Connect with us

Gulf

ഹുബ്ബുറസൂല്‍ സമ്മേളനം: 'കുപ്രചരണങ്ങളില്‍ വഞ്ചിതരാവരുത്'

Published

|

Last Updated

കുവൈത്ത് സിറ്റി: ഈ മാസം എട്ടിന് നടത്താന്‍ തീരുമാനിച്ചിരുന്ന കുവൈത്ത് ഐ സി എഫ് ഹുബ്ബുറസൂല്‍ സമ്മേളന പരിപാടി നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സമ്മേളനം നടത്തുന്നതിന് കുവൈത്ത് അധികൃതരുടെ നിയമാനുസൃത പെര്‍മിഷന്‍ ലഭിച്ചിരുന്നു. എന്നാല്‍, രാജ്യത്തെ സ്വാഭാവികമായ നടപടികളുടെ ഭാഗമായി ഏതു പരിപാടികളും നിര്‍ത്തിവെക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ക്ക് അധികാരമുണ്ടല്ലോ. ആ നിലക്ക് അന്നത്തെ പരിപാടി നടത്തരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചപ്പോള്‍, രാജ്യത്തെ സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള നിര്‍ദേശം മാത്രമാണ് ഇതെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. രാജ്യത്തെ നിയമ വ്യവസ്ഥയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഉത്തരവാദപ്പെട്ട സംഘടന എന്ന നിലയില്‍, അധികൃതരുടെ നിര്‍ദേശം പാലിക്കുകയും പ്രസ്തുത പരിപാടി നിര്‍ത്തിവെക്കുകയുമാണ് ഐ സി എഫ് ചെയ്തത്. മറിച്ചുള്ള പ്രചരണങ്ങളെല്ലാം തികച്ചും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണ്.

കഴിഞ്ഞ നാല് ദശാബ്ദത്തോളമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്കോ അതിന്റെ നേതൃത്വത്തിനോ പ്രവര്‍ത്തനത്തിന് യാതൊരു തടസ്സവും കുവൈത്തില്‍ ഇല്ല. മാത്രമല്ല, നബിദിനം നടത്തുന്നതിന് കുവൈത്തില്‍ നിരോധനമുണ്ടെന്ന രീതിയിലുള്ള പ്രചാരണങ്ങളും തികച്ചും വ്യാജമാണ്. നബിദിനത്തിന് പൊതു ഒഴിവ് നല്‍കുന്ന ഒരു രാജ്യമാണ് കുവൈത്ത്. നബിദിനത്തെ ഔദ്യോഗിക ദിനമായും നബിദിനാഘോഷം ഔദ്യോഗിക പരിപാടിയായും രാജ്യം അംഗീകരിക്കുന്നു എന്നാണല്ലോ ഇതില്‍ നിന്നു മനസ്സിലാക്കാനാവുക. കൂടാതെ, കാലങ്ങളായി റബീഉല്‍ അവ്വല്‍ മാസത്തില്‍ കുവൈത്തില്‍ അറബികളും അനറബികളുമായ അനേകായിരങ്ങള്‍, ദേശ, ഭാഷാ വ്യത്യാസമില്ലാതെ വളരെ വിപുലമായ രീതിയില്‍ തന്നെ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചു വരുന്നത് പ്രസിദ്ധമാണ്. എന്നിട്ടും, മതകാര്യ വിദ്യാഭ്യാസ വകുപ്പുകള്‍ നബിദിനത്തിന് എതിരാണെന്ന തികച്ചും വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സ്വയം പരിഹാസ്യരാവുകയാണ് ചിലര്‍.
പരിപാടി നടത്തുന്നതിന് നേരത്തെ തീരുമാനിച്ച സ്ഥലം നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂളായിരുന്നു. എന്നാല്‍ അവിടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടതിനാല്‍ പരിപാടി നടത്താന്‍ ആവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പരിപാടി മറീന ഹാളിലേക്കു മാറ്റിയത്. അല്ലാതെ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യാതൊരു ഇടപെടലും ഇതില്‍ ഉണ്ടായിട്ടില്ല.

ജീവ സന്ധാരണത്തിന് പ്രവാസികളായി ജീവിക്കേണ്ടി വരുന്ന രാജ്യങ്ങളിലെ നിയമ വ്യവസ്ഥകളെ ആദരിക്കുയും നിര്‍ദേശങ്ങളെയും നിയന്ത്രണങ്ങളെയും അംഗീകരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ കുവൈത്ത് ഐ സി എഫ് ആ ബാധ്യത നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും ഇത്തരം കുപ്രചരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും ഐ സി എഫ് കുവൈത്ത് നാഷ്‌നല്‍ കമ്മറ്റി പത്ര കുറിപ്പില്‍ അറിയിച്ചു.

Latest