മന്‍മോഹന്‍സിംഗിനെതിരായ പാക്ക് ആരോപണം; ആരും മാപ്പ് പറയില്ലെന്ന് വെങ്കയ്യ നായിഡു

  • പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത് പാര്‍ലമെന്റിലല്ലെന്ന് വെങ്കയ്യ നായിഡു.
  • പാലര്‍ലമെന്റില്‍ പ്രതിഷേധിക്കേണ്ട രീതി ഇതല്ല.
Posted on: December 20, 2017 7:26 pm | Last updated: December 21, 2017 at 11:20 am

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണവുമായി ബന്ധപ്പെട്ട് രാജ്യസഭ ഇന്നും സ്തംഭിച്ചു. പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിന് ആരും മാപ്പ് പറയില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യസഭയില്‍ ബഹളംവച്ച പ്രതിപക്ഷാംഗങ്ങളോടാണ് ‘ആരും മാപ്പു പറയാന്‍ പോകുന്നില്ലെന്ന്’ രോഷാകുലനായി വെങ്കയ്യ നായിഡു പറഞ്ഞത്.

പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് പാര്‍ലമെന്റിലല്ലെന്നും അതുകൊണ്ടുതന്നെ ഇവിടെ ആരും മാപ്പു പറയാന്‍ പോകുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പാര്‍ലമെന്റില്‍ പ്രതിഷേധിക്കേണ്ട രീതി ഇതല്ലെന്നും ഉപരാഷ്ട്രപതി കൂടിയായ വെങ്കയ്യ നായിഡു പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് മോദി ആരോപിച്ചിരുന്നു.

പ്രധാനമന്ത്രി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും ഇത് ശരിയായ രീതിയല്ലെന്നും മന്‍മോഹന്‍സിംഗ് മറുപടി നല്‍കി. ആരോപണം പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തുകയും ചെയ്തു.

തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ മോദി മാപ്പു പറയണമെന്ന ആവശ്യം ശക്തമാക്കി എംപിമാര്‍ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഉച്ചയ്ക്കു രണ്ടുമണിവരെ ഇരുസഭകളും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പിന്നീടു ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ രാജ്യസഭ പിരിഞ്ഞു.