Connect with us

Sports

ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു; എതിരാളികള്‍ എഫ് സി ഗോവ

Published

|

Last Updated

ഫറ്റോര്‍ഡ(ഗോവ): മൂന്ന് മത്സരങ്ങളില്‍ മൂന്നിലും സമനിലക്കുരുക്കില്‍ അകപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സും മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവുമായി ടേബിളില്‍ നില മെച്ചപ്പെടുത്തുന്ന എഫ് സി ഗോവയും ഇന്ന് മുഖാമുഖം. ഗോവയുടെ തട്ടകത്തിലാണ് കളി. അതുകൊണ്ടു തന്നെ ബ്ലാസ്‌റ്റേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമല്ല. സീസണില്‍ ഇനിയും ജയമില്ലാതെ തുടരുന്നത് കേരളത്തിന്റെ മഞ്ഞപ്പടക്ക് ഭൂഷണമല്ല. ഇപ്പോള്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. നിലവിലെ ചാമ്പ്യന്‍മാരായ എടികെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം സീസണില്‍ വിജയമില്ലാതെ നില്‍ക്കുന്നത്. മറ്റ് ടീമുകളെല്ലാം ഒരു ജയമെങ്കിലും നേടിയവര്‍.

ഇരു ക്ലബ്ബുകളും തമ്മിലുള്ള ഹെഡ് ടു ഹെഡ് റെക്കോര്‍ഡില്‍ ആറ് തവണ ഏറ്റുമുട്ടിയതില്‍ മൂന്ന് വീതം ജയങ്ങളുമായി ഒപ്പത്തിനൊപ്പമാണ്. നിലവിലെ ഫോമില്‍ എഫ് സി ഗോവക്ക് മുന്‍തൂക്കമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ബെംഗളുരു എഫ് സിയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ആദ്യ മൂന്ന് മത്സരവും സമനിലയില്‍ കലാശിച്ചതില്‍ ആരാധകര്‍ നിരാശരാണ്. എന്നാല്‍, ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മ്യൂളെന്‍സ്‌റ്റെന്‍ ഇതെല്ലാം പോസിറ്റീവായാണ് കാണുന്നത്.
ഓരോ മത്സരം കഴിയും തോറും ടീം പുരോഗമിക്കുകയാണ്. മൂന്നാം മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ ഗോള്‍ ദാരിദ്ര്യം മാറ്റാന്‍ സാധിച്ചത് ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുന്നതിന്റെ സമ്മര്‍ദമൊന്നും കളിക്കാരില്‍ ഇല്ലെന്ന് കോച്ച് പറഞ്ഞു.
മധ്യനിരയില്‍ ദിമിറ്റര്‍ ബെര്‍ബറ്റോവിനെ തുടര്‍ന്നും കളിപ്പിക്കാനാണ് മ്യൂളെന്‍സ്റ്റന്റെ തീരുമാനം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഡിഫന്‍ഡര്‍ വെസ് ബ്രൗണും ഗോവയിലേക്കുള്ള സ്‌ക്വാഡിലുണ്ട്.

എഫ് സി ഗോവയുടെ സ്പാനിഷ് കോച്ച് സെര്‍ജിയോ ലൊബേറ ബ്ലാസ്‌റ്റേഴ്‌സിനെ ഡിഫന്‍സീവ് ടീമായിട്ടാണ് കാണുന്നത്. എന്നാല്‍, പൂര്‍ണമായും പ്രതിരോധ മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ടീമാണെന്ന് അഭിപ്രായമില്ല. ചില താരങ്ങള്‍ അറ്റാക്കിംഗില്‍ മിടുക്ക് കാണിക്കുന്നവരാണ്. മത്സരഗതി മാറ്റിമറിക്കുന്നവര്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടെന്നും സെര്‍ജിയോ പറഞ്ഞു.
കൂടുതല്‍ പന്തുകള്‍ പാസ് ചെയ്തതും കൂടുതല്‍ ഷോട്ടുകള്‍ എടുത്തതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതുമെല്ലാം എഫ് സി ഗോവയാണ്. അതുപോലെ എതിരാളികളുടെ മുന്നേറ്റം തടഞ്ഞതിലും ഗോവന്‍ ടീം ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മുകളിലാണ്. കൗണ്ടര്‍ അറ്റാക്കിംഗില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് മേല്‍ക്കൈയുള്ളത്.

പ്രതിരോധത്തില്‍ ശ്രദ്ധിക്കാതെ ആക്രമിച്ചു കളിക്കുന്നതാണ് ഗോവന്‍ രീതി. അതാണ് എട്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഏഴെണ്ണം വഴങ്ങേണ്ടി വന്നത്. കേരള ടീം ഒരു ഗോള്‍ നേടി ഒരു ഗോള്‍ വഴങ്ങി. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരള ടീമിന്റെ പ്രതിരോധമാണ് കൂടുതല്‍ ബലമുള്ളത് എന്നതാണ്.

Latest