Gulf
ഇന്ത്യയിലെ അഴിമതി വിരുദ്ധ പ്രചാരണത്തിന് അമീറിന്റെ അന്താരാഷ്ട്ര അവാര്‍ഡ്

ദോഹ: അഴിമതിക്കെതിരെ ഖത്വര്‍ അമീര്‍ ശൈഖ് തമീന്‍ ബിന്‍ ഹമദ് അല്‍ താനിയുടെ നാമധേയത്തില്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഇന്ത്യയിലെ അഴിമതി വിരുദ്ധ കാംപയിന്‍ അര്‍ഹമായി. ഐ ആം എഗന്‍സ്റ്റ് ബ്രൈബ് എന്ന ശീര്‍ഷകത്തില്‍ നടന്ന കാംപയിനാണ് ഇന്നവേഷന്‍ വിഭാഗത്തിലുള്ള പുരസ്‌കാരത്തിന് അര്‍ഹമായത്. ഇന്നലെ ജനീവയിലെ യു എന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പ്രതിനിധി ശൈഖ് ജീസിം ബിന്‍ ഹമദ് അല്‍ താനിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ടുണീഷ്യ മുന്‍ പ്രസിഡന്റ് ഡോ. അല്‍ മുന്‍സിഫ് അല്‍ മര്‍സൂഖി, യു എന്‍ പ്രതിനിധികളായി മിഖായേല്‍ മുള്ളര്‍, യൂറി ഫെഡടോവ് തുടങ്ങിയവര്‍ പങ്കെടുത്തു.
അഴിമതിക്കെതിരായ അമീര്‍ അവാര്‍ഡിന്റെ രണ്ടാം പതിപ്പാണ് ഇന്നലെ പ്രഖ്യാപിച്ചത്. ശാസ്ത്ര ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവാര്‍ഡ് ചൈനീസ് പ്രൊഫസര്‍ വാംഗും അമേരിക്കന്‍ പ്രൊഫസര്‍ റൈസും സ്വീകരിച്ചു. യുവാക്കളുടെ ക്രിയാത്മകതക്കുള്ള പുരസ്‌കാരം ഇന്തോനേഷ്യയുടെ സായ പെരിംപുആന്‍ ആന്റി കൊറുപ്‌സിക്ക് (എസ് പി എ കെ) ലഭിച്ചു. അവരുടെ “ഞാന്‍ അഴിമതിക്കെതിരായ സ്ത്രീ” എന്ന കാംപയിനാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം ഇറ്റാലിയയിലെ കൊളംബോ ജെറാര്‍ദോയും ജോര്‍ദാനിയന്‍ പ്രൊഫസര്‍ മൊഹീ അല്‍ ദീനും പങ്കിട്ടു.