വിജയ് മല്യയുടെ വിചാരണ തുടരുന്നു

Posted on: December 11, 2017 8:13 pm | Last updated: December 11, 2017 at 11:22 pm

ലണ്ടന്‍: ഇന്ത്യന്‍ ബേങ്കുകളില്‍നിന്നും വായ്പയെടുത്ത് തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച കേസില്‍ ലണ്ടന്‍ കോടതിയില്‍ വിചാരണ തുടരുന്നു. ഇന്ത്യന്‍ ബേങ്കുകളില്‍നിന്നും വായ്പയെടുത്ത 9,000 കോടി രൂപ തിരിച്ചടക്കാതിരുന്നത് വ്യവസായം തകര്‍ന്നതിനാലാണെന്നും അല്ലാതെ തന്റെ കക്ഷിയോട് സത്യസന്ധതയില്ലായ്മയും വഞ്ചനയും കാണിച്ചില്ലെന്ന് തെളിയിക്കാനായി മല്യയുടെ അഭിഭാഷകയായ ക്ലാര്‍ മോണ്ടഗോമറി രണ്ട് സാക്ഷികളെക്കൂടി ഹാജരാക്കി. കൈമാറ്റക്കേസില്‍ മറുപടി നല്‍കാനായി മല്യയുടെ അഭിഭാഷകര്‍ക്ക് കോടതി കൂടുതല്‍ സമയം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ചയോടെ വിചാരണ അവസാനിക്കുമെന്നാണ് കരുതുന്നത്. മല്യയുടെ ഫോര്‍മുല വണ്‍ റേസിങ് ടീമിന്റെ അക്കൗണ്ട് വിഭാഗത്തിലെ മാര്‍ഗരറ്റ് സ്വീനി, നിയമ വിദഗ്ധന്‍ മാര്‍ട്ടില്‍ ലു എന്നിവരെയാണ് മല്യയുടെ അഭിഭാഷക സാക്ഷികളായി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. വായ്പയുടെ 80 ശതമാനം 2016 ആദ്യത്തില്‍ അടച്ചുതീര്‍ക്കാമെന്ന് തന്റെ കക്ഷി കഴിഞ്ഞ വര്‍ഷം ആദ്യം വാഗ്ദാനം ചെയ്തുവെങ്കിലും സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന ബേങ്കുകളുടെ കണ്‍സോര്‍ഷ്യം ഇത് നിരസിക്കുകയായിരുന്നുവെത്രെ.