ദുബൈയിലെ ആദ്യ സൗരോര്‍ജ പൗള്‍ട്രി ഫാമുമായി ദിവ

Posted on: December 13, 2017 8:20 pm | Last updated: December 20, 2017 at 10:48 pm

ദുബൈ: യു എ ഇയിലെ ആദ്യസൗരോര്‍ജ പൗള്‍ട്രി ഫാമിന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി തുടക്കംകുറിച്ചു. എമിറേറ്റ്‌സ് മോഡേണ്‍ പൗള്‍ട്രി കമ്പനിയുടെ ഭക്ഷ്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഊര്‍ജത്തിനായാണ് സോളാര്‍ പദ്ധതി. ദുബൈ അല്‍ മര്‍മൂമില്‍ ഒരുക്കിയിട്ടുള്ള സോളാര്‍ പദ്ധതി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു.
സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് കെട്ടിടങ്ങള്‍ക്കും വിവിധ പദ്ധതികള്‍ക്കും ഉപയോഗിക്കുന്നതിനും ദിവയുടെ സംഭരണ ശൃഖലയില്‍ അധികം വരുന്ന ഊര്‍ജം ശേഖരിക്കുന്നതിനും ഏര്‍പെടുത്തിയ ദുബൈ അല്‍ ശംസ് പദ്ധതിയുടെ ഭാഗമായാണ് സൗരോര്‍ജ പദ്ധതി ആരംഭിച്ചത്.

കാര്‍ബണ്‍ പ്രസരണം കുറച്ചു പരിസ്ഥിതി സൗഹൃദമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എമിറേറ്റ്‌സ് മോഡേണ്‍ പൗള്‍ട്രി അധികൃതര്‍ നടത്തുന്ന ശ്രമങ്ങളെ അല്‍ തായര്‍ പ്രശംസിച്ചു.
അല്‍ ശംസ് പദ്ധതി ആരംഭിച്ചതിന് ശേഷം 529 സൗരോര്‍ജ പദ്ധതികളാണ് ദിവ ആരംഭിച്ചത്. 19.6 മെഗാ വാട് പദ്ധതികളാണ് ഇത് വരെയുള്ള കാലയളവില്‍ പണി കഴിപ്പിച്ചത്. 2030 ഓടെ ദുബൈ നഗരത്തിലെ എല്ലാ കെട്ടിടങ്ങള്‍ക്കും സൗരോര്‍ജ പദ്ധതികള്‍ ഏര്‍പെടുത്തുന്ന വിധത്തിലാണ് അല്‍ ശംസ് പദ്ധതി.