യാത്രക്കാരന്‍ ട്രാക്കിലിറങ്ങി; കൊച്ചി മെട്രോ അരമണിക്കൂറോളം തടസപ്പെട്ടു

Posted on: December 19, 2017 7:38 pm | Last updated: December 19, 2017 at 7:38 pm

കൊച്ചി: കൊച്ചിമെട്രോയില്‍ യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം തടസപ്പെട്ടു. പാലാരിവട്ടം സ്‌റ്റേഷനില്‍ വച്ചാണ് യാത്രക്കാരന്‍ ട്രാക്കിലേക്ക് ചാടിയിറങ്ങിയത്.

ട്രെയിനിന് വൈദ്യുതി നല്‍കുന്ന 750 വാട്ട് തേര്‍ഡ് റെയില്‍ ലൈനുളള ട്രാക്കിലൂടെയാണ് നൂറു മീറ്ററോളം ഇയാള്‍ ഓടിയത്.ഇയാളെ പിന്നാലെയെത്തി പിടികൂടുകയായിരുന്നു.യാത്രക്കാര്‍ ട്രാക്കില്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ തയ്യാറാക്കിയ സുരക്ഷാ സംവിധാനം പെട്ടെന്ന് പ്രവര്‍ത്തിപ്പിച്ചതിനാലാണ് ഇയാള്‍ രക്ഷപ്പെട്ടത്.

അരമണിക്കൂറിന് ശേഷമാണ് പിന്നീട് സര്‍വ്വീസ് പുനരാരംഭിച്ചത്. എല്ലാ മെട്രോ സ്‌റ്റേഷനുകളിലും അടയാളപ്പെടുത്തിയിരിക്കുന്ന മഞ്ഞവര ക്രോസ് ചെയ്യാന്‍ പാടില്ലെന്ന് യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ കെഎംആര്‍എല്‍ അന്വേഷണം ആരംഭിച്ചു.