വിട്ടുപോകുന്നില്ല, ഭയത്തിന്റെ രാഷ്ട്രീയം

  ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പ്രചാരണത്തില്‍ ഏറെ പിന്നില്‍ പോയപ്പോഴാണ് ബി ജെ പി നരേന്ദ്രമോദിയെ മുന്‍ നിര്‍ത്തി ഭയത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പയറ്റിയത്. അവസാന ഘട്ടത്തില്‍ പാക്കിസ്ഥാനെ വലിച്ചിഴച്ച് ഒരു ഭാഗത്ത് ദേശീയ വികാരം ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് എതിരാളികളെ വ്യക്തിപരമായി ആക്ഷേപിച്ചും തേേജാവധം ചെയ്തും നിലവാരം കുറഞ്ഞ രാഷ്ട്രീയം പുറത്തെടുക്കുകയായിരുന്നു അവര്‍.
Posted on: December 19, 2017 6:07 am | Last updated: December 18, 2017 at 11:11 pm

രണ്ടു പതിറ്റാണ്ടിലേറെ ഒരു സംസ്ഥാനം ഭരിച്ച പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ വികസനം വിഷയമാക്കാന്‍ കഴിയാതിരുന്ന തിരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരും ദേശീയ വിഷയങ്ങളിലും രാഷ്ട്രീയത്തിലും അജ്ഞരായ ഒരു ജനതയെ വൈകാരികമായി ചൂഷണം ചെയ്തും ഭയത്തിന്റെ രാഷ്ട്രീയം പുറത്തെടുത്തുമാണ് ബി ജെ പി ഗുജറാത്തില്‍ ആറാം തവണയും ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരവും ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരായ യുവതലമുറയുടെ ചെറുത്തുനില്‍പ്പും മറികടന്ന് രണ്ടു പതിറ്റാണ്ടിനിപ്പുറവും ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബി ജെ പിയെ സഹായിച്ചത് പാര്‍ട്ടി ആസൂത്രിതമായി പരീക്ഷിച്ച ഭയത്തിന്റെ രാഷ്ട്രീയമാണ്. ഒപ്പം ഗുജറാത്തിന്റെ ഗ്രാമങ്ങളില്‍ പ്രകടമായി കണ്ട കേന്ദ്ര-സംസ്ഥാന ബി ജെ പി സര്‍ക്കാറുകളോടുള്ള അസംതൃപ്തി നഗരപിന്തുണയോടെ മറികടക്കാന്‍ കഴിഞ്ഞതും ചെറിയ നഷ്ടത്തോടെയാണെങ്കിലും ബി ജെ പിക്ക് മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ സഹായകമായി.

വികസനം പ്രചാരണ വിഷയമാകാതിരിക്കാന്‍ ശ്രമിച്ചതോടൊപ്പം വൈകാരികമായും, പ്രാദേശികമായും മതപരമായും ജനങ്ങളെ ഇളക്കി വിട്ടാണ് ശക്തമായ പോരാട്ടത്തില്‍ ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വികസനം ഉയര്‍ത്തിക്കാട്ടി ജനങ്ങളിലേക്കിറങ്ങാന്‍ കഴിയില്ലെന്ന് ബോധ്യമായതോെടയാണ് ബി ജെ പിയും നരേന്ദ്ര മോദിയും മതവും ജാതിയും പ്രാദേശിക വികാരവും ആയുധമാക്കിയത്. ആദ്യഘട്ടത്തില്‍ വികസനം പറയാന്‍ ശ്രമിച്ചെങ്കിലും ഫലമില്ലെന്ന് കണ്ടാണ് പ്രചാരണ വിഷയം ജാതിയിലേക്കും മതത്തിലേക്കും മാറ്റിയത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പാക്കിസ്ഥാന്‍ ഇടപെടലെന്ന പരാമര്‍ശത്തിലൂടെ പ്രദേശിക നിലവാരത്തിലേക്ക് താഴ്ന്ന പ്രധാനമന്ത്രിയെയാണ് ഗുജറാത്തില്‍ കണ്ടത്. അധികാരത്തിന് വേണ്ടി പ്രാദേശിക സങ്കുചിത രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയക്കാര്‍ ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ അധിപന്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ വാക്താവാകുന്ന ദയനീയ കാഴ്ചയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് ലോകത്തിന് കാണിച്ചു തന്നത്.

വികസനവും അടിസ്ഥാന പ്രശ്‌നങ്ങളും ചര്‍ച്ചയാകാത്ത തിരഞ്ഞെടുപ്പില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട നടപടികളും, വളരെ ‘സെന്‍സിറ്റീ’വായ ദേശീയ വിഷയത്തിലൂന്നിയ പാക് ബന്ധവും പരാമര്‍ശിച്ച പ്രധാനമന്ത്രി ഗുജാറാത്തിന്റെ വൈകാരികതയെ സമര്‍ഥമായി ചൂഷണം ചെയ്യുകയായിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പ്രചാരണത്തില്‍ ഏറെ പിന്നില്‍ പോയപ്പോഴാണ് ബി ജെ പി മോദിയെ മുന്‍ നിര്‍ത്തി ഭയത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പയറ്റിയത്. അവസാന ഘട്ടത്തില്‍ പാക്കിസ്ഥാനെ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ച് ഒരു ഭാഗത്ത് ദേശീയ വികാരം ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് എതിരാളികളെ വ്യക്തിപരമായി ആക്ഷേപിച്ചും, തേേജാവധം ചെയ്തും നിലവാരം കുറഞ്ഞ രാഷ്ട്രീയം പുറത്തെടുക്കുകയായിരുന്നു അവര്‍. പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിനെതിരായ സിഡി മുതല്‍ ജിഗ്‌നേഷ് മേവാനിക്കെതിരായ ലൗ ജിഹാദ് നോട്ടീസ് വരെ ബി ജെ പിയുടെ പ്രചാരണത്തിലെ നിലവാരമില്ലായ്മ പ്രകടമാക്കിയതാണ്. ജിഗ്നേഷ് മേവാനി മുസ്‌ലിം സ്ത്രീയെ വിവാഹം കഴിക്കും മുസ്‌ലിംകള്‍ ജാഗ്രതയോടെയിരിക്കുക എന്ന് മുസ്‌ലിംകള്‍ക്കിടയിലും, ജിഗ്നേഷിന്റെ കാമുകി മുസ്‌ലിം സ്ത്രീയാണെന്ന് ഹിന്ദുക്കള്‍ക്കിടയിലും പ്രചാരണം നടത്തിയത് ബി ജെ പിയുടെ പരാജയ ഭീതി വ്യക്തമാക്കുന്നതായിരുന്നു. യുവതുര്‍ക്കികളെ അണിനിരത്തി രാഹുല്‍ ഗുജറാത്തില്‍ പടനയിച്ചപ്പോള്‍ തന്ത്രങ്ങളുട ആശാനെന്ന് വിശേഷിപ്പിക്കുന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പോലും പതറിയ സാഹചര്യത്തില്‍ മോദിയുടെ സങ്കുചിത പ്രാദേശിക രാഷ്ട്രീയ തന്ത്രമാണ് ഒരു പരിധിവരെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്. ഹര്‍ദിക്ക് പട്ടേലിലൂടെ പട്ടേല്‍ വിഭാഗത്തിന്റെ അതൃപ്തി വോട്ടാക്കി മാറ്റാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെ, പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ തന്റെ സ്വതസിദ്ധമായ അടവുകള്‍ പുറത്തെടുത്ത് മോദി തന്നെയാണ് ചെറുത്തത്.

അതേസമയം ജയിച്ചെങ്കിലും ബി ജെ പിക്ക് സന്തോഷിക്കാനുള്ള വകയല്ല ഗുജറാത്ത് നല്‍കിയിരിക്കുന്നത്. 182 ല്‍ 150 എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി കളത്തിലിറങ്ങിയ ബി ജെ പി സീറ്റ് നില മൂന്നക്കത്തിലെത്തിക്കാന്‍ പാടുപെടുന്ന ദയനീയ കാഴ്ചയാണ് കണ്ടത്. എന്നാല്‍, ഒറ്റയാള്‍ പോരാട്ടത്തിലൂടെ പാര്‍ട്ടിയെ എത്രനാള്‍ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന വലിയ ചോദ്യത്തോടൊപ്പം മോദിക്ക് പകരമാകുന്ന ഒരു പിന്‍ഗാമിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ബി ജെ പിക്ക് തിരിച്ചടിയാണ്. അതേസമയം ജി എസ് ടിയും നോട്ടു നിരോധനവും, ഭരണവിരുദ്ധ വികാരവും, വിവിധ ജാതികളുടെ അതൃപ്തിയും തീര്‍ത്ത വലിയ പ്രതിസന്ധി പൂര്‍ണമായും മുതലെടുക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നുണ്ട്. എങ്കിലും നില മെച്ചപ്പെടുത്തി രാഹുലും ഒപ്പം അല്‍പ്പേഷ്-ഹര്‍ദിക്- ജിഗ്നേഷ് തുടങ്ങിയ യുവതുര്‍ക്കികളും ബി ജെ പിക്ക് ഭാവിയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്ന സന്ദേശം ഈ തിരഞ്ഞെടുപ്പ് നല്‍കുന്നുണ്ട്. ഗുജറാത്തിലെ വിജയം താത്കാലിക ആശ്വാസം നല്‍കുമെങ്കിലും മോദിപ്രഭാവം ഇനി എത്രനാള്‍ ആശ്രയിക്കാനാകുമെന്ന ആശങ്ക ബി ജെ പി ക്യാമ്പില്‍ പരത്താനും ഈ തിരഞ്ഞെടുപ്പ് ഫലത്തിന് കഴിഞ്ഞിട്ടുണ്ട്.