ദോക്‌ലാമില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് ചൈന

Posted on: December 21, 2017 6:48 am | Last updated: December 20, 2017 at 11:49 pm

ബീജിംഗ്: ദോക്‌ലാമില്‍ ഇരു സൈന്യങ്ങളും മുഖാമുഖം നിലയുറപ്പിച്ചത് ഉഭയകക്ഷി ബന്ധത്തിലെ വലിയ പരീക്ഷണമാണെന്നും ഇതില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് ഭാവിയില്‍ ഇത്തരം സ്ഥിതിഗതികള്‍ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും ചൈന.
20ാമത് ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് ചൈനയുടെ അഭിപ്രായപ്രകടനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജീചി എന്നിവരാണ് ഈ മാസം 22ന് ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തുക.

അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. സിക്കിം സെക്ഷനില്‍ 73 ദിവസം നീണ്ടുനിന്ന സൈനിക മുഖാമുഖത്തിന് ശേഷം നടക്കുന്ന ആദ്യവട്ട ചര്‍ച്ചകള്‍ ഏറെ സുപ്രധാനമാണ്.