Connect with us

National

രാജ്യസഭാംഗത്വത്തിന് അയോഗ്യത: ശരദ് യാദവ് ഹൈക്കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: തന്നെ രാജ്യസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദള്‍ യുനൈറ്റഡ് (ജെ ഡി യു) മുന്‍ പ്രസിഡന്റ് ശരദ് യാദവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. രാജ്യസഭാംഗത്വം റദ്ദാക്കുന്നതിന് മുമ്പ് തന്റെ ഭാഗം വിശദീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ അവസരം അനുവദിച്ചില്ലെന്ന് അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഈ മാസം നാലിനാണ് ശരദ് യാദവിനെയും അലി അന്‍വറിനെയും രാജ്യസഭയില്‍ നിന്ന് അയോഗ്യരാക്കിയത്. ജെ ഡി യു പ്രസിഡന്റ് നിതീഷ് കുമാര്‍ കോണ്‍ഗ്രസുമായും ആര്‍ ജെ ഡിയുമായുള്ള മഹാസഖ്യം വിട്ട് എന്‍ ഡി എ മുന്നണിക്കൊപ്പം ചേര്‍ന്നതില്‍ പ്രതിഷേധിച്ച് ജൂലൈയില്‍ പ്രതിപക്ഷത്തൊടൊപ്പം ചേര്‍ന്നതാണ് ശരദ് യാദവിന്റെയും അലി അന്‍വറിന്റെയും അയോഗ്യതയിലേക്ക് നയിച്ചത്. രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ജെ ഡി യു നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ച് ഇരുവരുടെയും അംഗത്വം റദ്ദാക്കുകയായിരുന്നു.
പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ച് ഇരുവരും പാറ്റ്‌നയില്‍ പ്രതിപക്ഷം സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു എന്നതാണ് അയോഗ്യതക്കുള്ള കാരണമായി ജെ ഡി യു നേതൃത്വം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ വര്‍ഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശരദ് യാദവിന് 2022 വരെ അംഗത്വം തുടരാമെന്നിരിക്കെയാണ് നടപടിയുണ്ടായത്. അന്‍വറിന്റെ കാലാവധി അടുത്ത വര്‍ഷം ആദ്യം അവസാനിക്കാനിരിക്കുകയായിരുന്നു. ശരദ് യാദവിന് വേണ്ടി അഭിഭാഷകനായ നിസാം പാഷയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

 

Latest