അമേരിക്കക്കെതിരെ ആഞ്ഞടിച്ച് അറബ് ലീഗ്; ‘നടന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം’

Posted on: December 11, 2017 9:40 am | Last updated: December 11, 2017 at 11:58 am

കൈറോ: ജറുസലം വിഷയത്തില്‍ അമേരിക്കക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി അറബ് ലീഗ്. ഇന്നലെ നടന്ന അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ കടുത്ത വിമര്‍ശമാണ് അമേരിക്കക്കും ഡൊണാള്‍ഡ് ട്രംപിനും എതിരെ ഉയര്‍ന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ് പുതിയ നടപടിയിലൂടെ അമേരിക്ക ചെയ്തതെന്നും ഇസ്‌റാഈലിന്റെ തലസ്ഥാനമാറ്റത്തിന് നിയമസാധുതയില്ലെന്നും അറബ് ലീഗ് സമ്മേളനം ചൂണ്ടിക്കാണിച്ചു.

പശ്ചിമേഷ്യന്‍ മേഖലയില്‍ പുതിയ പ്രതിസന്ധിക്കും പ്രക്ഷോഭത്തിനും കാരണമാകുന്ന നടപടി അമേരിക്ക പിന്‍വലിക്കണമെന്നും സംഘടനങ്ങള്‍ക്കും കലാപങ്ങള്‍ക്കും മാത്രമെ യു എസ് പ്രഖ്യാപനം ഉപകരിക്കുകയുള്ളൂവെന്നും അറബ് ലീഗ് യോഗം വിലിയിരുത്തി. ജറുസലം വിഷയത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര അറബ് ലീഗ് യോഗത്തിലാണ് നിര്‍ണായകമായ വിമര്‍ശനം അമേരിക്കക്കെതിരെ നടക്കുന്നത്. യു എന്‍ രക്ഷാസമിതിയില്‍ ഒറ്റപ്പെട്ട അമേരിക്കക്ക് അറബ് ലീഗ് നിലപാട് കൂടുതല്‍ തലവേദന സൃഷ്ടിക്കും. സഊദി അറേബ്യയടക്കമുള്ള ജി സി സി രാജ്യങ്ങളോട് നയതന്ത്ര, വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന് അറബ് ലീഗിന്റെ വിമര്‍ശനം തിരിച്ചടിയാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

ജറുസലം വിഷയത്തിലെ ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അറബ് രാജ്യങ്ങള്‍ അമേരിക്കക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ലബനാന്‍ വിദേശകാര്യ മന്ത്രി ജിബ്രാന്‍ ബാസില്‍ വ്യക്തമാക്കി. എന്നാല്‍, അറബ് ലീഗ് പുറത്തുവിട്ട പ്രസ്താവനയില്‍ സാമ്പത്തിക ഉപരോധവുമായി ബന്ധപ്പെട്ട പരാമര്‍ശം നല്‍കിയിട്ടില്ല.