ന്യൂസ്‌വാല്യൂ എന്നത് നിരര്‍ഥകമായ ഒരു പദപ്രയോഗമാണ്

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബി എച്ച് ലോയയുടെ മരണത്തില്‍ സംശയമുന്നയിച്ച് കുടുംബാംഗങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഈ മാസത്തെ തന്നെ ഏറ്റവും വലിയ വാര്‍ത്തയാകേണ്ടിയിരുന്ന ഒരു സംഭവം പക്ഷേ, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ ആയില്ല. രാജ്യത്തെ ഒന്നടങ്കം ഞെട്ടിക്കാന്‍ ശേഷിയുള്ള വിഭവമായിട്ടുപോലും മലയാളം, തമിഴ്, കന്നട ഭാഷകളിലെ പത്രങ്ങളൊഴിച്ച് രാജ്യത്തെ മിക്ക മാധ്യമങ്ങളും ഇക്കാര്യത്തെക്കുറിച്ച് മൗനം പാലിച്ചു. കേന്ദ്ര സര്‍ക്കാറിനും സംഘ്പരിവാര്‍ നേതാക്കള്‍ക്കും ദേശീയ മാധ്യമങ്ങള്‍ എത്രമേല്‍ വിധേയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഈ ഭീകരമായ മൗനം. ലോയ മരണം വാര്‍ത്തയാകാന്‍ മറ്റെന്തൊക്കെയോ മാനദണ്ഡങ്ങള്‍ ഇനിയും അതിനുണ്ടാകേണ്ടിയിരിക്കുന്നു.
Posted on: December 12, 2017 6:15 am | Last updated: December 11, 2017 at 10:54 pm

ഒരു സംഭവം വാര്‍ത്തയാകണമെങ്കില്‍ അതിന് എന്തെല്ലാം യോഗ്യതകള്‍ ഉണ്ടായിരിക്കണം? ഡല്‍ഹിയില്‍ ജേര്‍ണലിസം പഠിക്കുന്ന കാലത്ത,് മലയാള പത്രങ്ങളില്‍ വാര്‍ത്തയായി അച്ചടിച്ചുവരാന്‍ ഒരു സംഭവത്തിന്, ആശയത്തിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതകള്‍ എന്തെല്ലാം എന്നതായിരുന്നു ഗവേഷണവിഷയം. രസകരമായ ആ അന്വേഷണം ചെന്നെത്തിയത് പത്രത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുയോജ്യമാവുക എന്നതുള്‍പ്പെടെയുള്ള പന്ത്രണ്ട് യോഗ്യതകളില്‍ ഏതെങ്കിലും ഒന്നെങ്കിലും ഏറ്റവും ചുരുങ്ങിയത് ഉണ്ടായിരിക്കുക എന്നതിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അമിത് ഷായെയും ബി ജെ പിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഒരു ദേശീയവാര്‍ത്തക്ക് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കിയ ഭയാനകരമായ അവഗണന കണ്ടപ്പോള്‍, ന്യൂസ് വാല്യൂ എന്നത് നിരര്‍ഥകമായ ഒരു പദപ്രയോഗമാണെന്ന് മാധ്യമഗവേഷകനായ ജോഹന്‍ ഗാല്‍ട്ടന്‍ പരഞ്ഞ തമാശയാണ് ഓര്‍മ വന്നത്.

ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ പ്രധാന കുറ്റാരോപിതനായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിധി പ്രസ്താവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് സി ബി ഐ ജഡ്ജി ബി എച്ച് ലോയ 2014 ഡിസംബറില്‍ മരിക്കുന്നത്. പകരം വിധി പ്രസ്താവിച്ച ന്യായാധിപന്‍ അമിത് ഷായെ വെറുതെ വിടുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. മരിച്ച ന്യായാധിപന്റെ കുടുംബാംഗങ്ങള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി Family breaks its silence: Shocking details emerge in death of judge presiding over Sohrabuddint rial എന്ന തലക്കെട്ടില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് കാരവന്‍ മാഗസിന്‍ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ ഒന്നടങ്കം ഞെട്ടിക്കാന്‍ ശേഷിയുള്ള നല്ല വിഭവമായിട്ടുപോലും മലയാളം, തമിഴ്, കന്നട ഭാഷകളിലെ ഏതാനും പത്രങ്ങളൊഴിച്ച് രാജ്യത്തെ മിക്ക മാധ്യമങ്ങളും ഇക്കാര്യത്തെക്കുറിച്ച് മൗനം പാലിച്ചു.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബി എച്ച് ലോയയുടെ മരണത്തില്‍ സംശയങ്ങളുന്നയിച്ച് കുടുംബാംഗങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഈ മാസത്തെ തന്നെ ഏറ്റവും വലിയ വാര്‍ത്തയാകേണ്ടിയിരുന്ന ഒരു സംഭവം പക്ഷേ, ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ ആയില്ല. ഇംഗ്ലീഷ്- ഹിന്ദി ഭാഷകളിലെ പത്രങ്ങളും ചാനലുകളും ഈ വെളിപ്പെടുത്തല്‍ മുക്കിയതിനെക്കുറിച്ച് കാരവന്‍ മാഗസിന്‍ എഡിറ്ററും മലയാളിയുമായ വിനോദ് കെ ജോസ് പറഞ്ഞതിങ്ങനെ: ‘ചുരുക്കം ചില പ്രാദേശിക പത്രങ്ങള്‍ മാത്രമാണ് പ്രമാദമായ ഒരു കൊലപാതകത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വാര്‍ത്ത വന്ന അതേ ദിവസം തന്നെ ഈ കേസില്‍ നേരത്തെ കുറ്റാരോപിതനായ ദേശീയ രാഷ്ട്രീയ പ്രമുഖന്‍ ബംഗ്ലയും തമിഴും മണിപ്പൂരിയും പഠിക്കുന്നു എന്ന വാര്‍ത്തയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള പത്രം മുന്‍പേജില്‍ പ്രസിദ്ധീകരിച്ചത്. ഇതെത്രമാത്രം ലജ്ജാകരമാണ്?’ (ന്യൂസ് ലോന്റ്‌റി)

മരണത്തെക്കുറിച്ച് ലോയ കുടുംബം മുന്നോട്ടുവെച്ച സംശയങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നട്ടെല്ലില്ലാതെ പോയത് എന്തുകൊണ്ടാണ് എന്നത് കേന്ദ്രസര്‍ക്കാര്‍-മാധ്യമ ചങ്ങാത്തം വീക്ഷിക്കുന്ന ഏതൊരു സാധാരണ പൗരനും ബോധ്യമുള്ള കാര്യമാണ്. കാരവന്‍ റിപ്പോര്‍ട്ടര്‍ നിരഞ്ജന്‍ താകറെ കഴിഞ്ഞ ഒരു വര്‍ഷത്തോളം ലോയ കുടുംബവുമായി നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളോടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മരണപ്പെട്ട ന്യായാധിപന്റെ സഹോദരിമാരായ അനുരാധ ബിയാനി, സരിത മന്ദാനെ, പിതാവ് ഹര്‍കിഷന്‍ ലോയ എന്നിവര്‍ അഞ്ച് സംശയങ്ങളാണ് ഉന്നയിച്ചത്.

ലോയ മരണപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും പോലീസ്-രാഷ്ട്രീയ-കോടതി അവിശുദ്ധ ബന്ധങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍. അമിത്ഷായെ കുറ്റവിമുക്തനാക്കാന്‍ വേണ്ടി അന്നത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ മരിച്ച ബി എച്ച് ലോയക്ക് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായും അത് തന്റെ സഹോദരന്‍ നിരസിച്ചതായും ബിയാനി വെളിപ്പെടുത്തുകയുണ്ടായി. അമിത് ഷാക്ക് അനുകൂലമായി വിധി പ്രസ്താവിക്കാനുള്ള ഈ വാഗ്ദാനം നിരസിച്ചതാണ് തന്റെ സഹോദരന്റെ ജീവന്‍ അപകടപ്പെടുത്തിയതെന്നും അവര്‍ വെളിപ്പെടുത്തിയതായി കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മരണം റിപ്പോര്‍ട്ട് ചെയ്ത പോലീസ് രീതി, അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ നല്‍കിയ വിവരങ്ങളിലെ വൈരുധ്യങ്ങള്‍ എന്നിവയെല്ലാം സംശയത്തിന്റെ നിഴലിലാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ തയാറാക്കിയ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ അവഗണിച്ചത് രാജ്യത്തെ മാധ്യമനീതി എത്തി നില്‍ക്കുന്ന ഭയാനകമായ അവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിനും സംഘ്പരിവാര്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ദേശീയ മാധ്യമങ്ങള്‍ എത്രമേല്‍ വിധേയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഈ ഭീകരമായ മൗനം. ബി എച്ച് ലോയ മരണം വാര്‍ത്തയാകാന്‍ മറ്റെന്തൊക്കെയോ മാനദണ്ഡങ്ങള്‍ ഇനിയും അതിനുണ്ടാകേണ്ടിയിരിക്കുന്നു.