മലേറിയ: ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തല്‍

Posted on: December 12, 2017 6:00 am | Last updated: December 11, 2017 at 10:57 pm

2015ലെ ലോക മലേറിയ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂമുഖത്ത് 214 ദശലക്ഷം പേര്‍ക്ക് മലേറിയ ഉണ്ടാകുകയും 43, 800 പേര്‍ ഇത് മൂലം മരിക്കുകയും ചെയ്തു. പെനിസില്‍വാനിയ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിലെ ഡോ. ബിയാട്രീസ് ഹാന്‍ന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണഫലമനുസരിച്ച് ചിമ്പാന്‍സികളിലും ഗൊറില്ലകളിലും മാത്രം കണ്ടിരുന്ന മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം പരാദങ്ങള്‍ ആള്‍ക്കുരങ്ങിന്റെ ബന്ധുവിഭാഗത്തില്‍ പെട്ട ബോണോബോസ് കുരങ്ങുകളിലും കണ്ടെത്തിയിരിക്കുന്നു.

ലോകത്ത് മലേറിയ പടര്‍ന്നുപിടിച്ച നാള്‍ മുതല്‍ ഇന്നുവരെ ബോണോബോസുകളില്‍ മലേറിയന്‍ പരാദം കണ്ടെത്തിയിരുന്നില്ല. നേച്ചര്‍(കമ്മ്യൂണിക്കേഷന്‍) ജേര്‍ണലിന്റെ 2017 നവംബര്‍ ലക്കത്തില്‍ ഇത് പ്രതിപാദിച്ചിട്ടുണ്ട്.
ചിമ്പാന്‍സി വഴിയാണ് മനുഷ്യനില്‍ മലേറിയയും എയ്ഡ്‌സ് രോഗവും എത്തിയതെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞയാണ് ഡോ. ബിയാട്രീസ് ഹാന്‍. ആഫ്രിക്കയിലെ കോങ്കോ റിപ്പബ്ലിക്കിലെ കോക്ലോപോറി റിസര്‍വ്വ് ഫോറസ്റ്റുകളിലാണ് ബോണോ ബോസ് കുരങ്ങുകളെ ഇപ്പോള്‍ കണ്ടുവരുന്നത്. ഭൂമുഖത്ത് ഇനിയും മലേറിയ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയിലേക്കാണ്് പുതിയ കണ്ടുപിടിത്തം വിരല്‍ ചൂണ്ടുന്നത്.
മധ്യ ആഫ്രിക്കയിലെ വനാന്തരങ്ങളിലൂടെ ഒഴുകുന്ന കോങ്കോ നദിയുടെ തീരങ്ങളിലാണ് ബോണോബോസിന്റെ താവളം. കുരങ്ങിന്റെ കാഷ്ഠ സാമ്പിളുകളില്‍(1556) ഭൂരിപക്ഷത്തില്‍ നിന്നും മലേറിയ പരത്തുന്ന പരാദങ്ങള്‍ കണ്ടെത്തിയത് അത്ഭുതകരമാണ്. 2010ല്‍ ഡോ. ഹാനും സംഘവുമാണ് മലേറിയ മനുഷ്യനില്‍ എത്തിക്കുന്ന പ്ലാസ്‌മോഡിയം ഫാള്‍സിപ്പാരം എന്ന പരാദം ഗറില്ലകള്‍ വഴിയാണ് വരുന്നതെന്ന് സ്ഥിരീകരിച്ച് കണ്ടെത്തിയത്.
ശാസ്ത്രലോകം മലേറിയ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാനുള്ള ഭഗീരഥ പ്രയത്‌നം നടത്തുന്നതിനിടയിലാണ് പുതിയ ജീവിയില്‍ മലേറിയ പരത്തുന്ന പരാദത്തെ കണ്ടെത്തുന്നത്.

ബോണോബോസ് കുരങ്ങുകളില്‍ മലേറിയക്ക് കാരണമാകുന്ന പരാദങ്ങളുടെ കണ്ടെത്തല്‍ ശാസ്ത്ര സമൂഹം ഞെട്ടലോടെയാണ് കാണുന്നത്. ഇത് ലോകത്ത് മലേറിയ സാധ്യത വര്‍ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.