മതം മാറ്റ നിരോധം വളഞ്ഞ വഴിയിലൂടെ

Posted on: December 18, 2017 8:11 am | Last updated: December 18, 2017 at 8:11 am

മതം മാറ്റത്തിന് കടുത്ത ചില ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് രാജസ്ഥാന്‍ ഹൈക്കോടതി. മറ്റൊരു മതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ ആ വിവരവും തങ്ങളുടെ വിലാസവും മതപരിവര്‍ത്തനത്തിന്റെ വിശദാംശങ്ങളും സഹിതം എഴുതി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇത് കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. പിന്നീട് 21 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കലക്ടറേറ്റിലെത്തി മതം മാറ്റത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്നും ഹൈക്കോടതി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സ്റ്റാമ്പ് പേപ്പര്‍ വിളംബരം കൊണ്ടു മാത്രം മതപരിവര്‍ത്തനത്തിന് നിയമസാധുതയുണ്ടാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

കോടതി നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ മതംമാറി നടത്തുന്ന വിവാഹം അസാധുവായിരിക്കും. വിവാഹത്തിന് ശേഷം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ ആരിഫ എന്ന യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെ ജഡ്ജിമാരായ ജി കെ വ്യാസ്, വികെ മാത്തൂര്‍ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോവധത്തിനുള്ള നിയമപരമായ ശിക്ഷ മൂന്നു വര്‍ഷം തടവ് എന്നതില്‍ നിന്നും ആജീവാനന്ത തടവായി ഉയര്‍ത്തണമെന്നും ശിപാര്‍ശ ചെയ്തിരുന്നതും രാജസ്ഥാന്‍ ഹൈക്കോടതിയായിരുന്നു.
മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് സംഘ്പരിവാര്‍ മുറവിളി കൂട്ടുന്നതിനിടെയാണ് കോടതിയുടെ ഈ കര്‍ശന ഉത്തരവെന്നത് ശ്രദ്ധേയമാണ്. പൗരാണിക കാലം മുതല്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും മതം മാറ്റ സ്വാതന്ത്ര്യം നില നിന്നു വരുന്നുണ്ട്. ഇന്ത്യയില്‍ തന്നെ പിറവിയെടുത്ത ബുദ്ധ,ജൈന മതങ്ങളുടെ പ്രചാരണവും ഇസ്‌ലാമിക, ക്രൈസ്തവ മതങ്ങള്‍ക്ക് കൈവന്ന വ്യാപകമായ സ്വാധീനവുമെല്ലാം മതസ്വാതന്ത്ര്യത്തിനും മതം മാറുന്നതിനും രാജ്യം നല്‍കിവന്ന സ്വാതന്ത്ര്യത്തിന് തെളിവാണ്. സ്വാതന്ത്ര്യാനന്തരം നിലവില്‍ വന്ന നമ്മുടെ ഭരണഘടനയും ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാക്കി അംഗീകരിച്ചിട്ടുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25-28 ഖണ്ഡികകള്‍ അവകാശം നല്‍കുന്നു. ഇതടിസ്ഥാനത്തില്‍ ഇസ്‌ലാമിലേക്കു മാത്രമല്ല, ഹിന്ദുമതത്തിലേക്കും ക്രിസ്ത്യാനിസത്തിലേക്കും ബുദ്ധമതത്തിലേക്കുമൊക്കെ ആളുകള്‍ പരിവര്‍ത്തനം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ അറിയപ്പെടുന്ന വന്‍മതപരിവര്‍ത്തനം നടന്നത് അശോക ചക്രവര്‍ത്തിയുടെ കാലത്താണ്. ഹിന്ദുമതം ത്യജിച്ചു സ്വയം ബുദ്ധമതം സ്വീകരിച്ച അശോക ചക്രവര്‍ത്തി ലഭ്യമായ സംവിധാനങ്ങളത്രയും ഉപയോഗപ്പെടുത്തി ജനങ്ങളെ ബുദ്ധമതത്തിലേക്കു ക്ഷണിക്കുകയും പരിവര്‍ത്തനം നടത്തുകയും ചെയ്തു. എന്നിട്ടും അത് ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല. മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലേറിയ ശേഷം പല തീവ്രഹിന്ദുത്വ ഗ്രൂപ്പുകളും മുസ്‌ലിം പെണ്‍കുട്ടികളെ വശീകരിച്ച് രഹസ്യമായി മതംമാറ്റി തട്ടിക്കൊണ്ടുപോകൂന്ന സംഭവങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതിന്റെ പേരില്‍ രാജ്യത്ത് കോലാഹലങ്ങള്‍ ഉടലെടുക്കുകയോ അവ കോടതി കയറുകയോ ചെയ്യാറില്ല. മതപരിവര്‍ത്തനം ഇവിടെ ഏറ്റവുമധികം വിവാദമാക്കപ്പെടുന്നതും പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നതും അത് ഇസ്‌ലാമിലേക്കാകുമ്പോഴാണ്.

പ്രകോപനമോ പ്രലോഭനമോ കൂടാതെയും ആരുടെയും നിര്‍ബന്ധമില്ലാതെയും ആശയസംഹിതകളില്‍ ആകൃഷ്ടരായാണ് ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വരുന്നത്. വിശദമായ പഠനത്തിലൂടെയും കാലങ്ങളെടുത്ത് ഉരുത്തിരിയുന്ന ചിന്തയിലൂടെയുമാണ് പലരും ഇസ്‌ലാമിനെ കണ്ടെത്തുന്നത്. സംഘ്പരിവാര്‍ ആരോപിക്കുന്നത് പോലെ നിര്‍ബന്ധിച്ചു ചേര്‍ക്കലോ തീവ്രആശയങ്ങളില്‍ പ്രചോദിതരായോ, ‘ലൗ ജിഹാദി’ന്റെ ഭാഗമായോ നടക്കുന്നതല്ല ഇവയൊന്നും. പക്വതയും വിവേകവുമുള്ള വ്യക്തികള്‍ മതംമാറുമ്പോള്‍, നിയമപാലകരും നീതിപീഠങ്ങളും അവരുടെ താത്പര്യങ്ങള്‍ ചോദിച്ചറിഞ്ഞായിരിക്കണം അതിനെ വിലയിരുത്തണ്ടതും വിധി കല്‍പ്പിക്കുന്നതും. അത്തരമൊരു മാറ്റം ഇഷ്ടപ്പെടാത്ത മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ വികാരവും താത്പര്യവുമായിരിക്കരുത് ഇത്തരം കേസുകളിലെ വിധിപ്രസ്താവങ്ങള്‍ക്ക് പ്രേരകം.
ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്കുള്ള മാറ്റം വളരെ എളുപ്പമാണ്. അതിനാരുടെയും സമ്മതം ആവശ്യമില്ല. മാറ്റത്തിനുള്ള കാരണങ്ങളെക്കുറിച്ചു ഭരണ ഘടനാസ്ഥാപനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുമില്ല. ഇതുപോലെ വ്യക്തികള്‍ക്ക് അനുവദിക്കുന്ന ഭരണഘടനാപരമായ അവകാശമാണ് മതസ്വാതന്ത്ര്യവുമെന്നിരിക്കെ ഈ വിഷയത്തില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന്റെ ഔചിത്യമെന്താണെന്ന് മനസ്സിലാകുന്നില്ല. വളഞ്ഞ വഴിയിലൂടെയുള്ള മതംമാറ്റ നിരോധനമാണ് യഥാര്‍ഥത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. കേവലം ഭാവനാ സൃഷ്ടിയായ ലൗജിഹാദിന്റെ പേരില്‍ ഭയാശങ്കകളുണ്ടാക്കി മതപരിവര്‍ത്തനം നിരോധിക്കണമെന്ന് വര്‍ഗീയ ശക്തികള്‍ മുറവിളി കൂട്ടവെ, നീതിപീഠങ്ങളും അവരുടെ സ്വാധീനത്തിന് വിധേയപ്പെടുകയാണോ എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു. ബാഹ്യമായ എല്ലാം സമ്മര്‍ദങ്ങളെയും അതിജീവിച്ചു ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെയും ജനാധിപത്യ തത്വങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കണം കോടതികള്‍ പ്രവര്‍ത്തിക്കേണ്ടത്.