ക്രിസ്മസ് ആഘോഷ പരിപാടി ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ അലങ്കോലമാക്കി

Posted on: December 21, 2017 10:00 am | Last updated: December 21, 2017 at 11:51 am

പ്രതാപ്ഗഡ്: രാജസ്ഥാനിലെ പ്രതാപ്ഗഢില്‍ ക്രിസ്മസ് ആഘോഷപരിപാടി ഹിന്ദു സംഘടന അലങ്കോലമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് കരോള്‍ സംഘത്തിന് നേരെ അതിക്രമം നടത്തിയത്. എന്നാല്‍, പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാതിരുന്ന പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി പ്രതാപ്ഗഡിലെ മസീഹ് ശക്തി സമിതിയെന്ന സംഘടന ആദിവാസികള്‍ക്കിടയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിനിടയിലേക്കാണ് മുദ്രാവാക്യം വിളികളോടെ ഒരു കൂട്ടം ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ എത്തിയത്. പരിപാടി അലങ്കോലമാക്കിയ പ്രവര്‍ത്തകര്‍ പുസ്തകങ്ങളും ആരാധനാ വസ്തുക്കളും എറിഞ്ഞു നശിപ്പിച്ചു. പരിപാടിക്കിടെ പോലീസിന്റെ അകമ്പടിയോടെ 20ഓളം ആളുകളെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് സംഘാടകരിലൊരാളായ കാരു ലാല്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ക്രിസ്മസ് പരിപാടിക്ക് നേരെ ഭീഷണി ഉണ്ടായിരുന്നു. സ്വകാര്യ സ്‌കൂളുകളില്‍ ക്രിസ്മസ്-പുതുവത്സര പരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് ഹിന്ദുത്വ വാദികള്‍ ആവശ്യപ്പെടുന്നത്.