Connect with us

Editorial

സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് സംവിധാനം

Published

|

Last Updated

ജോലിക്ക് വരാതെ റജിസ്റ്ററില്‍ ഒപ്പിടുകയും ലീവില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരെ പിടികൂടാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ വിരലടയാളം രേഖപ്പെടുത്തുന്ന പഞ്ചിംഗ് നിര്‍ബന്ധമാക്കി പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവ് ഇറക്കിയിരിക്കുന്നു. പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ഇനി ശമ്പളം ലഭിക്കൂ. മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തുകയും ചെയ്യും. എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണം. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ എല്ലാവരും ജോലി ചെയ്യാന്‍ വരുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.

നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിംഗ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. സ്പാര്‍ക്കുമായി പഞ്ചിംഗ് ബന്ധപ്പെടുത്താത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ ജീവനക്കാരെ ബാധിക്കാറില്ല. പഞ്ചിംഗ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഈ ഹാജര്‍ ബുക്കിന്റെ അടിസ്ഥാനത്തില്‍ അവധി നിര്‍ണയിക്കുന്നതിനാല്‍ മേലുദ്യോഗസ്ഥനെ സ്വാധീനിച്ചാല്‍ ഒപ്പിടലില്‍ ഇളവും ലഭിക്കാറുണ്ട്. സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് പഞ്ചിംഗ് വരുന്നതോടെ ഈ കളി നടക്കില്ല. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിംഗ് നടപ്പാക്കാന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.
പഞ്ചിംഗ് ഏര്‍പ്പെടുത്തിയതുകൊണ്ട് മാത്രം സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുമോ? നിരുത്തരവാദപരവും ജനങ്ങളെ വട്ടം കറക്കുന്നതുമായ സമീപനമാണ് ജിവനക്കാരില്‍ നല്ലൊരു വിഭാഗത്തിന്റേതും. തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം അവിടെ കൂടി വരികയാണ്. 83,091 ഫയലുകള്‍ തീര്‍പ്പാകാതെ സെക്രട്ടേറിയറ്റില്‍ കിടപ്പുണ്ടെന്നാണ്് പി കെ ശശി എം എല്‍ എയുടെ ചോദ്യത്തിന് ഉത്തരമായി ആഗസ്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതിനിടെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് ജീവനക്കാരെ വിളിച്ചുകൂട്ടി ഫയലുകള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടതിന്റെ അനിവാര്യത തര്യപ്പെടുത്തുകയും ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും കാര്യങ്ങളെല്ലാം പഴയപടി തന്നെ. ഫെബ്രുവരിയില്‍ സുല്‍ത്താന്‍ ബത്തേരി സബ്‌റജിസ്റ്റാര്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യവെ സെക്രട്ടേറിയറ്റ് ജീവനക്കാരെക്കുറിച്ചു മന്ത്രി സുധാകരന്‍ പറഞ്ഞത് ശ്രദ്ധേയമാണ്; “ഉദ്യോഗസ്ഥരുടെ അടുത്തേക്ക് അഒരു ഫയല്‍ വന്നാല്‍ ഒരു വരയാണ്. അവസാനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഒരു വര വരക്കും. ആരും ഒരഭിപ്രായവും എഴുതുകയില്ല.” ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് തങ്ങളുടെ ജോലിയെന്നും അവരുടെ നികുതിപ്പണത്തില്‍ നിന്നാണ് തങ്ങള്‍ക്ക് ശമ്പളം നല്‍കുന്നതെന്നും ഇവര്‍ ഓര്‍ക്കുന്നില്ല. ഫയലുകള്‍ വെച്ചുതാമസിപ്പിക്കുന്നവരെ അവിടെ നിന്ന് മാറ്റി തത്സ്ഥാനത്ത് ആണ്‍കുട്ടികളെ ഇരുത്തുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപ്പായില്ല. ജീവനക്കാരുടെ സംഘടനാ ബലത്തെ മറികടന്നു അത്തരം നടപടികള്‍ സ്വീകരിക്കാന്‍ ഒരു സര്‍ക്കാറിനും സാധിക്കില്ല.

ഫയലുകളുടെ നീക്കം വേഗത്തിലാക്കാന്‍ സര്‍ക്കര്‍ ഇതിനിടെ ലിങ്ക് ഓഫീസര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന കാരണത്താല്‍ ഫയലുകള്‍ മടക്കുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കാന്‍ അവധിയിലുള്ള ഉദ്യോഗസ്ഥന്റെ ചുമതല സമാന തസ്തികയില്‍ ഉള്ള മറ്റൊരാള്‍ക്കു നല്‍കുന്ന സംവിധനമാണിത്. ഇതനുസരിച്ചു അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി എന്നിവരുടെ അഭാവത്തില്‍ അതേ വകുപ്പിലുള്ള മറ്റു ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട വകുപ്പിന്റെ ഉത്തരവാദിത്വം സ്വമേധയാ വന്നുചേരുന്നു. ഇതുവഴി ഫയലുകള്‍ വൈകുന്നതിലുള്ള കാലതാമസം ഒഴിവായിക്കിട്ടും. സെക്ഷന്‍ ഓഫീസര്‍ തലം മുതല്‍ ഈ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. പരിഷ്‌കരണം പക്ഷേ പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഉദ്യോഗസ്ഥരുടെ സഹകരണവും ജോലിയോടുള്ള ആത്മാര്‍ഥതയുമുണ്ടെങ്കിലല്ലേ ഏത് പരിഷ്‌കരണവും നടപ്പാക്കാനാകൂ.
ഫയലുകള്‍ നീങ്ങാത്തതിന് പ്രധാനകാരണം രാഷ്ട്രീയ അതിപ്രസരവും സംഘടനാ പ്രവര്‍ത്തനവുമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ജോലിക്കിടെ സെക്രട്ടേറിയറ്റിലും പരിസരത്തും നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ വരെയുണ്ട്. ഫയല്‍ നീക്കത്തിലെ കാലതാമസം സംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് വിജിലന്‍സ് ഇത് കണ്ടെത്തിയത്. പലപ്പോഴും ഫയല്‍ വൈകുന്നതിന്റെ കാരണം പോലും പരാതിക്കാരനെ അറിയിക്കുന്നില്ലെന്നും ചില ഉദ്യോഗസ്ഥര്‍ മാസങ്ങളാണ് ഫയല്‍ പൂഴ്ത്തിവയ്ക്കുന്നതെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു.

അതേസമയം രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളോ സമ്മര്‍ദങ്ങളോ ഉണ്ടാകുന്ന ഫയലുകളില്‍ പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകുകയും ചെയ്യുന്നു. അല്ലാത്തവ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കും. ബയോമെട്രിക് പഞ്ചിംഗ് സംവിധാനവും ശമ്പളത്തിന് അതിനെ അടിസ്ഥാനമാക്കാനുമുള്ള തീരുമാനത്തോടൊപ്പം ഫയല്‍ നീക്കത്തിന്റെ വേഗത വര്‍ധിപ്പിക്കാനുള്ള നടപടിയും കൈക്കൊള്ളേണ്ടിയിരിക്കുന്നു.