താജുല്‍ ഉലമ തരുന്ന ഊര്‍ജം

Posted on: December 21, 2017 6:31 am | Last updated: December 20, 2017 at 11:33 pm

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അജയ്യനായ അധ്യക്ഷനായിരുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെ നാലാമത് ഉറൂസ് മുബാറക് ഇന്ന് സമാപിക്കുകയാണ്. വിയോഗത്തിന്റെ നാലാണ്ട് കഴിയുമ്പോഴും നമ്മുടെ പ്രാസ്ഥാനികരംഗത്തു നിറസാന്നിധ്യം പോലെ സജീവമാണ് ആ മഹാന്റെ ഓര്‍മകള്‍. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെയും മുന്നേറ്റത്തിന്റെയും മുന്നില്‍ നിന്ന് നയിച്ച ഉള്ളാള്‍ തങ്ങള്‍ നമുക്കെന്നും ഊര്‍ജ്ജവും ധൈര്യവുമാണ്.

ജീവിതത്തില്‍ പുലര്‍ത്തിയ സൂക്ഷ്മതയും നില നിര്‍ത്തിയ നന്‍മയും അവിടുത്തെ ജീവിതത്തെ വേറിട്ടു നിര്‍ത്തുന്നു.സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന്റെ പുന:സൃഷ്ടിക്കായ് സ്വയം മാതൃകാ ജീവിതത്തിലൂടെ അവിടുന്ന് നേതൃത്വം നല്‍കി. സത്യത്തിന്റെ സംസ്ഥാപനത്തിന് വേണ്ടി ശക്തമായി നിലകൊണ്ടു. അതിനൊപ്പം മറ്റൊന്നും യോജിച്ചുപോകില്ലെന്ന് ഉറച്ച് വിശ്വസിച്ചു. ആ സത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി സമസ്തയുടെ മുശാവറ യോഗത്തില്‍ നിന്ന് സധൈര്യം ഇറങ്ങി വന്ന് ചരിത്രപരമായ ദൗത്യം നിര്‍വ്വഹിച്ചു. ഇസ്ലാമിക സംഘാടനത്തിനും സമുദായ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയായി. മുസ്ലിം കേരളത്തിന്റെ ആത്മീയ സദസ്സുകളെ കൂടുതല്‍ ആരോഗ്യകരമാക്കിയ തങ്ങള്‍ ഈ സമുദായത്തിന് താങ്ങും തണലുമായിരുന്നു. സാഹചര്യങ്ങുടെ സമ്മര്‍ദ്ദങ്ങളെയോ പ്രലോഭനങ്ങളെയോ ഒരിക്കലും തങ്ങള്‍ കാര്യമാക്കിയില്ല. എന്നും സത്യം തുറന്ന് പറഞ്ഞു. അവിടുത്തെ ആഹ്വാനങ്ങളും സന്ദേശങ്ങളും ആയിരങ്ങളെ ആവേശം കൊള്ളിച്ചു. അഹ്‌ലുസുന്നയുടെ ധീര ശബ്ദമായിരുന്ന ആ ജീവിതത്തിന് മുന്നില്‍ അപശബ്ദങ്ങും അപവാദ പ്രചാരണങ്ങും തീര്‍ത്തും നിശ്ശബ്ദമായി.

ഓര്‍മകളാണ് ഓരോ ചരിത്രത്തെയും സജീവമായി നിലനിര്‍ത്തുന്നത്. താജുല്‍ ഉലമായെ കുറിച്ചുള്ള പുഷ്‌കലമായ ഓര്‍മകള്‍ നമ്മുടെ പ്രാസ്ഥാനിക ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളാണ്. മഹാന്‍മാരുടെ അനുസ്മരണങ്ങള്‍ ഇസ്‌ലാമില്‍ പുണ്യമുള്ളതാണ്. അതിലൂടെ എന്തെങ്കിലും ആഘോഷിക്കപ്പെടുക മാത്രമല്ല വേണ്ടത്. ആ മഹാന്‍മാരെ അംഗീകരിക്കലും അവിടുത്തെ ജീവിതം അനുധാവനം ചെയ്യുകയും വേണം. നമുക്കെന്നും മുന്നില്‍ വെളിച്ചമായിരുന്ന താജുല്‍ഉലമ എന്നും നമുക്കൊപ്പമുണ്ടെന്ന തിരിച്ചറിവിലേക്ക് നമുക്ക് തിരിച്ചു പോകാന്‍ കഴിയണം.