ഇരുചക്ര വാഹനങ്ങളില്‍ കൂടുതലും അപകടത്തിലാകുന്നതായി സര്‍വെ

    Posted on: December 18, 2017 8:55 pm | Last updated: December 18, 2017 at 8:44 pm

    അബുദാബി: രാജ്യത്ത് ഡെലിവറി നടത്തുന്ന ഇരുചക്ര വാഹനങ്ങളില്‍ കൂടുതലും അപകടത്തില്‍ പെടുന്നതായി അബുദാബി പോലീസ്. രാജ്യത്ത് അഞ്ച് ഡെലിവറി ബൈക്ക് ഡ്രൈവര്‍മാരില്‍ ഒരാള്‍ വീതം അപകടത്തില്‍പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി പോലീസ് അറിയിച്ചു.
    ബൈക്കുകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്കിടയില്‍ റോഡ് സേഫ്റ്റി യു എ ഇ എന്ന സ്ഥാപനം നടത്തിയ സര്‍വെയിലാണ് കണ്ടെത്തല്‍. കാറുകളും മറ്റ് വാഹനങ്ങളും ഇന്‍ഡിക്കേറ്റര്‍ ഇടാതെ അപ്രതീക്ഷിതമായി തിരിയുന്നതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെന്ന് 78 ശതമാനം പേര്‍ പറയുന്നു. ഇവ ബൈക്കിന് മുന്നിലേക്ക് പെട്ടെന്ന് കയറിവരുന്നത് പതിവാണെന്ന് 77 ശതമാനംപേരും പറയുന്നു. മറ്റ് വാഹനങ്ങള്‍ തങ്ങളെ കണ്ടതായി നടിക്കാറില്ലെന്ന് 68 ശതമാനം പേര്‍ ചൂണ്ടിക്കാട്ടി. ഒപ്പമുള്ള മറ്റ് ഡെലിവറി ഡ്രൈവര്‍മാര്‍ മറ്റുള്ളവരെ അപകടത്തില്‍പെടുത്തുന്നുണ്ടെന്ന് 56 ശതമാനം പേരും വിശ്വസിക്കുന്നു. മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ പെരുമാറ്റം, ഡെലിവറി ഡ്രൈവര്‍മാരുടെ പെരുമാറ്റം, ഉപഭോക്താക്കള്‍ക്ക് ഇതെക്കുറിച്ചുള്ള അവബോധം, ബൈക്കിന്റെ സുരക്ഷ, പരിശീലനം എന്നിവ ഉള്‍പെടുത്തിയാണ് സര്‍വെ നടത്തിയത്.

    ഏറ്റവും അധികം അപകടസാധ്യതയുള്ളവരാണ് ബൈക്ക് യാത്രികരെന്ന് റോഡ് സേഫ്റ്റി യു എ ഇ മാനേജിംഗ് ഡയറക്ടര്‍ തോമസ് എഡല്‍മാന്‍ പറഞ്ഞു. യു എ ഇയിലെ നിരത്തുകളില്‍ ഡെലിവറി ബൈക്ക് ഡ്രൈവര്‍മാര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിതമായി വാഹനം ഓടിക്കേണ്ടതിനെക്കുറിച്ച് അവര്‍ക്ക് തന്നെ ധാരണ ഉണ്ടാകേണ്ടതുണ്ട്. 222 ഡ്രൈവര്‍മാരാണ് സര്‍വെയില്‍ പങ്കെടുത്തത്.

    92 ശതമാനം ഡെലിവറി ബൈക്ക് ഡ്രൈവര്‍മാരും വിശ്വസിക്കുന്നത് തങ്ങള്‍ സുരക്ഷിതരാണ് എന്നാണ്. 19 ശതമാനം പേര്‍ കഴിഞ്ഞ 12 മാസത്തിനിടയില്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. സാധനങ്ങളുമായി ബൈക്കിലെത്തുന്നവരുടെ സുരക്ഷ പ്രധാനമാണെന്ന് വിശ്വസിക്കുന്ന 51 ശതമാനംപേര്‍ മാത്രമെയുള്ളൂവെന്നത് ഞെട്ടിക്കുന്നതാണെന്ന് എല്‍ഡര്‍മാന്‍ ചൂണ്ടിക്കാട്ടി.