ഹിമാചലിലെ സി.പി.എമ്മിന്റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണെന്ന് പിണറായി വിജയന്‍

Posted on: December 18, 2017 8:31 pm | Last updated: December 18, 2017 at 8:31 pm

തിരുവനന്തപുരം: ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുവേണ്ടി ഏക സീറ്റ് നേടിയ രാകേഷ് സിന്‍ഹയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. തിയോഗ് നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ട് വിജയിച്ച സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം രാകേഷ് സിന്‍ഹയെ അഭിനന്ദിക്കുന്നുവെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കാല്‍നൂറ്റാണ്ടിനു ശേഷമുളള ഹിമാചലിലെ സി.പി.എമ്മിന്റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിമാചലിലെ തിയോഗ് മണ്ഡലത്തിലാണ് സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാവായ രാകേഷ് സിന്‍ഹ ജയിച്ചത്. 1983 വോട്ടുകള്‍ക്ക് ബിജെപിയിലെ രാകേഷ് വര്‍മയെയാണ് സിന്‍ഹ പരാജയപ്പെടുത്തിയത്. 24 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിക്കുന്നത്.