തീവ്രവാദം: പരിഹാരം പ്രത്യാക്രമണമല്ല, സാമൂഹിക പ്രതിരോധമെന്ന് യു എസ് ഗവേഷകര്‍

Posted on: December 18, 2017 9:13 am | Last updated: December 18, 2017 at 10:53 am
മദീഹ അഫ്‌സല്‍, ബോബി പെയ്‌സ്‌

വാഷിംഗ്ടണ്‍: നവനാസി ഗ്രൂപ്പുകള്‍ക്കും ഇസില്‍ അടക്കമുള്ള തീവ്രവാദി വിഭാഗങ്ങള്‍ക്കുമെതിരെ ജനകീയ പ്രതിരോധത്തിന് മാതൃക കാട്ടി അമേരിക്കന്‍ അക്കദമിക് സമൂഹം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കന്‍ ജനത തീവ്രവാദ പ്രവണതകളെ ഭീതിയോടെയാണ് കാണുന്നതെന്നും അതിന് പരിഹാരം അക്രമാസക്ത വിദേശ നയമല്ലെന്നും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യു എസ് ഗവേഷകര്‍ വ്യക്തമാക്കുന്നു. ജനകീയ പ്രതിരോധവും തീവ്രവാദി വിഭാഗങ്ങള്‍ വേരാഴ്ത്താന്‍ ശ്രമിക്കുന്ന സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനവുമാണ് അനിവാര്യമെന്ന് വാഷിംഗ്ടണ്‍ മേരിലാന്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസി അസി. പ്രഫസറും ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകയും ഗ്രന്ഥകാരിയുമായ മദീഹ അഫ്‌സല്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ വേരുകളുള്ള കുടംബങ്ങളില്‍ നിന്ന് വരുന്ന യുവാക്കളെ ഫലപ്രദമായി ഇടപഴകാന്‍ അവസരമൊരുക്കുകയും തീവ്ര ആശയഗതികളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും ചര്‍ച്ച ചെയ്യുകയുമാണ് പരിഹാരമെന്ന് അറോറ കമ്യൂണിറ്റി കോളജ് സൂമൂഹിക ശാസ്ത്ര വിഭാഗം മേധാവി ബോബി പെയ്‌സും പറയുന്നു. അറോറ കമ്യൂണിറ്റി കോളജിന്റ ആഭിമുഖ്യത്തില്‍ അദ്ദേഹം നടപ്പാക്കി വരുന്ന പീര്‍ ടു പീര്‍ പ്രോഗ്രാം തീവ്രവാദ വിരുദ്ധ പ്രതിരോധത്തിന് ഉത്തമ നിദര്‍ശനമാണ്. യു എസ് വിദേശകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഈ അധ്യാപകര്‍ നിരത്തിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാണ്. നവ സലഫീ സംഘടനയുമായി ബന്ധപ്പെട്ട ചിലര്‍ തീവ്രവാദി സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ രാജ്യം വിട്ടുവെന്ന വാര്‍ത്തകളുടെ സാഹചര്യത്തില്‍ കേരളത്തിലും ഈ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

തീവ്രവാദ പ്രവണതകള്‍ക്ക് പരമ്പരഗാതമായി പറഞ്ഞു വരുന്ന ദാരിദ്യം, തൊഴിലില്ലായ്മ, നിരക്ഷരത തുടങ്ങിയ കാരണങ്ങള്‍ ഇപ്പോള്‍ അപ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്ന് മദീഹ വിശദീകരിച്ചു. സ്വത്വ പ്രതിസന്ധികളും അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളും തീവ്രവാദികള്‍ തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നു. ഇതില്‍ അകപ്പെട്ട് പോകുന്ന എല്ലാവരും അക്രമത്തിന്റെ വഴിയിലേക്ക് വന്നു കൊള്ളണമെന്നില്ല. നിയമ സംവിധാനങ്ങളും പോലീസും പ്രോസിക്യൂഷനുമെല്ലാം സംഭവിച്ചു കഴിഞ്ഞ അതിക്രമത്തെ മാത്രമാണ് അഭിസംബോധന ചെയ്യന്നത്. എന്നാല്‍ അതിക്രമത്തിലേക്ക് നയിച്ച അവബോധത്തെയാണ് യഥാര്‍ഥത്തില്‍ കണക്കിലെടുക്കേണ്ടത്. അത് വിശാലമായ പഠനത്തിലൂടെയും സാമൂഹിക ഇടപെലിലൂടെയും മാത്രമേ സാധ്യമാകുകയുള്ളൂ. സന്നദ്ധ സംഘടനകള്‍ക്കും വിവിധ സാമുദായിക സംഘടനകള്‍ക്കും മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. ഒബാമ ഭരണകൂടം ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം ഈ ദിശയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. പ്രത്യാക്രമണത്തിന്റെ നയമാണ് ഈ ഭരണകൂടം കൈകൊള്ളുന്നത്. ഈ നയത്തിന്റെ ഫലം എന്താകുമന്ന് ഇപ്പോള്‍ പറയാനാകില്ല. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മുന്‍നിര്‍ത്തിയുള്ള നടപടികള്‍ വിപരീത ഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നതെന്നും മദീഹ പറഞ്ഞു. തീവ്രവാദത്തെ കുറിച്ചുള്ള തെറ്റായ ആഖ്യാനങ്ങള്‍ ഇത്തരം പ്രവണതകളെ ശക്തമാക്കുകയേ ഉള്ളൂ.

അമേരിക്കയില്‍ നവനാസികളും വെള്ളക്കാരുടെ അപ്രമാദിത്വം പ്രഖ്യാപിക്കുന്ന ‘സോവറീന്‍ സിറ്റിസണ്‍’ ഗ്രൂപ്പുകളും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ബോബി പെയ്‌സ് വിശദീകരിച്ചു. ഇസില്‍ സംഘങ്ങളെ ചൂണ്ടിക്കാട്ടി കുടിയേറ്റക്കാരെ ഇക്കൂട്ടര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. അതേസമയം, നവനാസി സംഘങ്ങളെ ചൂണ്ടിക്കാണിച്ച് മുസ്‌ലിം ചെറുപ്പക്കാരില്‍ ഭയം വിതക്കാനാണ് ഇസിലും അല്‍ ശബാബും ശ്രമിക്കുന്നത്. അത്‌കൊണ്ട് എല്ലാ തരം തീവ്രവാദ വിഭാഗങ്ങളെയും ഒന്നായി കണ്ട് ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കേണ്ടത്. അതിനായി കുടിയേറ്റ വിഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. അതോടൊപ്പം എല്ലാതരം യുവാക്കള്‍ക്കും ഇടപഴകാനും പരസ്പരം ആശയങ്ങള്‍ തുറന്ന് പങ്കുവെക്കാനുമുള്ള അവസരമൊരുക്കണം. കൊളറാഡോ സ്റ്റേറ്റിലെ അറോറ കമ്യൂണിറ്റി കോളജ് നടപ്പാക്കുന്ന പീര്‍ ടു പീര്‍ പ്രോഗ്രാം ഈ ദിശയിലേക്കുള്ള ചുവട് വെപ്പാണ്. സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് വിദ്യാര്‍ഥികള്‍ ആശയവിനിമയം നടത്തുകയാണ് ചെയ്യുന്നത്. താങ്ക് യു അമേരിക്ക ക്യാമ്പയിന്‍ കുടിയേറ്റ സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വിജയ ഗാഥ പങ്കുവെക്കുന്നു. ഇതുവഴി വൈവിധ്യപൂര്‍ണമായ സാമൂഹിക അന്തരീക്ഷത്തില്‍ സഹിഷ്ണുതയും പരസ്പര ബഹുമാനവും ഉണര്‍ത്തുകയാണ് ചെയ്യുന്നത്. നമ്മള്‍ ബോധം സൃഷ്ടിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞാല്‍ ഒരു തീവ്ര ആശയഗതിക്കും യുവാക്കളെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് ബോബി പെയ്‌സ് വ്യക്തമാക്കുന്നു.

അക്കാദമിക് സമൂഹത്തിന് അമേരിക്കയില്‍ ലഭ്യമാകുന്ന സ്വാതന്ത്ര്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തനതായി ഏറ്റെടുത്ത് നടപ്പാക്കാന്‍ ഗവേഷകരെയും അധ്യാപകരെയും പ്രാപ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.