തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ കാര്‍ട്ടൂണ്‍ ആയുധമാക്കി മുഹമ്മദ്

Posted on: December 20, 2017 9:15 am | Last updated: December 20, 2017 at 9:19 am

മിനിയാപോളിസ് (യുഎസ്): ഇത് ആവറേജ് മുഹമ്മദ്. യഥാര്‍ഥ പേര് മുഹമ്മദ് അഹമ്മദ് എന്നാണ്. സോമാലിയയില്‍ നിന്ന് കുടിയേറി യു എസില്‍ എത്തിയ മുഹമ്മദിന് ഭീകരവാദത്തിന്റെ സംഹാരാത്മകത ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല. സലഫിസ്റ്റ് ഭീകര സംഘടനയായ അല്‍ ശബാബിന്റെ ക്രൂരമായ ആക്രമണങ്ങളുടെ നടുവില്‍ നിന്നാണ് അദ്ദേഹവും കുടുംബവും അമേരിക്കയില്‍ എത്തുന്നത്. അത്‌കൊണ്ട് തന്നെ ഈ നാല്‍പ്പതുകാരന്‍ തന്റെ ജീവിതം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഗ്യാസ് സ്റ്റേഷന്‍ മാനേജരായ മുഹമ്മദ് അഹമ്മദ് പതിവ് ജോലികള്‍ക്കിടയിലും തീവ്രവാദ വിരുദ്ധ ക്യാമ്പയിന് സമയം കണ്ടെത്തുന്നു.

കാര്‍ട്ടൂണുകളാണ് മുഹമ്മദിന്റെ ആയുധം. ആവറേജ് മുഹമ്മദ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം മാനവികതയുടെയും യഥാര്‍ഥ മതമൂല്യങ്ങളുടെയും പാഠങ്ങള്‍ സംസാരിക്കുന്നു. തീവ്രവാദികള്‍ വിധ്വംസക ആശയപ്രചാരണത്തിന് ഉപയോഗിക്കുന്ന അതേ ഇടം- ഇന്റന്‍നെറ്റ് തന്നെയാണ് എതിര്‍ പ്രചാരണത്തിന് മുഹമ്മദ് ഉപയോഗിക്കുന്നത്. തീവ്രവാദികളെ അവരുടെ മടയില്‍ ചെന്ന് നേരിടുന്നുവെന്ന് പറയാം. എട്ട് മുതല്‍ 16 വരെ വയസ്സുള്ള കുട്ടികളോടാണ് ആവറേജ് മുഹമ്മദ് സംവദിക്കുന്നത്. യൂ ടൂബിലും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലുമെല്ലാം കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കും. സ്‌കൂളുകളില്‍ ചെന്ന് കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച് കുട്ടികളുമായി സംവദിക്കും. ഇപ്പോള്‍ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരായി മാറിയിരിക്കുന്നുവെന്ന് മുഹമ്മദ് പറയുന്നു.

മിന്നസോട്ട് സ്റ്റേറ്റാണ് മുഹമ്മദ് അഹമ്മദിന്റെ പ്രധാന പ്രവര്‍ത്തന മണ്ഡലം. 37 ശതമാനം കുടിയേറ്റക്കാരുള്ള ഇവിടെ നിന്നാണ് ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഇസില്‍ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്നതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. മുമ്പ് അല്‍ ശബാബായിരുന്നു യുവാക്കളെ വഴിതെറ്റിക്കുന്ന പ്രചാരണം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇസിലാണ് മുന്നില്‍. മതമൂല്യങ്ങളെ വളച്ചൊടിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. കുടിയേറ്റ സമൂഹത്തിന്റെ സ്വത്വ പ്രതിസന്ധികളെ അവര്‍ മുതലെടുക്കുന്നു. എടുത്തു ചാട്ടക്കാരായ യുവാക്കളെ അവര്‍ക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. ഇസിലിനെ സൈനികമായി തകര്‍ത്തുവന്ന് പറയുമ്പോഴും വെര്‍ച്ച്വല്‍ ലോകത്ത് അവര്‍ സജീവമാണെന്ന് മുഹമ്മദ് അഹമ്മദ് പറയുന്നു. ഇതല്ല ഇസ്‌ലാമെന്ന് പ്രചരിപ്പിച്ചേ തീരൂ. ഇസ്‌ലാം അടിമത്വത്തിനെതിരാണ്. ഇസില്‍ മനുഷ്യരെ അടിമകളാക്കുന്നു. മതത്തില്‍ ബലാത്കാരമില്ല. എന്നാല്‍ ഇസില്‍ മനുഷ്യരെ കൊന്ന് തള്ളുന്നു. ഇന്റര്‍നെറ്റാണ് അവരുടെ ആയുധം. സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി അവര്‍ക്ക് വിധ്വംസക ആശയം പ്രചരിപ്പിക്കാന്‍.

തീവ്രവാദത്തില്‍ ആകൃഷ്ടരാകുന്ന ആരും പള്ളികളില്‍ നിന്നോ പണ്ഡിതരില്‍ നിന്നോ മതം പഠിച്ചവരല്ല. ഇന്റര്‍നെറ്റാണ് അവരുടെ മുഫ്തി. ഇതിനെതിരെ അതേ തന്ത്രം പയറ്റുകയാണ് താനെന്നും മുഹമ്മദ് അഹമ്മദ് പറയുന്നു. ആവറേജ് മുഹമ്മദ് എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ ആനിമേഷന്‍ നടത്തുന്നത് ചെന്നൈയിലെ സുഹൃത്താണ്. ശബ്ദ മിശ്രണം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളയാളാണ് നിര്‍വഹിക്കുന്നത്. തയ്യാറാക്കുന്നത് മുസ്‌ലിമായ ഞാന്‍. ഇത് തന്നെയാണ് ലോകത്തിന് നല്‍കാനുള്ള മാതൃകയെന്നും മുഹമ്മദ് പറഞ്ഞു.

ഈ വര്‍ഷത്തെ സിറ്റിസണ്‍ ഡിപ്ലമാറ്റ് അവാര്‍ഡ് മുഹമ്മദ് അഹമ്മദിനായിരുന്നു. നിരവധി പേര്‍ ഈ സംരംഭത്തെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. വധഭീഷണിയുടെ നടുവില്‍ നിന്നാണ് തന്റെ കാര്‍ട്ടൂണ്‍ പ്രതിരോധവുമായി മുഹമ്മദ് മുന്നോട്ട് പോകുന്നത്. സോമാലി അമേരിക്കന്‍ ടാസ്‌ക് ഫോഴ്‌സ് അംഗമാണ് അദ്ദേഹം. ഫ്രീ മുസ്‌ലിം കൊയലീഷന്‍ എഗൈന്‍സ്റ്റ് ടെററിസം ചാപ്റ്റര്‍ പ്രസിഡന്റുമാണ് മുഹമ്മദ്.