പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും

Posted on: December 15, 2017 9:02 am | Last updated: December 15, 2017 at 11:03 am

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നീട്ടിവെച്ച പാര്‍ലിമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. ജനുവരി അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മുത്വലാഖ് നിരോധന നിയമം ഉള്‍പ്പെടെ പതിനാല് ബില്ലുകള്‍ അവതരിപ്പിക്കും. അതേസമയം, നേരത്തെ മന്ത്രിസഭ അംഗീകാരം നല്‍കിയ 25 ബില്ലുകള്‍ പാര്‍ലിമെന്റ് പാസാക്കാന്‍ ബാക്കിയുണ്ട്. ഇതിന് കൂടി ഈ സമ്മേളനം അംഗീകാരം നല്‍കും. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്‍, നിക്ഷേപ പദ്ധതി നിയന്ത്രണ ബില്‍, ജി എസ് ടിയുമായി ബന്ധപ്പെട്ട ബില്ലുകള്‍, എഫ് ആര്‍ ഡി ഐ ബില്‍, ഉപഭോക്തൃ സംരക്ഷണ ബില്ലുകള്‍ എന്നിവയാണ് പാസാക്കിയെടുക്കാനുള്ളതില്‍ പ്രധാനപ്പെട്ടത്.

അതേസമയം, ഇക്കുറിയും സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇന്നലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെരക് ഒബ്രിയന്‍, സി പി ഐ നേതാവ് ഡി രാജ എന്നിവര്‍ പങ്കെടുത്തു. എന്‍ ഡി എ ഘടകകക്ഷികളും ഇന്നലെ യോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി എടുക്കേണ്ട തീരുമാനങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച യോഗം ചേരും. സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിന് സ്പീക്കര്‍ സുമിത്ര മഹാജനും പാര്‍ലിമെന്ററി കാര്യ മന്ത്രിയും വിളിച്ചുചേര്‍ത്ത യോഗവും ഇന്നലെ നടന്നു.