Connect with us

Kasargod

ബാവിക്കരില്‍നിന്ന് കാസര്‍കോട്ടേക്ക് കുടിവെള്ള പൈപ്പ് വലിക്കുന്ന പദ്ധതി നിര്‍ത്തി; കാസര്‍കോട്ടെ ശുദ്ധജല വിതരണം പ്രതിസന്ധിയിലേക്ക്

Published

|

Last Updated

കാസര്‍കോട്: നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലം തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനു പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പദ്ധതി പാതിവഴിക്കു നിലക്കുന്നു. ബാവിക്കര പമ്പിംഗ് ഹൗസില്‍ നിന്നു വിദ്യാനഗര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും അവിടെ നിന്നു വിതരണ സ്ഥലങ്ങളിലേക്കും പുതിയ പൈപ്പുകള്‍ സ്ഥാപിക്കാനായിരുന്നു പരിപാടി.
പൈപ്പ് സ്ഥാപിക്കേണ്ട സ്ഥലം അധികൃതര്‍ നിര്‍ണ്ണയിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് പൈപ്പ് സ്ഥാപിക്കാന്‍ കരാറെടുത്ത ഗോവയിലെ ആള്‍ട്രാകോം കമ്പനി പണി അവസാനിപ്പിക്കുന്നതായി വാട്ടര്‍ അതോറിറ്റിക്കു നോട്ടീസയച്ചു. ദേശീയപാത നാലുവരി ആക്കുന്നതിനുള്ള സ്ഥലമെടുപ്പു പൂര്‍ത്തിയാകാത്തതാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലനിര്‍ണയത്തിനു തടസ്സമായിട്ടുണ്ട്. ബാവിക്കര മുതല്‍ ചെര്‍ക്കളവരെ കമ്പനി നേരത്തെ തന്നെ പൈപ്പ് മാറ്റി സ്ഥാപിച്ചിരുന്നു. ചെര്‍ക്കള മുതല്‍ കാസര്‍കോട് വരെ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് അഞ്ചുകോടിയാണ് അനുവദിച്ചിട്ടുള്ളത്.

ഇപ്പോള്‍ത്തന്നെ ശുദ്ധജല പ്രതിസന്ധി നിലനില്‍ക്കുന്ന കാസര്‍കോട് പരിസരങ്ങളില്‍ അടുത്ത വേനലോടെ ശുദ്ധജല വിതരണം കൂടുതല്‍ സങ്കീര്‍ണ്ണമാവുമെന്ന് ആശങ്കയുണ്ട്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നു കാസര്‍കോട് ജി എച്ച് എം കൂട്ടായ്മ ജലവിഭവ മന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും നിവേദനം നല്‍കി.

 

 

Latest