ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് വിലക്ക്

Posted on: December 13, 2017 12:58 am | Last updated: December 12, 2017 at 11:21 pm

ന്യൂഡല്‍ഹി: രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ചാനലുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് വിലക്ക്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ചില ചാനലുകള്‍ ഈ സമയത്ത് ഗര്‍ഭനിരോധന ഉറകളുടെ പരസ്യം നിരന്തരം കാണിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് വിലക്ക് കൊണ്ടുവന്നത്.

ഈ സമയത്ത് ടി വി കാണുന്ന കുട്ടികളെ ഇത് ദോഷകരമായി ബാധിക്കുന്നു എന്നാണ് വിലക്കിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇനി മുതല്‍ രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ മാത്രമേ ഇത്തരം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. എയ്ഡ്‌സ് നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന്റ ഭാഗമായി സര്‍ക്കാര്‍ തന്നെ സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുമ്പോഴാണ് ബോളിവുഡ് സിനിമാ നടികളെ വരെ ഉള്‍പ്പെടുത്തിയുള്ള പരസ്യവുമായി രാജ്യത്ത് പല കമ്പനികള്‍ ഇതിന്റെ വ്യാപാരം പൊടിപൊടിക്കുന്നത്.