ഗുജറാത്ത് തിരെഞ്ഞെടുപ്പില്‍ ബിജെപിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല

Posted on: December 18, 2017 6:35 pm | Last updated: December 18, 2017 at 6:35 pm

തിരുവനന്തപുരം: ഗുജറാത്ത് തിരെഞ്ഞെടുപ്പില്‍ ബിജെപിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നതാണ് വാസ്തവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സീറ്റുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് ബിജെപിക്ക് സംഭവിച്ചത്. ക്യാബിനറ്റിലെ മുഴുവന്‍ അംഗങ്ങളും ഗുജറാത്തില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിക്കുകയും കേന്ദ്രസര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനായി മാറ്റിവയ്ക്കുകയും ചെയ്തിട്ടാണ് കഷ്ടിച്ച് വിജയം നേടിയത്. വോട്ടിംഗ് ശതമാനം 41. 4% (നിലവിലെ കണക്കനുസരിച്ച്)ആക്കി കോണ്‍ഗ്രസിന് വര്‍ധിപ്പിക്കാനായത് ജനങ്ങളുടെ വികാരം കോണ്‍ഗ്രസിനോടൊപ്പമാണ് എന്ന് വ്യക്തമാക്കിനല്‍കകിയെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നതാണ് വാസ്തവം. സീറ്റുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് ബിജെപിക്ക് സംഭവിച്ചത്. ക്യാബിനറ്റിലെ മുഴുവന്‍ അംഗങ്ങളും ഗുജറാത്തില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിക്കുകയും കേന്ദ്രസര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനായി മാറ്റിവയ്ക്കുകയും ചെയ്തിട്ടാണ് കഷ്ടിച്ച് വിജയം നേടിയത്. വോട്ടിംഗ് ശതമാനം 41. 4% (നിലവിലെ കണക്കനുസരിച്ച്)ആക്കി കോണ്‍ഗ്രസിന് വര്‍ധിപ്പിക്കാനായത് ജനങ്ങളുടെ വികാരം കോണ്‍ഗ്രസിനോടൊപ്പമാണ് എന്ന് വ്യക്തമാക്കിനല്‍കി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ 32.9% ത്തില്‍ നിന്നാണ് ഇത്രയും വലിയ വര്‍ദ്ധന. ഗുജറാത്തില്‍ നിന്നും ലഭിക്കുന്ന കണക്കനുസരിച്ച് 12 സീറ്റുകളില്‍ കോണ്‍ഗ്രസ് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടിരിക്കുന്നത്. 25 സീറ്റുകളില്‍ മൂവായിരം വോട്ടില്‍ താഴെമാത്രം ഭൂരിപക്ഷമാണ് ബിജെപിക്ക് നേടാനായത്.

തിളക്കമില്ലാത്ത ഈ വിജയത്തിലൂടെ ഏകാധിപത്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്നുകൂടി വ്യക്തമാക്കുന്നു. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണിയുടെ മുന്നേറ്റം. വര്‍ദ്ധിതവീര്യത്തോടെ 2019 ലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തും. ഫാസിസത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണ് ഗുജറാത്തില്‍ കണ്ടത്.

കോണ്‍ഗ്രസ് വിമുക്തഭാരതം എന്ന അമിത്ഷായുടെ പ്രഖ്യാപനം മലര്‍പ്പൊടിക്കാരന്റെ പകല്‍ക്കിനാവ് മാത്രമാണെന്ന് ഈ തെരെഞ്ഞെടുപ്പ് ബിജെപിക്കാര്‍ക്ക് മനസിലാക്കി കൊടുത്തു.