കൊച്ചി നഗരത്തിലെ മോഷണം; നിര്‍ണായക സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു

Posted on: December 17, 2017 12:35 pm | Last updated: December 17, 2017 at 11:03 pm

തൃപ്പൂണിത്തുറ : കൊച്ചി നഗരത്തിലെ മോഷണത്തിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മുഖം മറച്ച് ആയുധം അരയില്‍ വെക്കുന്ന ആളെ ദൃശ്യങ്ങളില്‍ കാണുന്നു. തൊട്ടുപിന്നാലെ ആറോളം പേര്‍ പല സ്ഥലങ്ങളില്‍ നിന്നായി എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തൃപ്പൂണിത്തുറയിലെ വീട്ടില്‍ മോഷണം നടക്കുന്നതിനു മുമ്പ് എരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

മോഷണത്തിനായുള്ള വീടുകള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചതിനു ശേഷം സംഘമായി എത്തി വീട്ടുലുള്ളവരെ ആക്രമിച്ചും കെട്ടിയിട്ടും മോഷണം നടത്തുന്ന രീതി സ്ഥിരമായി നടത്തുന്ന സംഘമാണിതെന്നാണ് പൊലീസിന്റെ നിഗമനം.

അക്രമികളില്‍ ഒരാള്‍ സിസിടിവി ക്യാമറ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്. പൂനെ കേന്ദ്രീകരിച്ചുള്ള ഇതര സംസ്ഥാന തൊഴിലാളികളാണിവര്‍ എന്നാണ് നിഗമനം. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ കൊച്ചി നഗരത്തില്‍ തുടര്‍ച്ചയായി ഉണ്ടായ കവര്‍ച്ചയില്‍ വഴിത്തിരിവാകുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നത്