അന്താരാഷ്ട്ര പീസ് ഫോറം പുരസ്‌കാരം ഈജിപ്ഷ്യന്‍ മൈത്രീ സംഘത്തിന്

Posted on: December 14, 2017 7:08 pm | Last updated: December 14, 2017 at 7:08 pm

അബൂദാബി: യു എഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്ന നാലാമത് അന്താരാഷ്ട്ര പീസ് ഫോറം സമാപിച്ചു. പരിപാടിയുടെ ഭാഗമായി ഏര്‍പെടുത്തിയ അന്താരാഷ്ട്ര സമാധാന അവാര്‍ഡ് ക്രൈസ്തവ-മുസ്ലിം സൗഹൃദ സംഘമായ ഈജിപ്ഷ്യന്‍ ഫാമിലി ഹൗസ് (ബൈത്തുല്‍ ആഇല) എന്ന സംഘടനക്ക് സമ്മാനിച്ചു.

മുഹമ്മദ് നബിയുടെ പേരമകന്റെ നാമധേയത്തിലുള്ള ഹസന്‍ ബിന്‍ അലി സമാധാന പുരസ്‌കാരം ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനില്‍ നിന്നും ആഇല പ്രതിനിധികളായ മഹ്മൂദ് ഹംദി സഖ്സൂഖ്, അന്‍പ അര്‍മിയ എന്നിവര്‍ ഏറ്റുവാങ്ങി. സമൂഹത്തില്‍ ഐക്യത്തിന്റെയും ഒരുമയുടെയും അടയാളമായി വിശേഷിപ്പിക്കപ്പെടുന്ന പ്രവാചക പൗത്രന്റെ പേരിലുള്ള അവാര്‍ഡ്, ഫോറം മുന്നോട്ടുവെക്കുന്ന ഉന്നത ലക്ഷ്യങ്ങളുടെ അടയാളമാണെന്ന് സമ്മേളനത്തിന്റെ സംഘാടകരായ ഫോറം ഫോര്‍ പ്രമോട്ടിംഗ് പീസ് ഇന്‍ മുസ്ലിം സൊസൈറ്റീസ് തലവന്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി തലവന്‍ ശൈഖ് അഹ്മദ് ത്വയ്യിബ്, അന്തരിച്ച കോപ്റ്റിക് ഓര്‍ത്തഡോക്സ് വിഭാഗം തലവന്‍ പോപ്പ് ഷനൂദ എന്നിവര്‍ മുന്‍കൈയെടുത്ത് 2011ല്‍ ആരംഭിച്ച ഈ പദ്ധതി, ഇസ്ലാം പേടിയുടെയും മതങ്ങളുടെ പേരിലുള്ള ഭീകരതയുടെയും കാലത്ത് മാതൃകാപരമാണെന്ന് ഫോറം അഭിപ്രായപ്പെട്ടു. യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ഔഖാഫ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅ്ബി തുടങ്ങിയവരുടെ സാനിധ്യത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഫോറം ഫോര്‍ പീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി മുസ്‌ലിം പണ്ഡിതര്‍, ഗവണ്‍മെന്റ് പ്രതിനിധികള്‍, വ്യത്യസ്ത മത നേതാക്കള്‍ എന്നിവരുള്‍പെടെ 700 പ്രതിനിധികളാണ് മൂന്നുദിവസങ്ങളിലായി അബുദാബിയില്‍ സംബന്ധിച്ചത്. ഇന്ത്യന്‍ പ്രതിനിധിയായി കേരളമുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പങ്കെടുത്തു.

ബഹുസ്വരതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരണമാരംഭിച്ച അര്‍മോണിയ ജേണലിന് ഫോറത്തില്‍ പ്രത്യേക അഭിനന്ദനം ലഭിച്ചു. മുന്‍ യു എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ ഉപദേശകനും ഹാര്‍വാഡ് ജേണല്‍ സ്ഥാപക എഡിറ്ററുമായ ഡോ. റോബര്‍ട്ട് ഫാറൂഖ് ഡി ക്രൈയിനിന്റെ മുഖ്യ പത്രാധിപത്യത്തിലുള്ള ജേണല്‍ നേരത്തെ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനാണ് പ്രകാശനം ചെയ്തത്.
ആശയ സംഘട്ടനത്തിനപ്പുറം വൈവിധ്യത്തിലെ സൗന്ദര്യരം പ്രതിഫലിപ്പിക്കുന്നതാണ് അര്‍മോണിയയെന്ന് പീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സെഷാന്‍ സഫര്‍ അഭിപ്രായപ്പെട്ടു. മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം ഈസ ഉള്‍പെടെയുള്ളവര്‍ക്ക് അര്‍മോണിയ ജേണല്‍ സമ്മാനിച്ചു. പീസ് ഫോറവും മഅ്ദിന്‍ അക്കാദമിയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും ഫോറത്തിന്റെ പ്രവര്‍ത്തനം ഇന്ത്യയിലേക്കു വ്യാപിപ്പിക്കുന്നതിനുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെന്ന് സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങളും സെഷാന്‍ സഫറും അറിയിച്ചു.