മഞ്ജുഷയും ജുമൈലയും മനസ്സില്‍ വരേണ്ട നേരം

2016ലാണ് പ്രവാസികള്‍ക്ക് സുരക്ഷിത്വം നല്‍കാന്‍ ഐക്യ രാഷ്ട്രസഭയും ലോക രാജ്യങ്ങളും ഗ്ലോബല്‍ കോംപാക്ട് രേഖയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതനുസരിച്ച് ഒരു വ്യക്തിക്ക് സുരക്ഷിതവും ക്രമപരവും സ്ഥിരവുമായ പ്രവാസം സ്വീകരിക്കുന്ന സാഹചര്യം ഉണ്ടാകണം. പ്രവാസിയുടെ മനുഷ്യാവകാശവും തൊഴില്‍ അവകാശവും സംരക്ഷിക്കാനുള്ള കരുത്തും ഐക്യ രാഷ്ട്രസഭ ഉദ്ദേശിക്കുന്നു. 2018ല്‍ വീണ്ടും യു എന്നില്‍ ലോകരാജ്യങ്ങള്‍ ഒത്തുചേരുമ്പോള്‍ ഈ രേഖക്ക് ഒരു രൂപം ഉണ്ടാകാന്‍ ഇടയുണ്ട്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ പ്രവാസികളെ അയക്കുന്ന രാജ്യമായ ഇന്ത്യ ഈ രേഖയുടെ രൂപവത്കരണത്തിന് എത്രമാത്രം പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്നത് പ്രസക്തമാകുന്നത്. വരുന്ന മാസങ്ങളില്‍ ന്യൂയോര്‍ക്കിലും ഡല്‍ഹിയിലും ഇതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രൂപരേഖ ഉണ്ടാക്കുന്നവരുടെ മനസ്സില്‍ മഞ്ജുഷയും ജുമൈലയും ഇടം നേടേണ്ടതുണ്ട്.    
Posted on: December 20, 2017 6:39 am | Last updated: December 19, 2017 at 11:47 pm

ഭര്‍ത്താവ് ഉപേക്ഷിച്ച തിരുവനന്തപുരം പാലോട് സ്വദേശിനി മഞ്ജുഷ സ്‌കൂള്‍ വിദ്യാര്‍ഥികളായ തന്റെ രണ്ടു പെണ്‍മക്കളെ വളര്‍ത്തുന്നതിനുള്ള പണം കണ്ടെത്താനായിരുന്നു ഗള്‍ഫില്‍ അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിയത്. പക്ഷേ, പ്രതീക്ഷിച്ചതായിരുന്നില്ല അറബിയുടെ വീട്ടില്‍ നിന്നുള്ള അനുഭവം. എട്ട് മാസത്തെ നരകയാതനകള്‍ക്ക് ശേഷം മാനസികവും ശാരീരികവുമായ അവശതകളും പേറി വെറും കൈയോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഇനി ഒരിക്കലും ഗള്‍ഫ് പ്രവാസത്തിനില്ല എന്ന തീരുമാനത്തോടെയായിരുന്നു മടക്കം.

32 പേരുള്ള ആ വീട്ടില്‍ ദിവസവും കുറഞ്ഞത് 20 മണിക്കൂര്‍ എങ്കിലും ജോലി ചെയ്യേണ്ടി വരും. നേരെ ചൊവ്വേ ഭക്ഷണം കിട്ടാത്തതുകൊണ്ട് പല ദിവസങ്ങളിലും ജീവന്‍ നിലനിര്‍ത്താന്‍ വീട്ടിലെ ചവറ്റുകുട്ടയില്‍ നിന്നും എച്ചില്‍ വാരി തിന്നിട്ടുണ്ട്. ജീവനോടെ തിരിച്ചുവന്നതു തന്നെ വലിയ ഭാഗ്യമെന്ന് വേദനകള്‍ മാത്രം സമ്മാനിച്ച പ്രവാസത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് മഞ്ജുഷ പറഞ്ഞു.

മഞ്ജുഷയുടെത് ഒറ്റപ്പെട്ട അനുഭവമല്ല. തിരുവനന്തപുരത്തെ നെടുമങ്ങാട് സ്വദേശി ജുമൈലക്ക് നേരിട്ടതും സമാന അനുഭവം ആണ്. പകല്‍ വെളിച്ചം പോലും കാണാനാവാത്ത നാളുകളായിരുന്നു ജുമൈലക്ക്. സ്‌റ്റോര്‍ റൂമിലെ ചവറുകള്‍ക്കു മുകളിലായിരുന്നു അന്തിയുറക്കം. ആ നാളുകളില്‍ ഏറ്റവും കൂടുതല്‍ ഉറങ്ങിയത് ഒരൊറ്റ ദിനം മാത്രമായിരുന്നു. അതും വെറും നാലുമണിക്കൂര്‍. അവിടെ വെച്ചുതന്നെ മരിച്ചുപോവുമെന്നാണ് കരുതിയത്. പക്ഷേ ആയുസ്സുണ്ടായിരുന്നതു കൊണ്ട് രക്ഷപെട്ടു’. ഇത് പറയുമ്പോള്‍ ജുമൈലാ ബീവി നിറഞ്ഞ കണ്ണുകള്‍ മറച്ചുപിടിക്കാന്‍ ഓലപ്പുരയില്‍ കൈ ചാരി നിന്ന് തട്ടം കൊണ്ട് കണ്ണ് മറച്ചു…
മഞ്ജുഷയും ജുമൈലയും ഗള്‍ഫില്‍ പോയത് സ്വകാര്യ ഏജന്‍സികള്‍ വഴിയാണ്. മഞ്ജുഷയെ കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ‘ചവിട്ടി കയറ്റാന്‍’ സാധിക്കാത്തത് കൊണ്ട് മംഗലാപുരത്തേക്ക് കൊണ്ടുപോയി. അവിടെയും അനുയോജ്യ സാഹചര്യത്തിന് വേണ്ടി നാല് ദിവസം കാത്തുനില്‍ക്കേണ്ടി വന്നു. ഭയപ്പെടുത്തുന്ന ലോഡ്ജില്‍ ഭക്ഷണം പോലും തരാതെ താമസിപ്പിച്ചു. വിശപ്പ് അസഹനീയമായിരുന്നു. പക്ഷേ ഒരു ജോലിക്കുവേണ്ടി പോവുകയാണല്ലോ… മക്കള്‍ക്ക് വേണ്ടി ആണല്ലോ… എന്ന് ഓര്‍ത്തപ്പോള്‍ വിശപ്പൊന്നും കാര്യമാക്കിയില്ല. നാല് ദിവസങ്ങള്‍ക്ക് ശേഷം ഏജന്‍സി പ്രതിനിധികള്‍ ഗള്‍ഫിലേക്ക് കയറ്റിവിട്ടു. ഗള്‍ഫിലെ അടിമപ്പണിക്കു ഇനി ഒരിക്കലും പോകില്ലെന്ന് മഞ്ജുഷ ആവര്‍ത്തിച്ചു പറഞ്ഞു. മഞ്ജുഷ ഒരാഴ്ച കൊണ്ടാണ് മണല്‍ നാട്ടില്‍ എത്തിയത് എങ്കില്‍ ജുമൈലക്ക് അവിടെയെത്താന്‍ 14 ദിവസം വേണ്ടിവന്നു.
ഗള്‍ഫിലേക്കുള്ള യാത്രക്കിടയില്‍ വേശ്യാലയത്തില്‍ പോലും ജുമൈലക്ക് താമസിക്കേണ്ടി വന്നു. ജുമൈലയും 18 മാസത്തെ ശമ്പളം വേണ്ടെന്നുവെച്ച് ജീവന്‍ രക്ഷിക്കാന്‍ അറബിയുടെ വീട്ടില്‍ നിന്നും ഒളിച്ചോടി പോരുകയായിരുന്നു. മഞ്ജുഷയെ അറബി അടിക്കുമായിരുന്നുവെങ്കില്‍ ജുമൈല പറഞ്ഞത് അവരുടെ അറബി കഴുത്തില്‍ തോക്കു വെച്ച് ഭീഷണിപ്പെടുത്തുമായിരുന്നു എന്ന്.

കേരളത്തില്‍ നിരവധി മഞ്ജുഷമാരും ജുമൈലമാരും ഉണ്ടെന്നാണ് കഴിഞ്ഞ 15 വര്‍ഷമായി ഇത്തരം സംഭവങ്ങളില്‍ രക്ഷകനായി എത്തിയിട്ടുള്ള റഫീഖ് റാവുത്തര്‍ പറയുന്നത്. ‘മഞ്ജുഷയും ജുമൈലയും ഭാഗ്യമുള്ളവര്‍. കഴിഞ്ഞ വര്‍ഷം മാത്രം ഗള്‍ഫില്‍ ഗാര്‍ഹിക തൊഴിലിനായി പോയി കാണാതായ 86 മലയാളി സ്ത്രീകളുടെ കേസുകള്‍ ആണ് ഞങ്ങളുടെ അടുത്ത് എത്തിയത്. അതില്‍ ഇനിയും ഒരു ഡസന്‍ കണ്ടെത്താനുണ്ടെന്നും റഫീഖ് റാവുത്തര്‍ പറഞ്ഞു.

ഇവരില്‍ ഒട്ടു മിക്കവരും സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് ഗള്‍ഫിലേക്ക് പോയിരിക്കുന്നത്. ഒട്ടും സുരക്ഷിതമല്ല സ്വകാര്യ ഏജന്‍സികള്‍ വഴി വിദേശത്തേക്കുള്ള തൊഴില്‍ അന്വേഷണം. പലപ്പോഴും അത് മനുഷ്യക്കടത്ത് എന്ന നിലയിലേക്ക് എത്തിച്ചേരും. സ്വകാര്യ ഏജന്‍സികള്‍ വഴി പോകുന്നവര്‍ക്ക് ന്യായമായ ശമ്പളം കിട്ടില്ല. തൊഴിലാളിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. എല്ലാറ്റിനുമുപരിയായി തൊഴിലാളിയെ അടിമയെ പോലെ കണക്കാക്കുന്ന ‘കഫാല’ സംവിധാനം ആണ് അറബ് രാജ്യങ്ങളില്‍ നിലവിലുള്ളത്. കഫാല പ്രകാരം തൊഴിലാളി തൊഴില്‍ ദാതാവിന്റെ ബന്ധനസ്ഥന്‍ ആയിരിക്കും. ഇങ്ങനെ ഇരിക്കെയാണ് 2014ല്‍ മനുഷ്യാവകാശ തൊഴില്‍ അവകാശ ലംഘനങ്ങള്‍ കൂടുതലായി നടക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ഇന്ത്യന്‍ സര്‍ക്കാര്‍ ഇ മൈഗ്രേറ്റ് എന്ന സംവിധാനം കൊണ്ടുവന്നത്.

ഇന്ത്യക്കാരായ തൊഴിലാളികള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള 18 വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് സര്‍ക്കാര്‍ അറിഞ്ഞു മാത്രം മതി എന്നാക്കി. ഗാര്‍ഹിക തൊഴിലാളികള്‍, നഴ്‌സുമാര്‍ എന്നിവരെ റിക്രൂട്ട് ചെയ്യുന്നത് സര്‍ക്കാര്‍ ഏജന്‍സി വഴിയുമാക്കി. ഒപ്പം സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഒട്ടനവധി നിബന്ധനകളും. അങ്ങനെ ഗള്‍ഫിലേക്കുള്ള തൊഴില്‍ അന്വേഷണം ക്രമപരവും സുരക്ഷിതവുമായ ഒരു പ്രവാസമാക്കുന്നതിന് ഒരു പരിധിവരെ സാധിച്ചു. എന്നാല്‍, ശക്തമായ നിയമങ്ങള്‍ പാലിക്കാന്‍ ഗള്‍ഫ് സര്‍ക്കാറുകള്‍ തയ്യാറാകാതെ ഇ മൈഗ്രേറ്റ് സംവിധാനത്തെ എതിര്‍ത്തു. അവര്‍ വീണ്ടും സ്വകാര്യ ഏജന്‍സികളെ സമീപിച്ചു. അതാകട്ടെ മനുഷ്യക്കടത്തിലേക്ക് നയിക്കുകയും ചെയ്തു.

മഞ്ജുഷയും ജുമൈലയും അതിനുള്ള ഉദാഹരണങ്ങള്‍ ആണ്. എന്നാല്‍, ഇപ്പോള്‍ പ്രായോഗിക നിയമങ്ങള്‍ കൊണ്ടുവരുന്നതിന് പകരം നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതോ നിലവിലെ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കുക മാത്രമാണ്. അത്തരത്തില്‍ ഒന്നാണ് ഈ കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേക്ക് ഒരു ഗാര്‍ഹിക തൊഴിലാളിയെ നിയമിക്കുമ്പോള്‍ അറബ് തൊഴില്‍ ദാതാവ് നല്‍കേണ്ട കരുതല്‍ ധനം എന്ന സംവിധാനം എടുത്തുകളഞ്ഞത്. കരുതല്‍ ധനം തൊഴിലാളിയുടെ ശമ്പള സുരക്ഷിതത്വത്തിന് ഏര്‍പെടുത്തിയതായിരുന്നു. മേല്‍പറഞ്ഞതെല്ലാം ഗാര്‍ഹിക തൊഴിലാളികളെ കുറിച്ചാണെങ്കില്‍ ഗള്‍ഫിലെ നിര്‍മാണ രംഗത്തും സേവന മേഖലയിലും ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നു. 2014 പകുതിയോടുകൂടി ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞത് ഗള്‍ഫിലെ തൊഴില്‍ മേഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ലോക ബേങ്കിന്റെ കണക്കു പ്രകാരം 2016 സെപ്തംബറില്‍ ആറു ഗള്‍ഫ് രാജ്യങ്ങളും കൂടി 153 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ബജറ്റ് കമ്മി ആണ് അനുഭവിച്ചത്. ആയിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്കാണ് എണ്ണ വിലയിടിവില്‍ തൊഴില്‍ നഷ്ടപെട്ടത്. സഊദിയിലെ ബിന്‍ലാദന്‍, ഓ ജി ആര്‍ എന്നീ കമ്പനികളില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ വാര്‍ത്തകള്‍ ആയെങ്കിലും മറ്റു പല ഗള്‍ഫ് രാജ്യങ്ങളിലും സമാനരീതിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നിരവധി ആണ്. സാമ്പത്തിക പ്രതിസന്ധിയോടൊപ്പം സ്വദേശിവത്കരണ നടപടികളും പ്രവാസിതൊഴിലാളികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു.

ഇത്തരത്തില്‍ തൊഴില്‍ നഷ്ടപെട്ട് തിരിച്ചുവരുന്നവരുടെ എണ്ണം കൂടുന്നത് കൊണ്ട് പ്രവാസികള്‍ അയക്കുന്ന പണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 2017ല്‍ 2016നെ അപേക്ഷിച്ച് നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അതിന് മുന്‍വര്‍ഷങ്ങളിലെ കണക്കനുസരിച്ച് വന്‍ ഇടിവ് തന്നെ സംഭവിച്ചു. 2017ല്‍ 65 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു റെമിറ്റന്‍സ് എങ്കില്‍ 2016ല്‍ അത് 62 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു. എന്നാല്‍ 2014ല്‍ അത് 69 ബില്യണ്‍ അമേരിക്കന്‍ ഡോളറും 2015ല്‍ 68 ബില്യണ്‍ അമേരിക്കന്‍ ഡോളറുമായിരുന്നു. റെമിറ്റന്‍സ് എന്നുള്ളത് ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൂന്നിരട്ടിയോളം ഉണ്ടെന്നുള്ളത് വസ്തുതയാണ്. ഇങ്ങനെ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥക്ക് നല്ല പിന്തുണ നല്‍കുന്ന പ്രവാസികള്‍ക്ക് എന്ത് തരത്തിലുള്ള സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കേണ്ടത് എന്ന് ആലോചിക്കണം.
ഇവിടെയാണ് പ്രവാസികള്‍ക്ക് സുരക്ഷിത്വം നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ ഐക്യ രാഷ്ട്രസഭയും ലോക രാജ്യങ്ങളും രൂപം നല്‍കുന്ന ഗ്ലോബല്‍ കോംപാക്ട് എന്ന രേഖ പ്രസക്തമാകുന്നത്. 2016ലാണ് ആദ്യം ഇത്തരം ഒരു രേഖയുടെ ആവശ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഐക്യരാഷ്ട്രസഭ പ്രവര്‍ത്തനം ആരംഭിച്ചത്. അതനുസരിച്ച് ഒരു വ്യക്തിക്ക് ക്രമപരവും സുരക്ഷിതവും സ്ഥിരവുമായ ഒരു പ്രവാസം സ്വീകരിക്കുന്ന സാഹചര്യം ഉണ്ടാകണം എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. പ്രവാസിയുടെ മനുഷ്യാവകാശവും തൊഴില്‍ അവകാശവും സംരക്ഷിക്കാനുള്ള കരുത്തും ഈ രേഖയിലൂടെ സാധിക്കണം എന്നാണ് ഐക്യ രാഷ്ട്രസഭ ഉദ്ദേശിക്കുന്നത്.

2018ല്‍ വീണ്ടും ഐക്യ രാഷ്ട്രസഭയില്‍ ലോകരാജ്യങ്ങള്‍ ഒത്തുചേരുമ്പോള്‍ ഈ രേഖക്ക് ഒരു രൂപം ഉണ്ടാവാന്‍ ഇടയുണ്ട്. പ്രവാസിയെ അയക്കുന്ന രാജ്യങ്ങളും സ്വീകരിക്കുന്ന രാജ്യങ്ങളും ഈ രാജ്യങ്ങളിലെ സാമൂഹിക സംഘടനകളും ആഗോള സംഘടനകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലേ ഫലപ്രദമായ ഒരു രേഖ ഉണ്ടാകൂ. ഇവിടെയാണ് ഏറ്റവും കൂടുതല്‍ പ്രവാസികളെ അയക്കുന്ന രാജ്യമായ ഇന്ത്യ ഈ രേഖയുടെ രൂപവത്കരണത്തിന് എത്രമാത്രം പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്നത് പ്രസക്തമാകുന്നത്. വരുന്ന മാസങ്ങളില്‍ ന്യൂയോര്‍ക്കിലും ഡല്‍ഹിയിലും ഇതിനോട് അനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ മനസ്സില്‍, രൂപരേഖ ഉണ്ടാക്കുന്നവരുടെ മനസ്സില്‍ മഞ്ജുഷയും ജുമൈലയും ഇടം നേടേണ്ടതുണ്ട്. അതാണ് അതിന്റെ ശരിയും.
ഏകദേശം 65 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ റെമിറ്റന്‍സ് ആയി പ്രവാസികള്‍ അയക്കുന്നതില്‍ 70 ശതമാനത്തിന് മേല്‍ വരുന്നത് ഗള്‍ഫില്‍ നിന്നും അതില്‍ തന്നെ 90 ശതമാനവും അയക്കുന്നത് സാധാരണ തൊഴിലാളികളുമാണ്. പ്രസ്തുത വിഭാഗമാണ് പല തരത്തിലുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമാകുന്നതും. മികച്ച രീതിയുള്ള ശക്തമായ ഒരു ഗ്ലോബല്‍ കോംപാക്ട് ഉണ്ടാവുകയും അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ഇന്ത്യാ സര്‍ക്കാര്‍ കാണിക്കുകയും ചെയ്താല്‍ പ്രവാസം സ്വീകരിക്കാന്‍ തയ്യാറാകുന്നവരും പ്രവാസം മതിയാക്കി വന്നവരും ചൂഷണം ചെയ്യപ്പെടില്ല. അടുത്ത ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ ഡേ ആകുമ്പോയെങ്കിലും ഒരു വ്യക്തി പ്രവാസം സ്വീകരിക്കുന്നത് സ്വയം ഇഷ്ടപ്രകാരവും സുരക്ഷിതവും ക്രമപരവും സ്ഥിരവും ഒപ്പം മനുഷ്യാവകാശ തൊഴിലവകാശ ലംഘനങ്ങള്‍ ഇല്ലാത്തതുമാകട്ടെ എന്ന് ആശിക്കുന്നു.
(ലേഖകന്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ മാധ്യമ ഫെല്ലോ ആണ്. ഒപ്പം പ്രവാസികളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളുടെ സ്ഥിരം പ്രതിനിധിയും)