ബജറ്റ്: മേഖലയുടെ കടിഞ്ഞാണ്‍ ദുബൈ കൈപ്പിടിയിലൊതുക്കും

Posted on: December 12, 2017 9:30 pm | Last updated: December 12, 2017 at 10:15 pm

ദുബൈ: കഴിഞ്ഞ ദിവസം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയ ബജറ്റ് ആഗോള വാണിജ്യ-വ്യവസായ മേഖലയുടെ ഹബ്ബായി മാറാനുള്ള ദുബൈയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരും. 2020 വേള്‍ഡ് എക്‌സ്‌പോ ചരിത്രമാക്കിത്തീര്‍ക്കാന്‍ ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തിനും വിനോദ സഞ്ചാര-സാമൂഹിക മേഖലക്കും ഊന്നല്‍ നല്‍കിയ ബജറ്റിലൂടെ, വാണിജ്യ-നിക്ഷേപ രംഗത്ത് മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്ക, ഏഷ്യാ മേഖലയില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്‌തെടുക്കാവുന്ന നഗരമാക്കി ദുബൈയെ മാറ്റുമെന്ന് തീര്‍ച്ച.

ലോകോത്തര നിലവാരവുമുള്ള ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളവും ജബല്‍ അലി തുറമുഖവും എക്‌സ്‌പോ വേദിയിലേക്ക് രാജ്യത്തെ എല്ലാ ഭാഗങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡുകള്‍, മെട്രോ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍തന്നെ ദുബൈയിലുണ്ട്. കൂടാതെ റൂട്ട് 2020 മെട്രോയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. മേഖലയിലെ ഗതാഗത-ചരക്കു ഗതാഗതവും വ്യാവസായിക-വിനോദസഞ്ചാരവും നിയന്ത്രിക്കുന്നത് ദുബൈയാണ്.

സാമ്പത്തിക മേഖലക്ക് ഏറെ മുന്നേറാനും വാണിജ്യ-അടിസ്ഥാന സൗകര്യ വികസന രംഗത്ത് ദുബൈയുടെ മുഖച്ഛായ മാറുന്നതുമായ വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് എക്‌സ്‌പോയോടനുബന്ധിച്ച് പുരോഗമിക്കുന്നത്. അടുത്ത രണ്ടു വര്‍ഷംകൊണ്ട് പുതിയ വാണിജ്യ-താമസ കേന്ദ്രങ്ങളും കൂടുതല്‍ റോഡുകളും പാലങ്ങളും വന്ന് അടിസ്ഥാന സൗകര്യ വികസന രംഗത്ത് ലോക നഗരങ്ങള്‍ക്കിടയില്‍ ദുബൈ അസൂയാവഹമായ സ്ഥാനം കാഴ്ചവെക്കുമെന്നുറപ്പ്.
എക്‌സ്‌പോയോടനുബന്ധിച്ച് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ട്രിസ്റ്റര്‍ എന്‍ജിനിയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ആദ്യ ടെന്‍ഡര്‍ നേടി അടിസ്ഥാന സൗകര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് വൈദ്യുതി, ജല-ലൈനുകളും ഡ്രൈനേജുകളും നിര്‍മിച്ചിരിക്കുന്നത്. എക്‌സ്‌പോ വില്ലേജ് എന്ന ബൃഹത് പദ്ധതിയും നിര്‍മാണം നടക്കുന്നു. എക്‌സ്‌പോയില്‍ സംബന്ധിക്കാനെത്തുന്നവര്‍ക്കുള്ള താമസ-പാര്‍പ്പിട സൗകര്യമാണ് എക്‌സ്‌പോ വില്ലേജിലുണ്ടാവുക.
അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തികള്‍ക്കുള്ള രണ്ടാംഘട്ട ടെന്‍ഡറില്‍ എക്‌സ്‌പോ സൈറ്റിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളുടെ നിര്‍മാണമാണ് ഉള്‍പെടുത്തിയിരിക്കുന്നത്. മൂന്നാംഘട്ട ടെന്‍ഡറിലാണ് ഉപരിതല-റോഡ് ശൃംഖലകള്‍ നിര്‍മിക്കുക. തുടര്‍ന്നുള്ള കരാറുകളില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബ്ബിംഗ് കാര്യങ്ങളും എലവേറ്ററുകളുടെയും എസ്‌കലേറ്ററുകളുടേയും നിര്‍മാണം തുടങ്ങിയവയാണ് ഉള്‍പെടുത്തിയിരിക്കുന്നത്. കോണ്‍കോഴ്‌സുകള്‍, പെര്‍ഫോമന്‍സ് ഏരിയ, ചില്‍ഡ്രന്‍സ് പാര്‍ക്, വെയര്‍ ഹൗസുകള്‍ എന്നിവയുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ 2018 ആദ്യപാതത്തിന്റെ പകുതിയില്‍ നല്‍കും.

എക്‌സ്‌പോ നഗരിയുടേയും വില്ലേജിന്റേയും നിര്‍മാണത്തോടൊപ്പം അനുബന്ധമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തനുണര്‍വ് കൈവന്നിട്ടുണ്ട്. നിര്‍മാണ മേഖല കുതിച്ചുയരുകയാണ്. ഇപ്പോള്‍തന്നെ മുന്നേറുന്ന റിയല്‍ എസ്റ്റേറ്റ് രംഗം കൂടുതല്‍ ഊര്‍ജം പ്രാപിക്കും. വേള്‍ഡ് എക്‌സ്‌പോയുടെ മുന്നൊരുക്കങ്ങളെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്നേറ്റത്തിന് ഇപ്പോള്‍ ദുബൈ സാക്ഷ്യം വഹിക്കുന്നുണ്ട്. ദുബൈയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
എക്സ്പോയുടെ മറ്റൊരു വലിയ ഗുണഭോക്താക്കള്‍ ലോജിസ്റ്റിക് വ്യവസായമാണ്. 2018, 2019 വര്‍ഷങ്ങള്‍ ദുബൈ ലോജിസ്റ്റിക് മേഖലക്ക് കൊയ്ത്തുകാലമാകും. എക്‌സ്‌പോക്ക് ശേഷമുള്ള 2021ഉം ലോജിസ്റ്റിക് മേഖലയില്‍ വിശ്രമമില്ലാത്ത ജോലികളുണ്ടാകും.
എക്‌സ്‌പോയോടനുബന്ധിച്ച് ചില്ലറ വ്യാപാര മേഖലക്ക് ഉണര്‍വേകുന്ന പദ്ധതികള്‍ക്ക് ദുബൈ സാമ്പത്തിക വികസന വകുപ്പ് രൂപംനല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരായ വന്‍കിട, ഇടത്തരം, ചെറുകിട വ്യാപാരികള്‍ക്ക് ഇത് നേട്ടമാകും. ഈ മേഖലയില്‍ നിരവധി തൊഴിലാളികളെ ആവശ്യമായി വരും.

വിദേശനിക്ഷേപകരെ ദുബൈയിലേക്ക് ആകര്‍ഷിച്ചും പുതുസംരംഭങ്ങള്‍ക്കും യുവ സംരംഭകര്‍ക്കും വലിയ പിന്തുണ നല്‍കിയും എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളില്‍ ദുബൈ ബഹുദൂരം മുന്നിലാണ്. ഇതൊക്കെതന്നെയാണ് മേഖലയില്‍ നിന്നുള്ള നിക്ഷേപകരെയും സംരംഭകരേയും ദുബൈയിലേക്ക് ആകര്‍ഷിക്കുന്നത്. സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപം നടത്താനും ലാഭം കൊയ്യാനും ഏറ്റവും അനുയോജ്യമായ നഗരങ്ങള്‍ കണ്ടെത്താന്‍ വേള്‍ഡ് ബേങ്ക് നടത്തിയ പഠനത്തില്‍ യു എ ഇയുടെ വാണിജ്യതലസ്ഥാനമായ ദുബൈക്ക് പ്രഥമസ്ഥാനമാണ് ലഭിച്ചത്.
2021ല്‍ ഐക്യ അറബ് എമിറേറ്റ് സുവര്‍ണ ജൂബിലിയാഘോഷിക്കുമ്പോള്‍ സര്‍വമേഖലയിലും ഒന്നാമതാകാനുള്ള വിഷന്‍ 2021 പദ്ധതി ദുബൈയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിലുമപ്പുറത്തേക്കുയര്‍ന്നിട്ടുണ്ട്.