ഖത്വറില്‍ നാനൂറ് കോടി റിയാലിന്റെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു

Posted on: December 14, 2017 10:13 pm | Last updated: December 14, 2017 at 10:13 pm

ദോഹ: സാമ്പത്തിക വികസന പദ്ധതികളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള മന്ത്രിതല ഗ്രൂപ്പ് വിവിധ മേഖലകളിലായി നാനൂറ് കോടി റിയാലിന്റെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയിലാണ് മന്ത്രിതല സംഘം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക വികസന പദ്ധതികളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ലോജിസ്റ്റിക്കല്‍, കാര്‍ഷിക ഉത്പാദനം, വ്യവസായം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലായാണ് നിക്ഷേപം നടത്തുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ ഏഴ് സ്‌കൂളുകള്‍ നിര്‍മിക്കാനായി ഒരു സംഘം നിക്ഷേപകരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ആവശ്യമായ ഭൂമിയും പ്രദാനം ചെയ്തിട്ടുണ്ട്. ഏഴ് സ്‌കൂളുകള്‍ക്കായി 75 കോടി റിയാലിന്റെ നിക്ഷേപമാണ് നടത്തുന്നത്. വ്യത്യസ്ത പ്രായത്തിലുള്ള 9,000 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രയോജനമാകും. ആരോഗ്യ മേഖലയില്‍ മൂന്ന് പുതിയ സ്വകാര്യ ആസ്പത്രികളാണ് നിര്‍മിക്കുന്നത്.
അല്‍ റയ്യാന്‍, അല്‍ ശമാല്‍ നഗരസഭകളിലായാണ് ആസ്പത്രികളുടെ നിര്‍മാണം. മൂന്ന് ആസ്പത്രികളിലുമായി 18,000 രോഗികളെ പരിചരിക്കാന്‍ ശേഷിയുണ്ട്. 220 കോടി റിയാലിന്റെതാണ് പദ്ധതി.

ലോജിസ്റ്റിക് മേഖലയില്‍ തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ രണ്ടാം ഘട്ടമാണ് പ്രഖ്യാപിച്ചത്. അല്‍ മസ്രുഅയില്‍ ഏകീകൃത കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ പദ്ധതിയാണ് കാര്‍ഷിക മേഖലയില്‍ സ്വകാര്യ മേഖലക്കായി പ്രഖ്യാപിച്ചത്. വിപണനം, വിതരണം, സംഭരണം എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.