Connect with us

National

തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊല; ശങ്കറിന്റെ ഭാര്യാപിതാവ് അടക്കം ആറ് പേര്‍ക്ക് വധശിക്ഷ

Published

|

Last Updated

തിരുപ്പൂര്‍: തമിഴ്‌നാട്ടില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് ദലിത് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തില്‍ ആറ് പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊലയാളി സംഘത്തിലെ പ്രധാനി ജഗദീഷ്, മണികണ്ഠന്‍, ശങ്കറിന്റെ ഭാര്യാപിതാവ് എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്.

ദളിത് യുവാവായ വി ശങ്കറാണ് കൊല്ലപ്പെട്ടത്. ശങ്കറിന്റെ ഭാര്യ കൗസല്യയുടെ അമ്മ ഉള്‍പ്പെടെ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. ഉയര്‍ന്ന ജാതിക്കാരിയായ കൗസല്യയെ വിവാഹം ചെയ്തതിന് ശങ്കറിനെ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പട്ടാപ്പകല്‍ ശങ്കറിനെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവാഹത്തെ എതിര്‍ത്ത കൗസല്യയുടെ വീട്ടുകാരാണ് ആക്രമണത്തിനും കൊലക്കും പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് കൗസല്യയുടെ പിതാവ് കീഴടങ്ങുകയായിരുന്നു.

ആക്രമണത്തിനു പിന്നില്‍ തന്റെ കുടുംബാംഗങ്ങളാണെന്നും തങ്ങള്‍ക്കു നേരെ ഇവര്‍ നേരത്തെ തന്നെ ഇവര്‍ ഭീഷണിയുയര്‍ത്തിയിരുന്നുവെന്നും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയവേ കൗസല്യ പോലീസിന് മൊഴി നല്‍കിയിരുന്നു. പഴനിയിലെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കവെയാണ് ശങ്കറും കൗസല്യയും പ്രണയത്തിലായത്. കൗസല്യയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഇരുവരും വിവാഹിതരായി. രാഷ്ട്രീയമായി ഏറെ സ്വാധീനമുള്ള തേവര്‍ കുടുംബാംഗമായ കൗസല്യയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. വിവാഹശേഷം കുമരലിംഗത്തുള്ള ശങ്കറിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

 

Latest