വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടി മോദി

Posted on: December 18, 2017 11:37 am | Last updated: December 18, 2017 at 1:23 pm

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലിമെന്റിലേക്ക് വരുന്നതിനിടെ കൈവിരലുകള്‍ കൊണ്ട് വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ചാണ് മോദി സന്തോഷം പങ്കുവെച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് മോദിക്ക് അഭിമാന പോരാട്ടമായിരുന്നു.

മോദിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ പാര്‍ട്ടിക്ക് അടിതെറ്റിയാല്‍ അത് മോദിയുടെ പരാജയമായി വിലയിരുത്തപ്പെടുമായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ കോണഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ഗുജറാത്തിലെ പാര്‍ട്ടി ക്യാമ്പുകളില്‍ ആധി പടര്‍ന്നിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്തുകയായിരുന്നു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളിയെ അതിജയിക്കാന്‍ ബിജെപിക്ക് കരുത്ത് പകര്‍ന്നത്. റാലിക്ക് പിറകെ റാലിയായി അദ്ദേഹം ജന്മനാട്ടില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു.