Connect with us

Editorial

രാഷ്ട്രീയം വ്യക്തി കേന്ദ്രീകൃതമാകുമ്പോള്‍

Published

|

Last Updated

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ മുന്നേറ്റം രാഹുല്‍ ഗാന്ധിയുടെ നേതൃത്തിന് ലഭിച്ച അംഗീകാരമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഷയില്‍. ബി ജെ പിയുടെ സീറ്റുകളിലും വോട്ടിംഗ് നിലയിലും പ്രകടമായ ഗണ്യമായ കുറവ് മോദിയുടെ പ്രഭാവത്തിനേറ്റ ക്ഷതവും. 2014 ലെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ബി ജെ പി ഭൂരിപക്ഷം നേടിയപ്പോള്‍ അത് നരേന്ദ്രമോദിയുടെ പ്രഭാവത്തിന്റെ വിജയമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് ബി ജെ പി തൂത്തുവാരിയത് “മോദിമാജിക്കാ”യും കോണ്‍ഗ്രസിന്റെ പതനം രാഹുലിന്റെ കഴിവുകേടായും വ്യാഖ്യാനിക്കപ്പെട്ടു. ഭരണ കക്ഷിക്ക് തിരഞ്ഞെടുപ്പുകളിലേല്‍ക്കുന്ന ആഘാതത്തിന്റെ യഥാര്‍ഥ കാരണം പലപ്പോഴും സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളോ, വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങളോ കാര്‍ഷിക രംഗത്തെ തകര്‍ച്ചയോ ഒക്കെ ആയിരിക്കാം. ഇതൊന്നും വിശകലനങ്ങളില്‍ കാര്യമായി കടന്നു വരാറില്ല.

ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനം മോദി എന്ന വ്യക്തിയിലേക്ക് ചുരുങ്ങിപ്പോകുമ്പോള്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയിലേക്ക് ഒതുങ്ങുകയാണ്. ബി എസ് പി എന്നാല്‍ മായാവതിയും ആര്‍ ജെ ഡി സമം ലാലുപ്രസാദ് യാദവുമാണ്. അളവില്‍ ഏറ്റവ്യത്യാസമുണ്ടാകാമെങ്കിലും കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേട്ടങ്ങളിലും വളര്‍ച്ചയിലും അതിന്റെ തലപ്പത്തുള്ള മറ്റു നേതാക്കള്‍ക്കും അണികള്‍ക്കും പങ്കുണ്ട്. അവരൊന്നും ചിത്രത്തില്‍ വരുന്നില്ല. സുപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതില്‍ പോലും മറ്റുള്ളവരുടെ അഭിപ്രായം ആരായുന്നില്ല. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇതെത്രത്തോളം കരണീയമാണ്? ഇത്തരം രാഷ്ട്രീയ പരിണാമത്തില്‍ ഏകാധിപത്യ പ്രവണതകള്‍ കടന്നുവരിക സ്വാഭാവികമാണ്. ബേങ്ക് ദേശവത്കരണത്തിലൂടെയും രാജാക്കന്മാര്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയും ഇന്ദിരാഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയെടുത്ത വ്യക്തി അധിഷ്ഠിത രാഷ്ട്രീയം അവസാനം അടിയന്തരാവസ്ഥയിലാണല്ലോ കോണ്‍ഗ്രസിനെ എത്തിച്ചത്.
വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചവരില്‍ മുന്‍പന്തിയില്‍ നേരത്തെ മോദി ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കളായിരുന്നു. എന്നാല്‍ അത്തരമൊരു ആരോപണത്തിന് ഇന്നേറ്റവും അര്‍ഹത ബി ജെ പിക്കാണ്. നരേന്ദ്രമോദി എന്ന ഒരേഒരു നേതാവേ ഉള്ളൂ ബി ജെ പിക്ക് ഇപ്പോള്‍. പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത മറ്റു നേതാക്കളൊക്കെ അവഗണിക്കപ്പെടുകയോ ഒതുക്കപ്പെടുകയോ അവഹേളിക്ക പ്പെടുകയോ ആണ്. എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ തുടങ്ങിയവരൊന്നും ഇന്ന് ചിത്രത്തിലേ ഇല്ല. മോദി എന്ന ഒറ്റയാനാണ് പാര്‍ട്ടിയിലെ ഹൈക്കമാന്റ.് ഒന്നുകില്‍ മോദി പറയുന്നത് അപ്പടി അനുസരിക്കുക, അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. പുറമെ വിമര്‍ശങ്ങള്‍ക്ക് അച്ചടക്ക നടപടിയും.

രണ്ട് വിധമുണ്ട് നേതൃപ്രഭാവം. ഒന്ന് വ്യക്തി പ്രാഗത്ഭ്യം കൊണ്ടും കറകളഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെയും ജനസേവനത്തിലൂടെയും സ്വഭാവ ഗുണത്തിലൂടെയും മറ്റും കൈവരുന്നതാണ്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ മുഹമ്മദലി തുടങ്ങിയവര്‍ ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയത് അങ്ങനെയാണ്. വില കൊടുത്തും മാധ്യമങ്ങളെ സ്വാധീനിച്ചും സ്വയം എടുത്തണിയുന്ന വ്യാജമായ വ്യക്തിപ്രഭാവമാണ് മറ്റൊന്ന്. വിദേശ രാഷ്ട്രങ്ങള്‍ വിസ നിഷേധിച്ച മോദി, ഗുജറാത്തിലെ വികസനം പെരുപ്പിച്ചു കാട്ടി മാധ്യമങ്ങളുടെ സഹായത്തോടെ എടുത്തണിഞ്ഞ “വികാസ് പുരുഷ”ന്റെ സഹായത്തോടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ കടന്നു കയറിയത്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെ സ്വാധീനിച്ചും വിദേശ പി ആര്‍ ഏജന്‍സികളുടെ സഹായത്താലുമെല്ലാം ആര്‍ എസ് എസ് വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെടുത്തിയതാണ് മോദിയുടെ വികസന മുഖം. ഇതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിജയത്തിന്റെ അടിത്തറയായി ഉയര്‍ത്തിക്കാട്ടുന്നതും പബ്ലിക്ക് റിലേഷന്‍ ഏജന്‍സികള്‍ക്ക് കോടികള്‍ നല്‍കി പൊതുജന മനസ്സാക്ഷിയെ സ്വാധീനിക്കുന്നതും ജനാധിപത്യ സംവിധാനത്തില്‍ എങ്ങനെയാണ് ന്യായീകരിക്കാനാവുക? രാഹുല്‍ ഗാന്ധിയില്‍ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന പ്രചാരണ ശൈലിയും ജനാധിപത്യ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല.
ജനാധിപത്യത്തിന്റെ കാതലായ വ്യവസ്ഥാപിത സംവിധാനങ്ങളായ പാര്‍ലിമെന്റ് പോലുള്ള സഭകളിലെ ചര്‍ച്ചകള്‍ക്ക് അവസരം നിഷേധിക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി ഭരണം നടത്താനുള്ള ക്ഷമ നഷ്ടമാകുന്നതും രാഷ്ട്രീയത്തിന് സംഭവിച്ച ഈ അപചയത്തിന്റെയും വകഭേദത്തിന്റെയും ഫലമാണ്.