Connect with us

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു;പാപ്പാനടക്കം മൂന്നുപേര്‍ക്ക് പരുക്ക്

Published

|

Last Updated

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനടക്കം മൂന്നുപേര്‍ക്ക് പരുക്ക്. രാവിലെ ശീവേലിക്കിടെ മൂന്ന് ആനകളാണ് ഇടഞ്ഞത്.

രാവിലെ ഏഴുമണിക്ക് ശീവേലിക്കിടെ ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന രതികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നീ ആനകളും ഇടയുകയായിരുന്നു. ശീവേലിയുടെ രണ്ടാമത്തെ പ്രദക്ഷിണത്തിനിടെ അയ്യപ്പ ശ്രീകോവിലിനടുത്തുവച്ചാണ് ആനയിടഞ്ഞത്.
ശ്രീകൃഷ്ണന്റെ പുറത്ത് തിടമ്ബ് ഏറ്റിയിരുന്ന കീഴ്ശാന്തി മേലേടം ശ്രീഹരി നമ്ബൂതിരി നിലത്തുവീണു. എന്നാല്‍ ഇദ്ദേഹത്തിന് കാര്യമായ പരുക്കുകളുണ്ടായില്ല. അനകളെ തളയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പാപ്പാനായ സുഭാഷിന് പരുക്കേറ്റത്. സുഭാഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചുസമയത്തിനകം തന്നെ മൂന്ന് ആനകളെയും തളച്ചു.

ആനയിടഞ്ഞതിനിടെയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട രണ്ട് ഭക്തര്‍ക്കും പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ആയതിനാല്‍ ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും ആനകളിടഞ്ഞയുടന്‍ ഭക്തജനങ്ങളെ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.

Latest