ഗുജറാത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; സൂറത്തില്‍ 70 വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറ്‌

Posted on: December 9, 2017 9:08 am | Last updated: December 9, 2017 at 7:35 pm
SHARE

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ പത്തര വരെ 14 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. സൂറത്തില്‍ 70 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. ഇതില്‍ ചില യന്ത്രങ്ങളുടെ തകരാര്‍ വേഗത്തില്‍ പരിഹരിച്ചു.

ആകെ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലെ 89 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് ഉള്‍പ്പെടുന്ന മേഖലകളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ ആദ്യ ഘട്ടത്തില്‍ 977 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. വിജയ് രൂപാണി രാജ്‌കോട്ടില്‍ വോട്ട് രേഖപ്പെടുത്തി. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തിലാണ് രൂപാനി ജനവിധി തേടുന്നത്. ബിജെപി വെല്ലുവിളികളൊന്നും നേരിടുന്നില്ലെന്നും നൂറ്റിഅന്‍പതിലധികം സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും രൂപാണി പറഞ്ഞു.
സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിലെ 58 സീറ്റില്‍ 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ലഭിച്ചത് 35 സീറ്റും കോണ്‍ഗ്രസിന് 20 സീറ്റും ലഭിച്ചിരുന്നു.

സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിലെ വോട്ട് ഏറെ നിര്‍ണായകമാണ്. ഈ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിയാണ് മിക്കവാറും സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കുക. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ശ്രദ്ധേയമായത് ബി ജെ പി കോണ്‍ഗ്രസ് വാക്‌പോരാണ്. ഇരുപാര്‍ട്ടികളും റാലി നടത്തുന്നതിലും സമ്മേളങ്ങള്‍ നടത്തുന്നതിലും മത്സരിച്ച് മുന്നേറി.

പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് 14 റാലിയെയാണ് അഭിസംബോധന ചെയ്തത്. അതേസമയം രാഹുല്‍ഗാന്ധി സംസ്ഥാനത്ത് ദിവസങ്ങളോളം ചെലവിടുകയും വളരെയധികം സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്. രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here