Connect with us

National

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്ന് പാക്കിസ്ഥാന്‍. പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് മോദിയുടെ ആരോപണങ്ങള്‍ തള്ളിയത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിര്‍ത്തണമെന്നും പടച്ചുണ്ടാക്കിയ ഗൂഡാലോചനകള്‍ കൊണ്ടല്ല, തന്റെ മാത്രം ശക്തിയില്‍ തിരഞ്ഞെടുപ്പ് ജയിക്കണമെന്നും മുഹമ്മദ് ഫൈസല്‍ ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്തിലെ പലന്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ വരണമെന്ന മുന്‍ പാക് സൈനിക മേധാവി സര്‍ദാര്‍ അര്‍ഷാദ് റഫീഖിന്റെ പ്രസ്താവന സൂചിപ്പിച്ച് കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. പാക്കിസ്ഥാനി നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചന്‍ എന്ന് വിശേഷിപ്പിച്ചതെന്നും മോദി ആരോപിച്ചു.
മണിശങ്കര്‍ അയ്യരുടെ വസതിയില്‍ നടന്ന കൂടിക്കഴ്ച സംബന്ധിച്ച് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍, പാക് മുന്‍ വിദേശകാര്യ മന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരാണ് ആ യോഗത്തില്‍ പങ്കെടുത്തതെന്നും മോദി ചൂണ്ടിക്കാട്ടി.

മൂന്ന് മണിക്കൂറോളമാണ് യോഗം നീണ്ടത്. ഇതിന് തൊട്ടടുത്ത ദിവസമാണ് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചന്‍ എന്ന് വിളിച്ചത്. ഈ വിഷയം അത്യധികം ഗൗരവമുള്ളതാണ്. അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനെ പാക് മുന്‍ സൈനിക മേധാവി പിന്തുണക്കുന്നു. ആ യോഗത്തിന് ശേഷം ഗുജറാത്തിലെ ജനങ്ങളും പിന്നാക്ക സമുദായങ്ങളും പാവപ്പെട്ടവരും താനും അപമാനിക്കപ്പെടുന്നു. ഈ സംഭവങ്ങളിലൊന്നും നിങ്ങള്‍ക്ക് സംശയം തോന്നുന്നില്ലെയെന്നും മോദി റാലിയില്‍ പങ്കെടുത്തവരോടായി ചോദിച്ചു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണെന്നും മോദി പറഞ്ഞു.

---- facebook comment plugin here -----

Latest