റായ് കണ്ടെത്തിയിരുന്നു.